വിയ്യാറയലിന്റെ ആക്രമണ ദ്വയത്തെ ടീമിലേക്ക് എത്തിക്കാനുള്ള എസി മിലാന്റെ ശ്രമങ്ങൾ മുന്നോട്ട്. ഡാഞ്ചുമ, ചുക്വെസെ എന്നിവരെയാണ് ഇറ്റാലിയൻ ടീം ഉന്നമിടുന്നത്. ഇതിൽ ഡാഞ്ചുമക്ക് വേണ്ടിയുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിൽ ആണെന്ന് മറ്റേയോ മോറെറ്റോ റിപ്പോർട്ട് ചെയ്യുന്നു. ലോണിൽ ആണ് താരം മിലാനിൽ എത്തുക. എന്നാൽ സീസണിന്റെ അവസാനം താരത്തെ മിലാൻ സ്വന്തമാക്കാൻ ആണ് വിയ്യാറയൽ ആഗ്രഹിക്കുന്നത്. ഈ കാര്യത്തിൽ ഇനിയും വ്യക്തത വരാൻ ഉണ്ട്. കൂടാതെ അഞ്ചു മില്യണോളം ലോൺ ഫീയും നൽകേണ്ടി വരും. കഴിഞ്ഞ സീസണിൽ ടോട്ടനത്തിലേക്ക് താരം ലോണിൽ പോയിരുന്നെങ്കിലും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല.
അതേ സമയം വിയ്യറയലിന്റെ മറ്റൊരു മുന്നേറ്റ താരം സാമുവൽ ചുക്വെസെക്ക് വേണ്ടിയും മിലാൻ നീക്കം തുടരുകയാണ്. നേരത്തെ 25മില്യൺ യൂറോയുടെ ഓഫർ സ്പാനിഷ് ടീം തള്ളിയിരുന്നു. 35 മില്യൺ യൂറോ ആണ് താരത്തിന് ടീം പ്രതീക്ഷിക്കുന്ന വില. അതേ സമയം ഒരു സീസണിലേക്ക് കൂടിയേ ചുക്വെസെക്ക് കരാർ ബാക്കിയുള്ളൂ എന്നതും ടീം പരിഗണിച്ചേക്കും. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് വിയ്യാറയലിന് വേണ്ടി നൈജീരിയൻ താരം പുറത്തെടുത്തത്. നേരത്തെ മുൻ നിരയിൽ നിക്കോളാസ് ജാക്സാനെ ചെൽസിക്ക് കൈമാറിയ വിയ്യാറയൽ ഇതോടെ മുൻ നിരയിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിൽ ആവും. മുഖ്യ താരമായിരുന്ന പാവോ ടോറസിനെയും അവർക്ക് ഇത്തവണ നഷ്ടമായിരുന്നു. മിലാൻ ആവട്ടെ വീണ്ടും ടീം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ്.
Download the Fanport app now!