ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ വർഷം കൈവിട്ട കിരീടത്തിന് ആയി ഒരിക്കൽ കൂടി ശ്രമിക്കാൻ ടീം ശക്തമാക്കാൻ ആഴ്‌സണൽ. മുന്നേറ്റം ശക്തമാക്കാൻ ചെൽസിയുടെ ജർമ്മൻ മുന്നേറ്റനിര താരം കായ് ഹാവർട്‌സിനെ ടീമിൽ എത്തിക്കാൻ ആണ് ആഴ്‌സണൽ നിലവിൽ ശ്രമിക്കുന്നത്. നിലവിൽ താരത്തിന് ആയി ആഴ്‌സണൽ കരാർ മുന്നോട്ട് വച്ചു എന്നാണ് റിപ്പോർട്ട്. നിലവിൽ ചെൽസിയും ആയി 2 വർഷത്തെ കരാർ ബാക്കിയുള്ള താരം എന്നാൽ ചെൽസിയിൽ തുടരാൻ താൽപ്പര്യം കാണിക്കുന്നില്ല.
താരത്തെ നിലനിർത്താൻ ചെൽസിക്കും താൽപ്പര്യം ഇല്ല. താരത്തിന് ആയി 75 മില്യൺ യൂറോ ആണ് ചെൽസി ആവശ്യപ്പെടുന്നത്. എന്നാൽ ഇത്രയും നൽകില്ല എന്ന നിലപാട് ആണ് ആഴ്‌സണലിന്. താരത്തിന് ആഴ്‌സണലിൽ എത്താൻ താൽപ്പര്യം ഉണ്ട് എന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ തന്നെ കൂടുതൽ ചർച്ചകൾ വിലയുടെ കാര്യത്തിൽ ആഴ്‌സണൽ നടത്തും. അതേസമയം താരത്തിന് ആയി വലിയ താൽപ്പര്യം കാണിച്ച റയൽ മാഡ്രിഡ് 50 മില്യണിൽ അധികം നൽകില്ല എന്ന നിലപാട് ആണ് എടുത്തത്.
നിലവിൽ ബയേൺ മ്യൂണികിനും താരത്തിൽ താൽപ്പര്യം ഉണ്ട്. ജർമ്മൻ ക്ലബ് ബയേർ ലെവർകുസനിൽ നിന്നു ചെൽസിയിൽ എത്തിയ ഹാവർട്‌സ് ആയിരുന്നു 2021 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അവർക്ക് ആയി വിജയഗോൾ നേടിയത്. അതേസമയം നിലവിൽ വെസ്റ്റ് ഹാം ക്യാപ്റ്റൻ ഡക്ലൻ റൈസിനെ സ്വന്തമാക്കുക ആണ് ആഴ്‌സണലിന്റെ മുന്നിലുള്ള പ്രഥമ പരിഗണന. ഉടൻ തന്നെ താരത്തിന് ആയി ആഴ്‌സണൽ ക്ലബ് റെക്കോർഡ് ഓഫർ മുന്നോട്ട് വക്കും എന്നാണ് സൂചന.