താരക്കൈമാറ്റത്തിന് നീണ്ട ചർച്ചക്ക് ഒരുങ്ങി ഇന്റർ മിലാനും ചെൽസിയും. ചെൽസി താരം കലിദൂ കൗലിബാലിയേയാണ് ഇന്റർ മിലാൻ ലക്ഷ്യം വെക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സീസണോടെ വലിയ കൊഴിഞ്ഞു പോക്ക് നേരിടുന്ന ഇന്റർ മിലാൻ, പ്രതിരോധത്തിലേക്ക് അനുഭവസമ്പത്തുള്ള താരത്തെ എത്തിക്കാനാണ് ശ്രമിക്കുന്നത്. പ്രീമിയർ ലീഗിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയ സെനഗൽ താരത്തിനും സീരി എയിലേക്ക് മടങ്ങി വരാൻ താല്പര്യമുള്ളതായി സൂചനയുണ്ട്. കരാർ അവസാനിച്ച് സ്ക്രിനിയർ അടക്കം ഇന്റർ മിലാൻ വിടും.
ഇതിനു പുറമെ ലാസിയോയിൽ നിന്നും ലോണിൽ എത്തിയ അസെർബിയും മടങ്ങി പോകും. ഇത് ഇന്റർ പ്രതിരോധത്തിൽ വലിയൊരു വിടവ് തന്നെ സൃഷ്ടിക്കും. കൂടാതെ ട്രാൻസ്ഫർ തുക ഇറക്കുന്നതിലും ടീമിന് ഇത്തവണ വലിയ നിയന്ത്രണങ്ങൾ ഉണ്ട്. ചെൽസിയുമായുള്ള ചർച്ചകളിൽ ലുക്കാകുവിന്റെ പേരും കടന്ന് വരും. ലോണിൽ എത്തിയ താരത്തെ ഉയർന്ന തുക നൽകാതെ ചെൽസി വിട്ടു നൽകാൻ തയ്യാറായേക്കില്ല. എന്നാൽ അതിന് നിലവിലെ സാഹചര്യത്തിൽ ഇന്ററിന് നിവർത്തിയും ഇല്ല. ഈ ചർച്ചകളോടെ ബെൽജിയം താരത്തിന്റെ ഭാവി വ്യക്തമാവും. സൗദിയിൽ നിന്നുള്ള ഓഫറുകൾ താരത്തെ കാത്തിരിക്കുന്നുണ്ട്. എന്നാൽ ചെൽസി – ഇന്റർ ചർച്ചകൾക്ക് ശേഷം മാത്രമേ താരം അവസാന തീരുമാനം എടുക്കൂ. പ്രതിരോധ താരം ചാലോബയാണ് ടീമുകളിൽ തമ്മിലുള്ള ചർച്ചയിൽ പെടുന്ന മറ്റൊരു താരമെന്ന് റൊമാനോ സൂചിപ്പിക്കുന്നു. താരത്തെ എത്തിക്കാൻ ഇന്ററിന് താല്പര്യമുണ്ട്. സീസണിൽ അപാരമായ ഫോമിൽ കളിച്ച ആന്ദ്രേ ഒനാനക്ക് വേണ്ടി ചെൽസി കാര്യമായി തന്നെ ശ്രമിച്ചേക്കും. നാൽപത് മില്യൺ യൂറോയോളമാണ് താരത്തിന്റെ വില. ഉദ്ദേശിച്ച തുക ലഭിച്ചാൽ താരത്തെ ഇന്ററും വിട്ടു കൊടുത്തേക്കും എന്നാണ് സൂചന.
Download the Fanport app now!