ജർമൻ താരം ഡേവിഡ് റോമിനെ ആർബി ലെപ്സിഗ് തങ്ങളുടെ കൂടാരത്തിൽ എത്തിച്ചു. മുപ്പത് മില്യണോളം വരുന്ന കൈമാറ്റ തുകയിലാണ് ലെപ്സിഗ് ഹോഫെൻഹെയിമിൽ നിന്നും താരത്തെ എത്തിച്ചത്. അഞ്ചു വർഷത്തെ കരാർ ആണ് പ്രതിരോധ താരത്തിന് നൽകിയിരിക്കുന്നത്. ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിട്ടുള്ളത് തന്നെ കൂടുമാറ്റത്തെ സ്വാധീനിച്ചു എന്ന് താരം വെളിപ്പെടുത്തി. ഒരു മികച്ച താരമെന്ന നിലയിൽ വളരാനുള്ള സാഹചര്യം ഇവടെ ഉണ്ടെന്നും ക്ലബ്ബിന്റെ ഒഫിഷ്യൽ വെബ് സൈറ്റിൽ നൽകിയ പ്രതികരണത്തിൽ താരം അറിയിച്ചു.
ബുണ്ടസ് ലീഗയുടെ രണ്ടാം ഡിവിഷനിൽ കളിച്ചിരുന്ന താരം അവസാന സീസണിലാണ് ഹോഫെൻഹെയിമിലേക്ക് ചേക്കേറുന്നത്. ആദ്യ സീസണിൽ തന്നെ ടീമിനായി മൂന്ന് ഗോളുകളും പതിമൂന്ന് അസിസ്റ്റുകളും നേടാൻ കഴിഞ്ഞിരുന്നു. ഇതോടെ
ഇരുപത്തിനാലുകാരനായ ജർമൻ താരം വമ്പന്മാരുടെ നോട്ടപ്പുളളി ആയി. ഡോർട്മുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ,വെസ്റ്റ്ഹാം ടീമുകൾ താരത്തിനായി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജൂൺ മാസത്തോടെ വിവിധ ടീമുകൾ ഈ ഇടത് ബാക്കിന് വേണ്ടി ഹോഫെൻഹെയിമിനെ സമീപിച്ചെങ്കിലും ലെപ്സിഗാണ് താരത്തെ നേടിയെടുക്കുന്നതിൽ വിജയിച്ചത്. ജർമനിയുടെ വിവിധ അന്താരാഷ്ട്ര യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം 2021 ൽ സീനിയർ ടീമിനായും അരങ്ങേറി. നിലവിൽ ജർമൻ ദേശിയ ടീമിൽ സ്ഥിരം സാന്നിധ്യമാണ്.