മുന്നേറ്റ താരം റൊമേലു ലുക്കാകുവിന് വേണ്ടി ശ്രമം ആരംഭിച്ച് റോമാ. ചെൽസിയുമായി ഇറ്റാലിയൻ ടീം ആദ്യ ഘട്ട ചർച്ചകൾ നടത്തി കഴിഞ്ഞതായി ഡി മാർസിയോ, ഫാബ്രിസിയോ റൊമാനൊ എന്നിവർ റിപ്പോർട്ട് ചെയ്തു. ലോണിൽ താരത്തെ കൊണ്ടു വരാനാണ് റോമായുടെ നീക്കം. ടീമുകളുടെ ഉടമകളും ചർച്ചകളിൽ നേരിട്ട് ഇടപെട്ടതായി റൊമാനോ സൂചിപ്പുക്കുന്നു. ഇതോടെ യുനൈറ്റഡ് കാലഘട്ടത്തിന് ശേഷം ഹോസെ മൗറീഞ്ഞോയുടെ കൂടെ തിരിച്ചെത്താനുള്ള അവസരമാണ് ലുക്കാകുവിന്.
അതേ സമയം താരത്തെ ലോണിൽ എത്തിക്കാനാണ് റോമാ ശ്രമം എങ്കിലും ചെൽസി ലോൺ ഫീ ഇനത്തിൽ ഉയർന്ന തുക തന്നെ ചോദിച്ചേക്കും എന്നാണ് സൂചനകൾ. കൂടാതെ ലുക്കാകുവിന്റെ ഉയർന്ന സാലറിയുടെ വലിയൊരു ഭാഗവും നൽകേണ്ടി വരും. സാമ്പത്തിക പ്രശ്നങ്ങളിൽ ഉള്ള ടീം ഈ കടമ്പ കടക്കാൻ ആവും ആദ്യം ശ്രമിക്കുക. യുവന്റസിലേക്കുള്ള കൈമാറ്റം തകർന്നതോടെ പുതിയ തട്ടകം തേടുകയായിരുന്ന ലുക്കാകുവിന് ഇറ്റാലിയൻ ലീഗിൽ തന്നെ തുടരാൻ റോമയിലേക്കുള്ള കൈമാറ്റം സാധ്യമായാൽ സാധിക്കും. മുന്നേറ്റ താരം സർദർ അസ്മോനെ എത്തിച്ചെങ്കിലും മറ്റൊരു സ്‌ട്രൈക്കറെ കൂടി ടീമിൽ എത്തിക്കുമെന്ന് മൗറീഞ്ഞോ പ്രതികരിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് ലുക്കാകുവിനെയാണ് ഇപ്പോൾ കണ്ടു വെച്ചിരിക്കുന്നത് എന്ന് ഉറപ്പായിരിക്കുകയാണ്.