ബ്രസീലിയൻ യുവ പ്രതിഭ വിക്റ്റർ റോക്വെ അടുത്ത സീസണിൽ യൂറോപ്പിൽ തന്നെ പന്തു തട്ടും. ഉടൻ തന്നെ തന്റെ ഭാവി ക്ലബ്ബ് ഏതെന്ന് താരം തീരുമാനിക്കുമെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ടീമായ അത്ലറ്റികോ പരാനയെൻസെയും താരത്തിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. മികച്ചൊരു ഡീലിൽ തന്നെ എത്താൻ സാധിക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. ബാഴ്‌സലോണയിൽ കളിക്കാനുള്ള തന്റെ താൽപ്പര്യം താരം പല തവണ വ്യക്തമാക്കിയിരുന്നു. ബാഴ്‌സയും റോക്വെക്ക് വേണ്ടിയുള്ള നീക്കങ്ങൾ പതിയെ ആരംഭിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ധാരണയിൽ എത്തിച്ചേരാൻ ടീമിന് കഴിയുന്നില്ല. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ യൂറോപ്പിലേക്ക് എത്താനാണ് താരത്തിന്റെ നീക്കമെന്നും റൊമാനോ പറഞ്ഞു.
പ്രീമിയർ ലീഗ് ടീമുകളും താരത്തിന് പിറകെ ഉണ്ട്. ആഴ്‌സനൽ ആണ് നിലവിൽ മുൻപന്തിയിൽ നിൽക്കുന്നത്. അടുത്തിടെ റോക്വെയുടെ പിതാവ് യുറോപ്യൻ പര്യടനത്തിൽ ആഴ്‌സനലുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ ഇവരുമായും ധാരണയിൽ എത്തിയിട്ടില്ല. ഈ അവസരത്തിൽ ചെൽസി അടക്കം മറ്റ് ടീമുകളും താരത്തിന് മുന്നോട്ടു വരുന്നുണ്ടെന്ന് ഫാബ്രിസിയോ റിപ്പോർട്ട് ചെയ്തു. തങ്ങൾക്ക് ഒരുപാട് കാത്തിരിക്കുന്നതിന് തടസങ്ങൾ ഉണ്ടെന്ന് താരത്തിന്റെ പിതാവ് ബാഴ്‌സയെ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലബ്ബിന് വേണ്ടിയും ദേശിയ ജേഴ്‌സിയിലും മികച്ച പ്രകടനം നടത്തുന്ന താരത്തിന് വേണ്ടി ക്ലബ്ബുകൾ പണമെറിഞ്ഞ് വരവേ ബാഴ്‌സയുടെ പിടി അയയാനാണ് സാധ്യത. ഏറ്റവും മികച്ച തുകക്ക് തന്നെ കൈമാറാൻ പരാനയെൻസെയും ഉന്നം വെക്കുമ്പോൾ പ്രീമിയർ ലീഗിൽ തന്നെ ബ്രസീലിയൻ താരത്തെ കണ്ടാലും അത്ഭുതപ്പെടാൻ ഇല്ല.
Download the Fanport app now!