ലയണൽ മെസ്സിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് താരവുമായി ബാഴ്‍സലോണ ചർച്ചകൾ നടത്തുന്നു. ബാഴ്‌സലോണ വൈസ് പ്രസിഡന്റ് റഫാ യുസ്തെയാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ലോകത്തെമ്പാടും ഉള്ള ബാഴ്‌സലോണ ആക്കാദമികളുടെ “ബാഴ്‌സ അക്കാദമി ലോകകപ്പു”മായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. “മെസ്സിയുമായി ബന്ധപ്പെട്ടവരുമായി ഞങ്ങൾ ചർച്ച നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്” യൂസ്തെ പറഞ്ഞു. നേരത്തെ മെസ്സിയുടെ തിരിച്ച് വരവിൽ പല അഭ്യൂഹങ്ങളും പുറത്ത് വരുന്നുണെങ്കിലും നേരിട്ട് ചർച്ചകൾ നടത്തുന്നതായി ആദ്യമായാണ് ഒരു ബാഴ്‌സലോണ ഭാരവാഹി വെളിപ്പെടുത്തുന്നത്.
“മെസ്സിയും കുടുംബവും തങ്ങളുടെ ആഗ്രഹം മനസിലാക്കുന്നുണ്ട്, ഈ ചർച്ചകളിൽ ഞാനും പങ്കാളിയാണ്. നിലവിൽ ഈ ചർച്ചകൾ ഒന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെ” യൂസ്തെ സൂചിപ്പിച്ചു. മെസ്സി ഈ ക്ലബ്ബിനെയും നഗരത്തെയും ഇഷ്ടപ്പെടുന്നു എന്നും രണ്ടു മാസത്തിനുള്ളിൽ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ തങ്ങൾക്ക് സാധിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം നിലവിൽ പിഎസ്ജി താരമാണ് എന്നും കൂടുതൽ ആയൊന്നും ഇപ്പോൾ സംസാരിക്കാൻ കഴിയില്ല എന്നും യൂസ്തെ സൂചിപ്പിച്ചു. നെഗ്രിര കേസുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ലപോർടയുടെ വാർത്താ സമ്മേളനം ഏപ്രിലിൽ ഉണ്ടാവും എന്നും യുവേഫക്ക് തങ്ങളെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.