വെസ്റ്റ് ഹാം അവസാനം ഒരു സൈനിംഗ് പൂർത്തിയാക്കുന്നു. എഡ്‌സൺ അൽവാരസിനെ സ്വന്തമാക്കാനായി വെസ്റ്റ് ഹാം അയാക്സുമായി ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 35 മില്യൺ പൗണ്ട് നൽകിയാകും മെക്സിക്കൻ താരത്തെ മോയ്സിന്റെ ടീം സ്വന്തമാക്കുന്നത്.
25കാരനായ എഡ്സൺ ആൽവാരസ് 2019 മുതൽ അയാക്സിനൊപ്പം ഉണ്ട്. നൂറോളം മത്സരങ്ങൾ ക്ലബിനായി കളിച്ചു. ചെൽസിയും ആൽവാരസിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും വെസ്റ്റ് ഹാം ഈ ട്രാൻസ്ഫർ യുദ്ധത്തിൽ ജയിക്കുകയായിരുന്നു. അഞ്ച് വർഷത്തെ കരാർ താരം വെസ്റ്റ് ഹാമിൽ ഒപ്പുവെക്കും. അൽവാരസ് മെക്സിക്കൻ ദേശീയ ടീമിനായി 68 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഡെക്ലാൻ റൈസ് ആഴ്സണലിൽ ചേർന്നതു മുതൽ വെസ്റ്റ് ഹാം ട്രാൻസ്ഫർ മാർക്കറ്റിൽ പകരക്കാരെ തേടി രംഗത്ത് ഉണ്ട്. എന്നാൽ ഇംഗ്ലീഷ് ലീഗിൽ നിന്ന് താരങ്ങളെ സൈൻ ചെയ്യേണ്ട എന്ന ക്ലബ് ഉടമയുടെ തീരുമാനം കാരണം പുതിയ താരങ്ങളെ എത്തിക്കാൻ ഇതുവരെ വെസ്റ്റ് ഹാം പ്രയസാപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് മോയ്സും ക്ലബ് ഉടമയും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായും റിപ്പോർട്ടുകൾ ഉണ്ട്.