എവർട്ടൻ യുവ താരം റോസ് ബാർക്ലി ചെൽസിയിൽ. 15 മില്യൺ പൗണ്ടിനാണ് ചെൽസി താരത്തെ സ്വന്തമാക്കിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായ ബാർക്ലി 2010 മുതൽ എവർട്ടൻ താരമാണ്. 2013 മുതൽ ഇംഗ്ലണ്ട് സീനിയർ ടീമിലും അംഗമാണ് 24 കാരനായ റോസ് ബാർക്ലി. ടോട്ടൻഹാമും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും ചെൽസി താരത്തെ സ്വന്തമാകുകയായിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ചെൽസി ശ്രമം നടത്തിയിരുന്നെങ്കിലും താരം ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം മാത്രമേ ട്രാൻസ്ഫറിന് തയ്യാറുള്ളൂ എന്ന് തീരുമാനിച്ചു അവസാന നിമിഷം ചെൽസിയുടെ ഓഫർ പിൻവലിക്കുകയായിരുന്നു. അന്ന് താരത്തിന് 35 മില്യൺ വാഗ്ദാനം ചെയ്ത ചെൽസി പക്ഷെ ഇത്തവണ ജൂണിൽ എവർട്ടനുമായുള്ള കരാർ തീരുന്ന ബാർക്ലിക്ക് 15 മില്യൺ കരാർ ഉറപ്പിക്കുകയായിരുന്നു.
ചെറിയ പ്രായത്തിൽ തന്നെ എവർട്ടൻ ആദ്യ ഇലവനിലും ഇംഗ്ലണ്ട് ദേശീയ ടീമിലും കളിച്ച റോസ് ബാർക്ലി മധ്യനിരയിൽ കളി മെനയാനും ഗോളുകൾ കണ്ടെത്താനും ഒരേ പോലെ മിടുക്കനാണ്. പല പരിശീലകരും താരത്തെ മുൻ ചെൽസി താരം മൈക്കൽ ബലാക്കിന്റെ ശൈലിയോട് ഉപമിച്ചിട്ടുണ്ട്. ചെൽസി മുൻ ടെക്‌നിക്കൽ ഡയറക്റ്റർ മൈക്കൽ എമേനാലോ ബാർക്ലിയെ സ്‌പെഷ്യൽ ടാലന്റ് ആയിട്ടാണ് വിലയിരുത്തിയിരുന്നത്. ഈഡൻ ഹസാർഡ്, ഡു ബ്രെയ്‌നെ, അടക്കമുള്ളവരെ ചെൽസിയിൽ എത്തിച്ച എമേനാലോയുടെ നിർദേശം തള്ളാൻ ചെൽസികാവില്ല. സമീപ കാലത്ത് ചെൽസിയിൽ 3-5-2 ശൈലി പരീക്ഷിക്കുന്ന കൊണ്ടേക്ക് പുതിയ മധ്യനിര താരം വരുന്നത് ആശ്വാസമാവും. ഈ മാസം തന്നെ ഈഡൻ ഹസാർഡ്, തിബോ കോർട്ടോ എന്നിവർക്ക് പുതിയ കരാറും ചെൽസി നൽകിയേക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial