ബെറ്റിസിലേക്ക് മടങ്ങി എത്താൻ ബെല്ലാരിൻ

Nihal Basheer

സ്പാനിഷ് ലീഗിലേക്ക് മടങ്ങി എത്താനുള്ള ഹെക്റ്റർ ബെല്ലാരിന്റെ ശ്രമങ്ങൾ ഫലം കാണുന്നു. മുൻ ടീമായ റയൽ ബെറ്റിസിലേക്ക് തിരിച്ചെത്താൻ ആണ് താരത്തിന്റെ ശ്രമം. സ്‌പോർട്ടിങ്ങുമായി നടത്തിയ ചർച്ചകളിൽ ഏകദേശ ധാരണയിൽ എത്താൻ ബെറ്റിസിനായിട്ടുണ്ട്. സീസൺ അവസാനത്തോടെ ഫ്രീ ട്രാൻസ്ഫർ ആയാവും സ്പാനിഷ് താരം ബെറ്റിസിൽ എത്തുക. നേരത്തെ ആഴ്‌സനലിൽ നിന്നും ലോണടിസ്ഥാനത്തിൽ ബെറ്റിസ് ജേഴ്‌സി അണിഞ്ഞപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിയിരുന്നു.

Hector Bellerin Arsenal 2022 23

നിലവിലെ സീസണിന്റെ തുടക്കത്തിൽ ആഴ്‌സനലിൽ നിന്നും കരാർ റദ്ദാക്കി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനമാണ് ബെല്ലാരിൻ ബാഴ്‌സയിൽ എത്തുന്നത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തത് താരത്തിന് തിരിച്ചടി ആയി. തുടർന്ന് ജനുവരിയിൽ സ്‌പോർട്ടിങ്ങിലേക്ക് ചേക്കേറിയ താരത്തിന് പലപ്പോഴും പരിക്ക് തിരിച്ചടി ആയി. ആഴ്‌സനലിനെതിരായ യൂറോപ്പ മത്സരങ്ങളും പരിക്ക് മൂലം താരത്തിന് നഷ്ടപ്പെട്ടിരുന്നു. മുൻപ് ബെറ്റിസിലെ ലോൺ കാലാവധിയിൽ ടീമിനോടൊപ്പം കോപ്പ ഡെൽ റെയ് കിരീടം ഉയർത്താനും ബെല്ലാരിന് സാധിച്ചിരുന്നു. താരത്തെ തിരിച്ചെത്തിക്കാൻ തന്നെയാണ് ബെറ്റിസിന്റെ ശ്രമം.