ഡച്ച് വേഴ്സറ്റൈൽ താരം ഡേലെ ബ്ലിൻഡ് ഇനി ജിറോണക്കായി കളിക്കും. ലാലിഗ ക്ലബായ ജിറോണയും ബ്ലിൻഡും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അവസാന ആറ് മാസം ബയേണൊപ്പം ഉണ്ടായിരുന്ന ബ്ലിൻഡ് ഫ്രീ ഏജന്റായി ക്ലബ് വിട്ടിരുന്നു. തോമസ് ടൂഷൽ എത്തിയ ശേഷം ബയേണായി ഒരു മത്സരം പോലും ബ്ലിൻഡ് കളിച്ചിരുന്നില്ല.
അയാക്സുമായുള്ള കരാർ അവസാനിപ്പിച്ച ബ്ലിൻഡ് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ബയേൺ മ്യൂണിച്ചിൽ എത്തിയത്. 2023 ജൂൺ വരെയുള്ള കരാർ മാത്രമായിരുന്നു ബ്ലിൻഡിന് ഉണ്ടായിരുന്നത്. 32കാരനായ ബ്ലിൻഡ് ബുണ്ടസ് ലീഗ കിരീടം നേടിയ ആശ്വാസത്തിൽ ആണ് ക്ലബ് വിട്ടത്.
അവസാന നാലു വർഷമായി ബ്ലിൻഡ് അയാക്സിന് ഒപ്പം ആയിരുന്നു. അയാക്സിന്റെ ക്യാപ്റ്റൻ ആം ബാൻഡും താരം അണിഞ്ഞിരുന്നു. രണ്ട് ഘട്ടങ്ങളിലായി അയാക്സിന് ഒപ്പം കളിച്ച താരം 11 കിരീടങ്ങൾ അവിടെ നേടിയിട്ടുണ്ട്. 2014 മുതൽ 2018വരെ ബ്ലിൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പവും ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാലു കിരീടങ്ങളും നേടിയിട്ടുണ്ട്. ഡച്ച് ദേശീയ ടീമിലെയും സ്ഥിരാംഗമായിരുന്നു ബ്ലിൻഡ്.