ചെൽസി താരം ലോഫ്റ്റസ് ചീക് എസി മിലാനിലേക്ക് അടുക്കുന്നു. കുറച്ചു മാസങ്ങളായി താരത്തിന് പിറകെയുള്ള ടീം, ഇപ്പോൾ താരവുമായുള്ള ചർച്ചകളിൽ വളരെ മുൻപോട്ടു പോയതായി ഫാബ്രിസിയോ റോമാനോയും ഇറ്റാലിയൻ മാധ്യമങ്ങളും സൂചിപ്പിക്കുന്നു. താരത്തിനും ഈ കൂടുമാറ്റത്തിന് പൂർണ സമ്മതമാണ്. ടീമിന്റെ മധ്യനിരക്ക് കരുത്തേകാനുള്ള പുതിയ ട്രാൻസ്‌ഫറുകളിൽ മിലാന്റെ മുഖ്യ പരിഗണന ലോഫ്റ്റസ് ചീകിന് തന്നെ എന്നാണ് സൂചന.
ജനുവരി മുതൽ മിലാൻ ചെൽസി താരത്തിന് പിറകെ ഉണ്ട്. നിലവിൽ 2024 വരെയാണ് ഇരുപതിയെഴുകാരന് ചെൽസിയിൽ കരാർ ഉള്ളത്. ചെൽസിക്കൊപ്പം പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ താരം ഇത്തവണ മുപ്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. മധ്യനിരയിൽ നിർണായ താരമായ ബെന്നാസർ പരിക്കിന്റെ പിടിയിൽ ആയതും ഇംഗ്ലീഷ് താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കാൻ മിലാനെ പ്രേരിപ്പിച്ചു. ശസ്‌ത്രക്രിയക്ക് വിധേയനാകുന്ന ബെന്നാസർ കുറഞ്ഞത് ആറു മാസം കളത്തിന് പുറത്താകും. ഈ വിടവ് ലോഫ്റ്റസ് ചീകിലൂടെ നികത്താൻ ആണ് മിലാന്റെ ശ്രമം.