ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രാൻസ്ഫർ വീണ്ടും വിൻഡോയിൽ ഉന്നം വെക്കുന്ന ചെൽസി ടീമിന് ഭാരമായ താരങ്ങളെ ഒഴിവാക്കുന്നു. ഇതിന്റെ ഭാഗമായി മുന്നേറ്റതാരം പാട്രിക് ഔബമയങിനെ ഫ്രീ ഏജന്റ് ആയി പോകാൻ ടീം അനുവദിച്ചേക്കും എന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. മുപ്പത്തിമൂന്നുകാരന് വേണ്ടി പണം മുടക്കി കൊണ്ട് ടീമുകൾ വന്നേക്കില്ല എന്ന സൂചനയെ തുടർന്നാണ് ഇത്. ബാഴ്‌സയിൽ നിന്നും എത്തിയ ശേഷം തീർത്തും നിറം മങ്ങിയ പ്രകടനമാണ് താരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. പലപ്പോഴും ടീമിൽ പോലും ഇടം പിടിക്കാതിരുന്ന താരത്തിന് ലമ്പാർഡ് ചുമതല ഏറ്റെടുത്ത ശേഷമാണ് വീണ്ടും കളത്തിൽ ഇറങ്ങാൻ അവസരം ലഭിച്ചത്.
അതേ സമയം ഔബമയങ്ങിന് വേണ്ടി ചില ടീമുകൾ കണ്ണ് വെച്ചിട്ടുണ്ടെന്നും ടെലഗ്രാഫ് സൂചന നൽകുന്നുണ്ട്. മുൻ ടീം ആയ ബാഴ്‌സലോണ തന്നെയാണ് ഇതിൽ മുന്നിൽ. സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയിൽ ഔബമയങിനെ തിരിച്ചെത്തിക്കാൻ ബാഴ്‌സക്ക് താൽപ്പര്യമുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഫ്രീ ഏജന്റ് ആയി താരത്തെ എത്തിക്കാം എന്നാണ് അവരുടെ പ്രതീക്ഷ. നേരത്തെ ബാഴ്‌സയിൽ നിന്നും 12 മില്യൺ പൗണ്ടോളം മുടക്കിയാണ് ചെൽസി താരത്തെ ടീമിലേക്ക് എത്തിച്ചത്. അത് കൂടാതെ അത്ലറ്റികോ മാഡ്രിഡ്, എസി മിലാൻ എന്നിവരാണ് മുന്നേറ്റ തരത്തിൽ താല്പര്യമുള്ള മറ്റ് ടീമുകൾ. എന്നാൽ ഇവരും പണം മുടക്കാൻ സന്നദ്ധരല്ല. ഇത് കൂടി തിരിച്ചറിഞ്ഞാണ് ഫ്രീ ഏജന്റ് ആയി ഔബമയങ്ങിന് “വിടുതൽ” നൽകാൻ ചെൽസി തുനിയുന്നത്.