ചെൽസിയുടെ സ്‌ട്രൈക്കർ മിച്ചി ബാത്ശുവായി ലോൺ അടിസ്ഥാനത്തിൽ ബൊറൂസിയ ഡോർട്ട് മുണ്ടിന് വേണ്ടി കളിക്കും. ഈ സീസൺ അവസാനം വരെയാണ് താരം ജർമ്മൻ ക്ലബ്ബിനായി ബൂട്ട് കെട്ടുക. ഔബമയാങ് ആഴ്സണലിലേക്ക് ചുവട് മാറിയതോടെയാണ് ബെൽജിയൻ ദേശീയ താരമായ ബാത്ശുവായ്ക്ക് ഡോർട്ട്മുണ്ടിലേക്ക് അവസരം ലഭിച്ചത്. അന്റോണിയോ കോണ്ടെയുടെ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെ ലോകകപ്പ് അടുത്ത് നിൽക്കെ കൂടുതൽ അവസരങ്ങൾ താരത്തിന് ജർമ്മനിയിൽ ലഭിച്ചേക്കും.
2016 ഇൽ മാർസെയിൽ നിന്ന് ചെൽസിയിൽ എത്തിയ താരം പക്ഷെ ആദ്യ സീസണിൽ ഡിയാഗോ കോസ്റ്റക്ക് പിറകിലായാണ് ടീമിൽ ഇടം നേടിയത്. പലപ്പോഴും പകരകാരന്റെ സ്ഥാനത്തിറങ്ങി ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും താരത്തിന് പരിശീലകൻ കൊണ്ടേയുടെ വിശ്വാസം ആർജിക്കാനായിരുന്നില്ല. ഈ സീസണിൽ മൊറാത്തയുടെ അഭാവത്തിൽ പോലും താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിക്കാതെ വന്നതോടെ ജനുവരിയിൽ താരം ക്ലബ്ബ് വിടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഏതാനും പ്രീമിയർ ലീഗ് ക്ലബ്ബ്കൾ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ജിറൂദ് ചെൽസിയിലേക്ക് വരാൻ കരാർ ആയതോടെ ഡോർട്ട്മുണ്ട് ഔബമായാങിന് പകരക്കാരനായി ബാത്ശുവായിയെ വേണമെന്ന കരാർ വെക്കുകയായിരുന്നു. ഇതോടെ ആഴ്സണലും ചെൽസിയും നടത്തിയ ചർച്ചകൾക്കൊടുവിൽ ജിറൂദിനെ ആഴ്സണൽ നൽകുകയും ബാത്ശുവായിക്ക് ഡോർട്ട്മുണ്ടിൽ അവസരം ഒരുങ്ങുകയുമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial