ഗോൾ വലക്ക് കീഴിൽ പുതിയ കാവലാളെ തേടുന്ന ബയേൺ മ്യൂണിക്ക്, ബ്രെന്റ്ഫോർഡ് താരം ഡേവിഡ് റയയെ നോട്ടമിട്ടതായി സൂചന. താരത്തിന് വേണ്ടിയുള്ള ചർച്ചകൾ ബയേൺ ആരംഭിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട് ചെയ്യുന്നു. മാനുവൽ ന്യൂയറിന്റെ തിരിച്ചു വരവ് വൈകുമെന്ന് ഉറപ്പായതോടെ മികച്ച പകരക്കാർക്ക് വേണ്ടിയുള്ള തിരച്ചിലിൽ തന്നെയാണ് ജർമൻ ചാമ്പ്യന്മാർ. നേരത്തെ യാസീൻ ബോനോയുമായും ചർച്ച നടത്തിയിരുന്ന ബയേൺ പുതിയ കീപ്പർ സ്ഥാനത്തേക്ക് ലക്ഷ്യം വെച്ചിരിക്കുന്ന താരങ്ങളിൽ ഒരാളാണ് റയ.
ഇത്തവണ ക്ലബ്ബ് വിടാൻ ഉറച്ച ഡേവിഡ് റയക്ക് വേണ്ടി നേരത്തെ ടോട്ടൻഹാമും രംഗത്തു വന്നെങ്കിലും ബ്രെന്റ്ഫോർഡ് ആവശ്യപ്പെടുന്ന നാൽപത് മില്യൺ പൗണ്ട് എന്ന ഉയർന്ന തുക വിലങ്ങു തടിയായി. ഇതോടെ താരവുമായി വ്യക്തിപരമായ കരാറിൽ എത്തിയിട്ടും കൈമാറ്റം പൂർത്തിയാക്കാൻ സാധിച്ചില്ല. ബയേണും ഇതിലും കുറഞ്ഞ തുക മുടക്കാൻ മാത്രമേ തയ്യാറാവുകയുള്ളൂ. റയക്ക് ആവട്ടെ ഒരു സീസണിലേക്ക് കൂടിയേ ബ്രെന്റ്ഫോഡിൽ കരാർ ബാക്കിയുള്ളൂ എന്നതും പരിഗണിക്കേണ്ടതാണ്. അതേ സമയം യാൻ സോമ്മറിന്റെ ഇന്ററിലേക്കുള്ള കൂടുമാറ്റം ഏകദേശം ഉറപ്പായതും മറ്റൊരു കീപ്പർ ആയ ന്യൂബലിനെ സ്റ്റുഗർട്ടിലേക്ക് ലോണിലും അയച്ചതോടെ മികച്ചൊരു താരത്തെ എത്തിക്കാൻ ബയേൺ നിർബന്ധിതരായിരിക്കുകയാണ്. ന്യുയർ തുരിച്ചെത്തുമ്പോൾ വീണ്ടും ബെഞ്ചിലേക്ക് മാറേണ്ടി വരുമെന്നത് കൊണ്ടാണ് മൊണാക്കോയിലെ ലോൺ കാലാവധിക്ക് ശേഷം ന്യൂബൽ വീണ്ടും ലോണിൽ കൂടുമാറുന്നത്.