മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു താരം കൂടെ സൗദിയിലേക്ക്. അലക്സ് ടെല്ലിന്റെ സൈനിംഗ് പൂർത്തിയാക്കാൻ ഒരുങ്ങുന്ന അൽ നസർ തന്നെയാണ് എറിക് ബയിയെയും സ്വന്തമാക്കുന്നത്. ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. എറിക് ബയിക്ക് ആയി ഫുൾഹാമും രംഗത്ത് ഉണ്ട്.
കഴിഞ്ഞ സീസണിൽ ലോണിൽ ഫ്രഞ്ച് ക്ലബായ മാഴ്സെയിൽ ആയിരുന്നു സെന്റർ ബാക്ക് കളിച്ചിരുന്നത്. എറിക് ബയിയെ വാങ്ങേണ്ട എന്ന് മാഴ്സെ തീരുമാനിച്ചതോടെ താരം മാഞ്ചസ്റ്ററിൽ തിരികെ എത്തിയിരുന്നു. എങ്കിലും ടെൻ ഹാഗിന്റെ ടീമിനൊപ്പം പ്രീസീസൺ താരം പോയില്ല.
2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. അതുകൊണ്ട് തന്നെ ചെറിയ ട്രാൻസ്ഫർ തുക യുണൈറ്റഡിന് ലഭിക്കും. യുണൈറ്റഡിൽ വരാനെക്കും ലിൻഡെലോഫിനും മഗ്വയറിനും ലിസാൻഡ്രോക്കും പിറകിലായത് കൊണ്ടായിരുന്നു എറിക് ബയി ക്ലബ് വിട്ടത്. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.