ആഴ്‌സണൽ യുവതാരം ചാർലി പാറ്റിനോ ലോണിൽ സ്വാൻസിയിൽ, മാർക്വീനോസ് ഫ്രഞ്ച് ക്ലബ്ബിലേക്ക്

Wasim Akram

ആഴ്‌സണൽ യുവ മധ്യനിര താരം ചാർലി പാറ്റിനോ ലോണിൽ വെയിൽസ് ക്ലബ് ആയ ചാമ്പ്യൻഷിപ്പ് ടീം സ്വാൻസി സിറ്റിയിൽ ചേരും. നേരത്തെ 19 കാരനായ താരം സ്ഥിരമായി ടീം വിടും എന്ന വാർത്ത ഉണ്ടായിരുന്നു. എന്നാൽ വലിയ ഭാവി കാണുന്ന താരത്തെ ടീമിൽ നിലനിർത്തി ലോണിൽ വിടാനുള്ള ആഴ്‌സണൽ ശ്രമം വിജയിക്കുക ആയിരുന്നു. 11 മത്തെ വയസ്സിൽ ആഴ്‌സണൽ അക്കാദമിയിൽ ചേർന്ന താരം ലീഗ് കപ്പിലും എഫ്.എ കപ്പിലും പകരക്കാരനായി ആഴ്‌സണലിന് ആയി കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പ് ക്ലബ് ബ്ലാക്ക്പൂളിന് ആയി ലോണിൽ കളിച്ച താരം 37 മത്സരങ്ങളിൽ നിന്നു 3 ഗോളുകൾ നേടിയിരുന്നു.

ആഴ്‌സണൽ

സ്വാൻസി സിറ്റിയിലെ ലോണിന് ശേഷം പാറ്റിനോ ആഴ്‌സണലിൽ തിരിച്ചെത്തും. അതേസമയം മറ്റൊരു യുവതാരം മാർക്വീനോസ് ഫ്രഞ്ച് ലീഗ് 1 ക്ലബ് നാന്റ്സിലേക്ക് ലോണിൽ പോവും. സാവോ പോളോയിൽ നിന്നു 2022 ൽ ആഴ്‌സണലിൽ എത്തിയ ഇപ്പോൾ 20 കാരനായ ബ്രസീൽ വിങർ ചുരുക്കം മത്സരങ്ങളിൽ ആണ് ആഴ്‌സണലിന് ആയി കളിച്ചത്. കഴിഞ്ഞ സീസൺ പകുതിയിൽ ജനുവരിയിൽ താരം ചാമ്പ്യൻഷിപ്പ് ക്ലബ് നോർവിച്ച് സിറ്റിയിൽ ലോണിൽ ആണ് കളിച്ചത്. അവർക്ക് ആയി 11 കളികളിൽ നിന്നു 1 ഗോൾ ആണ് ബ്രസീലിയൻ താരം നേടിയത്. വെറും ഒരു സീസൺ ലോണിൽ ഫ്രഞ്ച് ക്ലബിൽ പോവുന്ന താരം അടുത്ത സീസണിൽ ആഴ്‌സണലിൽ തിരിച്ചെത്തും.