എഎസ് റോമ താരം ജസ്റ്റിൻ ക്ലൈവർട് ടീം വിടുമെന്ന് ഉറപ്പായി. ഇരുപത്തിനാലുകാരനായ താരത്തെ എത്തിക്കാൻ ബേൺമൗത്ത് ആണ് ശ്രമങ്ങൾ നടത്തുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. സീസണിൽ വലൻസിയയിൽ ലോണിൽ കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ റോമയുമായി ഇംഗ്ലീഷ് ടീം നടത്തുന്ന ചർച്ചകൾ നടന്ന് വരികയാണ്. വെസ്റ്റ്ഹാമിൽ നിന്നും സ്കമാക്കയെ എത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ലണ്ടനിൽ എത്തിയ റോമ ഭാരവാഹി പിന്റോ ക്ലൈവർടിന്റെ ട്രാൻസ്ഫർ നീക്കങ്ങൾക്കും ചുക്കാൻ പിടിക്കും.
അടുത്ത സീസണിലും പ്രീമിയർ ലീഗിൽ തന്നെ പന്ത് തട്ടുന്ന ബേൺമൗത്ത് മുന്നേറ്റം ശക്തമാക്കാൻ ആണ് ഡച്ച് താരത്തെ ഉന്നമിടുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഫുൾഹാമും ക്ലൈവർടിനായി ശ്രമിച്ചിരുന്നെങ്കിലും വർക് പെർമിറ്റ് ലഭിച്ചില്ല. ഇതോടെ താരം വലൻസിയയിലേക്ക് ലോണിൽ ചേക്കേറി. 2018 ൽ റോമയിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയതോടെ കഴിഞ്ഞ മൂന്ന് സീസണുകളിലായി ലോണിൽ കളിച്ചു വരികയാണ്. ഇരുപത് മില്യണോളം ആവും 24 കാരന്റെ കൈമാറ്റ തുക എന്നാണ് സൂചനകൾ. വലൻസിയാക്കായി എട്ടു ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിരുന്നു.