ആരോസിന്റെ മിഡ്ഫീൽഡറെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഇന്ത്യൻ ആരോസിന്റെ താരങ്ങളെ സ്വന്തമാക്കുന്നതിന്റെ തിരക്കിലാണ് ഐ എസ് ലെ ക്ലബുകൾ. ബെംഗളൂരു എഫ് സിക്കും ജംഷദ്പൂർ എഫ് സിക്കും പിന്നാലെ ഒരു ഇന്ത്യൻ ആരോസ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. ഇന്ത്യൻ ആരോസിനായി കഴിഞ്ഞ വർഷം ഐലീഗ് കളിച്ച മധ്യനിര താരം ലാലെങ് മാവിയ ആണ് നോർത്ത് ഈസ്റ്റുമായി കരാർ ഒപ്പുവെച്ചത്‌.

18കാരനായ ലാലെങ്മാവിയ കഴിഞ്ഞ സീസണിൽ ആരോസ് നിരയിൽ സജീവമായിരുന്നു. ഈ കഴിഞ്ഞ ഐലീഗിൽ ആരോസിനായി 11 മത്സരങ്ങൾ ലാലെങ്മാവിയ കളിച്ചിട്ടുണ്ട്. ഒരു ഗോളും താരം നേടി. മുമ്പ് ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ടീമിലും ലാലെങ്മാവിയ ഉണ്ടായിരുന്നു. എ ഐ എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്. ഇന്ത്യൻ അണ്ടർ 17 ടീമിനായി 25ൽ അധികം മത്സരങ്ങൾ താരം കളിച്ചിരുന്നു. ഇപ്പോൾ ഇന്ത്യൻ അണ്ടർ 20 ടീമിന്റെയും ഭാഗമാണ്.