മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ നീണ്ട കാത്തിരിപ്പിന് അവസാനമാകാൻ പോകുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് യുണൈറ്റഡ്.
അയാക്സിന്റെ യുവതാരം വാൻ ഡെ ബീക് ആകും യുണൈറ്റഡിൽ എത്തുന്നത്. ട്രാൻസ്ഫർ ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആയതിനാൽ വാൻ ഡെ ബീകിനെ ഇന്ന് നടന്ന അയാക്സ് മത്സരത്തിൽ ഉൾപ്പെടുത്തിയില്ല. താരം ക്ലബ് വിടുന്നതാണ് ഇതിന് കാരണം എന്ന് അയാക്സിന്റെ പരിശീലകൻ തന്നെ വ്യക്തമാക്കി.
അയാക്സിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ വാൻ ഡെ ബീകിനായി റയൽ മാഡ്രിഡും ബാഴ്സലോണയും ശ്രമിക്കുന്നുണ്ട്. അവരെ മറികടന്നാണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ പൂർത്തിയാക്കാൻ പോകുന്നത്. അയാക്സിന്റെ അക്കാദമിയിലൂടെ വളർന്ന് വന്ന വാൻ ഡെ ബീക് കഴിഞ്ഞ സീസൺ മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ അയാക്സിന്റെ ഇരട്ട കിരീടത്തിലും ചാമ്പ്യൻസ് ലീഗ് കുതിപ്പിലും വാൻ ഡെ ബീക് പ്രധാന പങ്കുവഹിച്ചിരുന്നു. 17 ഗോളുകളും 13 അസിസ്റ്റും താരം കഴിഞ്ഞ സീസണിൽ അയാക്സിനായി സംഭാവന ചെയ്തിരുന്നു. ഈ സീസണിലും വാൻ ഡെ ബീക് മികച്ച പ്രകടനം അയാക്സിജായി കാഴ്ചവെച്ചു. നൂറോളം മത്സരങ്ങൾ താരം ഇതുവരെ അയാക്സിനായി കളിച്ചു. 23കാരനായ താരത്തിന് വലിയ ഭാവി തന്നെ ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. 45 മില്യണോളമാണ് താരത്തിനായി യുണൈറ്റഡ് വാഗ്ദാനം ചെയ്യുന്നത്.