ബ്രസീലിയൻ താരം മാത്യൂസ് കുന്യ വോൾവ്സിലേക്ക് ചേക്കേറുന്നു. ലോണിലാണ് അത്ലറ്റികോ മാഡ്രിഡ് മുന്നേറ്റ താരം പ്രിമിയർ ലീഗിലേക്ക് എത്തുന്നത്. ഇത് സംബന്ധിച്ച് ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ലോൺ കാലാവധിക്ക് ശേഷം താരത്തെ വോൾവ്സിന് സ്വന്തമാക്കാവുന്ന തരത്തിൽ ആണ് കരാർ. ഇതിനായി ഏകദേശം നാല്പത് മില്യൺ യൂറോക്ക് മുകളിൽ അവർ മുടക്കേണ്ടി വരും. പ്രീമിയർ ലീഗിൽ നിന്ന് തന്നെ മറ്റ് ടീമുകളും താരത്തിന് പിറകിൽ ഉള്ളതായി സൂചനകൾ ഉണ്ടായിരുന്നു.
ഇരുപത്തിമൂന്നുകാരനായ സ്ട്രൈക്കർ കഴിഞ്ഞ വർഷമാണ് അത്ലറ്റികോ മാഡ്രിഡിൽ എത്തുന്നത്. ആദ്യ സീസണിൽ ഏഴു ഗോളുകൾ ടീമിനായി കണ്ടെത്താൻ സാധിച്ചു. എന്നാൽ ഇത്തവണ ടീമിന്റെ മൊത്തം പ്രകടനത്തിനൊപ്പം താരത്തിന്റെയും പ്രകടനം താഴോട്ടായിരുന്നു. സീസണിൽ ഇതുവരെ ഒരു ഗോൾ പോലും കണ്ടെത്താൻ താരത്തിനായില്ല. ഇതോടെയാണ് അടിയന്തരമായി കുൻയ്യയെ വിറ്റൊഴിവാക്കാൻ അത്ലറ്റികോ മുതിർന്നത്. കഴിഞ്ഞ തവണ ഒളിമ്പിക്സ് കിരീടം നേടിയ ബ്രസീലിന് വേണ്ടി ശ്രദ്ധേയമായ പ്രകടനമായിരുന്നു താരം പുറത്തെടുത്തിരുന്നത്. കുയ്യയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വോൾവ്സ് പരിശീലകൻ ലോപറ്റ്യുഗിയും സൂചനകൾ നൽകിയിരുന്നു. താരത്തിന്റെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം കൈമാറ്റത്തിന്റെ ഔദ്യോഗിക അറിയിപ്പുണ്ടാകും.