ഡഗ്ലസ് കോസ്റ്റയെ തിരികെയെത്തിച്ച് ബയേൺ മ്യൂണിക്ക്

Jyotish

ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റയെ ടീമിലെത്തിച്ച് ബയേൺ മ്യൂണിക്ക്. ഒരു വർഷത്തെ കരാറിലാണ് ടൂറിനിൽ നിന്നും ബവേറിയയിലേക്ക് ഡഗ്ലസ് കോസ്റ്റ എത്തുന്നത്. 2015 മുതൽ 2017വരെ യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വേണ്ടി കോസ്റ്റ കളിച്ചിരുന്നു. ബയേണിൽ രണ്ട് തവണ ലീഗും ഒരു ജർമ്മൻ കപ്പും ഒരു തവണ ജർമ്മൻ സൂപ്പർ കപ്പും ഡഗ്ലസ് കോസ്റ്റ നേടിയിട്ടുണ്ട്. ഷാക്തറിൽ നിന്നും ബയേണിലെത്തിയ കോസ്റ്റ 77‌മത്സരങ്ങളിൽ നിന്നും 14 ഗോളുകൾ നേടിയിട്ടുണ്ട്.

ഇറ്റലിയിൽ യുവന്റസിനായി 103 കളികളിൽ ബൂട്ടണിഞ്ഞ‌ കോസ്റ്റ 10 ഗോളുകൾ നേടിയതിനൊപ്പം മൂന്ന് തവണ സിരീ എ കിരീടവുമുയർത്തി. ബ്രസീലിയൻ ദേശീയ ടീമിന് വേണ്ടി 31 തവണ കളിക്കുകയും മൂന്ന് തവണ ഗോളടിക്കുകയും ചെയ്തു ഡഗ്ലസ് കോസ്റ്റ. യുവന്റസ് ആരാധകരുടെ പ്രിയ താരം കൂടിയാണ് കോസ്റ്റ. ബയേണിലും സ്ഥിതി വ്യത്യസ്തമല്ല. 30 കാരനായ കോസ്റ്റയുടെ യുവന്റസ് കരിയറിൽ വില്ലനായത് പരിക്കാണ്.