അവസാന സീസണിൽ ലോണിൽ സതാംപ്ടണിന്റെ ജേഴ്സിയിൽ തിളങ്ങിയ ചെൽസി താരം അർമന്റോ ബ്രോയ വെസ്റ്റ്ഹാമിലേക്ക് ചേക്കേറാനുള്ള നീക്കത്തിലാണ്. വെസ്റ്റ്ഹാം ചെൽസിക്ക് മുന്നിൽ തങ്ങാളുടെ ഓഫർ സമർപ്പിച്ചു. മുപ്പത് മില്യണിന്റെ ഓഫർ ആണ് ബ്രോയക്ക് വേണ്ടി നൽകിയിരിക്കുന്നത്. ചെൽസി മാനേജർ തോമസ് ടൂഷലിന്റെ കൂടി അഭിപ്രായം ആരാഞ്ഞാകും ചെൽസി അടുത്ത തീരുമാനങ്ങൾ എടുക്കുക എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ടീമുകൾ ചർച്ചയുടെ അവസാന ഘട്ടത്തിലാണ്. കൂടുമാറ്റത്തിന് വേണ്ടി താരവും ടീമിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
2020ലാണ് അൽബെനിയൻ താരം ചെൽസിയിൽ എത്തുന്നത്. ശേഷം രണ്ടു സീസണുകളിലായി താരത്തെ ഡച്ച് ടീമായ വിട്ടെസ്സെ, സതാംപ്ടൻ എന്നിവർക്ക് വേണ്ടി ചെൽസി ലോണിൽ അയച്ചു. ഇരുപതുകാരൻ ചെൽസിയിൽ തന്നെ തുടർന്നേക്കും എന്ന പ്രതീക്ഷകൾക്ക് വിപരീതമായാണ് താരം ടീം വിടാനുള്ള ആഗ്രഹം മാനേജ്‌മെന്റിനെ അറിയിക്കുന്നത്.സതാംപ്ടണിലെ പ്രകടനം താരത്തെ ചെൽസി ആരാധകരുടെ ഇഷ്ടത്തിനും പാത്രമാക്കിയിരുന്നു. ബ്രോയയുമായി വെസ്റ്റ്ഹാം വ്യക്തിപരമായ കരാറിൽ എത്തിയിട്ടുണ്ട്. ചെൽസി കൂടി സമ്മതം മൂളുന്നതോടെ കൈമാറ്റം ഉടൻ പൂർത്തിയാക്കാൻ പറ്റുമെന്ന പ്രതീക്ഷയിൽ ആണ് ബ്രോയ.
അന്താരാഷ്ട്ര തലത്തിൽ അൽബേനിയ്ക്ക് വേണ്ടി ബൂട്ടുകെട്ടുന്ന താരം പതിനാല് മത്സരങ്ങൾ ദേശിയ ടീമിന് വേണ്ടി ഇറങ്ങി.