അഞ്ച് വർഷത്തെ കരാറിൽ ഇറ്റാലിയൻ യുവതാരം ഡൊണ്ണരുമ പിഎസ്ജിയിൽ എത്തി. 2026വരെയാണ് പാരീസിൽ ഡൊണ്ണരുമ തുടരുക. ഇറ്റാലിയൻ ദേശീയ ടീമിനൊപ്പം യൂറോ 2020യും ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറെന്ന നേട്ടവും സ്വന്തമാക്കിയാണ് 22കാരനായ താരം പാരീസിൽ എത്തുന്നത്. യൂറോ കപ്പിലെ സെമിയിൽ സ്പെയിനിനെതിരെയും ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. യൂറോ കപ്പിൽ ഈ വർഷം വെറും 4 ഗോളുകൾ മാത്രമാണ് ഡൊണ്ണരുമ്മ വഴങ്ങിയത്.
ഒരു മത്സരത്തിൽ പോലും താരം ഒന്നിൽ കൂടുതൽ ഗോളുകൾ വഴങ്ങുകയും ചെയ്തിരുന്നില്ല. യൂറോ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റിന്റെ താരമാകുന്ന ഗോൾകീപ്പറും ഡൊണ്ണരുമ തന്നെയായിരുന്നു. 2013ൽ എസി മിലാനിലൂടെ കളിയാരംഭിച്ച ഡൊണ്ണരുമ 215സീരി എ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യൂറോ കപ്പിലും ഇറ്റലിയിലും ചരിത്രങ്ങൾ തിരുത്തിക്കുറിച്ച ഡൊണ്ണരുമ ഏറെ പ്രതീക്ഷകളുമയാണ് പിഎസ്ജിയിലെത്തുന്നത്.