ചെൽസിയുടെ യുവ പ്രതിഭകൾക്ക് വേണ്ടിയുള്ള തിരച്ചിലുകൾ അവസാനിക്കുന്നില്ല. റെന്നെയുടെ ഫ്രഞ്ച് താരം ലെസ്ലെ ഉഗോച്ചുക്വുവിനെയാണ് ഇംഗ്ലീഷ് ടീം അടുത്തതായി ടീമിലേക്ക് എത്തിക്കുന്നത്. താരത്തിന് വേണ്ടി ഇരു ടീമുകളും ധാരണയിൽ എത്തിയെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. 28 മില്യൺ യൂറോയോളമാണ് കൈമാറ്റ തുക. പതിവ് പോലെ താരത്തിനും ദീർഘകാല കരാർ ആവും ചെൽസി ഒരുക്കുന്നത്. അതേ സമയം താരം തുടർന്ന് സീനിയർ ടീമിനൊപ്പം ചേരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ടോഡ് ബോഹ്ലി അടുത്തിടെ ഷെയറുകൾ സ്വന്തമാക്കിയ സ്ട്രാസ്ബോർഗിലേക്ക് താരത്തെ ലോണിൽ അയക്കുന്നതും ചെൽസി പരിഗണിക്കുന്നുണ്ട്. മൊയ്‌സെസ് കയ്സെഡോ കൂടി എത്തിയാൽ പത്തോൻപതുകാരനായ ഉഗോച്ചുക്വുവിന് സീനിയർ ടീമിന്റെ മധ്യ നിരയിൽ അവസരം കണ്ടെത്തുന്നത് വിഷമകരമാകും. അത് കൊണ്ട് തന്നെ അടുത്ത സീസണിൽ താരത്തിനെ ലോണിൽ അയക്കാൻ ആണ് ചെൽസി ശ്രമിക്കുക. ഔദ്യോഗികമായി കരാറിൽ ഒപ്പിട്ട ശേഷമാകും ഈ കാര്യത്തിൽ വ്യക്തത വരിക. റെന്നെയുടെ യൂത്ത് ടീമിലൂടെ വളർന്ന താരത്തെ കമാവിംഗക്ക് ശേഷം ടീം വളർത്തിയെടുത്ത അടുത്ത പ്രതിഭ ആയാണ് വിലയിരുത്തുന്നത്. യൂറോപ്പ ലീഗിൽ അടക്കം ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. ആകെ അറുപതോളം മത്സരങ്ങൾ ടീമിനായി കളത്തിൽ ഇറങ്ങി. ഡിഫെൻസിവ് മിഡ്, സെൻട്രൽ മിഡ്ഫീൽഡ് സ്ഥാനങ്ങളിൽ തിളങ്ങാൻ സാധിക്കും.
Download the Fanport app now!