നാപോളിയിൽ താരം ഫാബിയൻ റൂയിസ് ഇനി പി എസ് ജിയിൽ പന്ത് തട്ടും. ഇരുപത്തഞ്ചു മില്യണോളമാണ് കൈമാറ്റ തുക. അഞ്ച് വർഷത്തെ കരാർ ആണ് സ്പാനിഷ് താരത്തിന് പിഎസ്ജി നൽകുന്നത്. ആറു മില്യണോളം യൂറോ വരുമാന ഇനത്തിൽ ഓരോ വർഷവും പിഎസ്ജി താരത്തിന് നല്കും. ഇതോടെ ടീം സ്പോർട്ടിങ് ഡയറക്റ്റർ ലൂയിസ് കാമ്പോസിന് മധ്യ നിരയിലേക്ക് താൻ ലക്ഷ്യം വെച്ച താരങ്ങളെ എല്ലാം എത്തിക്കാനായി. നേരത്തെ വിടിഞ്ഞ, റെനേറ്റോ സാഞ്ചസ് എന്നിവരെ ടീമിലേക്കെത്തിക്കാൻ പിഎസ്ജിക്കായിരുന്നു.
റയൽ ബെറ്റിസ് താരമായിരുന്ന റൂയിസ് 2018ലാണ് നാപോളിയിലേക്ക് എത്തുന്നത്. ശേഷം ടീമിന്റെ മധ്യ നിരയിൽ നിർണായക താരമായിരുന്നു. റയൽ , ബാഴ്‌സ അടക്കമുള്ള ടീമുകൾ താരത്തെ ടീമിലേക്കെത്തിക്കാൻ മുൻപ് ശ്രമിച്ചിരുന്നു. നാപോളിയുമായുള്ള കരാർ അടുത്ത സീസണോടെ അവസാനിക്കാൻ ഇരിക്കെ അതിന് ശേഷം മാഡ്രിഡിലേക്ക് ചേക്കേറാൻ ആയിരുന്നു താരത്തിന്റെ ലക്ഷ്യം. എന്നാൽ കരാർ പുതുക്കാതെ മുന്നോട്ടു പോവുന്നത് ബുദ്ധിമുട്ടാണെന്ന് നാപോളി അറിയിച്ചതോടെ ടീം വിടാൻ താരം നിർബന്ധിതനായി. ഇതോടെ തന്റെ പ്രഥമ ലക്ഷ്യങ്ങളിൽ ഒരാളായ താരത്തെ പിഎസ്ജിയിലേക്ക് എത്തിക്കാൻ കാമ്പോസിനായി.