റയൽ മാഡ്രിഡ് മിഡ്ഫീൽഡർ മാർക്കോ അസെൻസിയോയെ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല. ഉനായ് എമെറി ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് താരത്തെ എത്തിക്കാൻ ശ്രമിക്കുന്നത്. റയൽ മാഡ്രിഡിൽ താരം തുടരുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അസെസിയോയുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ കുറച്ചു കാലമായി തുടരുന്നുണ്ട്. റയൽ മാഡ്രിഡ് താരത്തെ നിലനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും താൻ ക്ലബിൽ തുടരുമോ എന്ന് വ്യക്തമല്ല എന്ന് അസെൻസിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റയൽ മാഡ്രിഡ് ഇതിനകം തന്നെ അസെൻസിയോയ്ക്ക് ഒരു ഓഫർ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. താരവുമായി ചർച്ചകൾ നടത്താൻ ക്ലബ് ഒരുങ്ങുകയാണ്. അസെൻസിയോ അവസാന മാസങ്ങളിൽ ടീമിനായി നല്ല സംഭാവനകൾ നടത്തുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം നിർണായക ഗോളുകളും താരം നേടി. എന്നാൽ ആദ്യ ഇലവനിൽ സ്ഥിരമായി അവസരം കിട്ടാത്തത് ആണ് അസെൻസിയോ ക്ലബ് വിടുന്നത് ആലോചിക്കാൻ കാരണം.
ആസ്റ്റൺ വില്ല ഇപ്പോൾ പ്രീമിയർ ലീഗിൽ യൂറോപ്യൻ യോഗ്യതക്ക് ആയി ശ്രമിക്കുകയാണ്. അസെൻസിയോയെ എത്തിക്കാൻ ആയാൽ അവർക്ക് അടുത്ത സീസണിൽ അത് കരുത്താകും.














