ഹ്യൂം ഇനി പൂനെ സിറ്റിയിൽ ഇല്ല

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഇയാൻ ഹ്യൂം പൂനെ സിറ്റിയുമായി പിരിഞ്ഞു. താരം ഇനി പൂനെ ക്ലബിൽ തുടരില്ല. സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള പൂനെ സിറ്റി ഇയാൻ ഹ്യൂമിന് ഈ കഴിഞ്ഞ സീസണിൽ ശമ്പളം നൽകിയിരുന്നില്ല. അവസാനം എ ഐ എഫ് എഫ് ഇടപെട്ടായിരുന്നു ഹ്യൂമിന് ശമ്പളം നൽകാൻ വിധിയായത്. ഈ പ്രശ്നങ്ങളൊക്കെയാണ് ഹ്യൂം ക്ലബ് വിടാനുള്ള കാരണം.

കഴിഞ്ഞ സീസണിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സ് വിട്ട് ഹ്യൂം പൂനെയിൽ എത്തിയത്. പരിക്ക് കാരണം സീസൺ തുടക്കത്തിലെ രണ്ടു മാസം പുറത്തിരുന്ന ഹ്യൂം സീസൺ മധ്യത്തിൽ ആയിരുന്നു പൂനെയ്ക്ക് വേണ്ടി കളിച്ച് തുടങ്ങിയത്. 10 മത്സരങ്ങളിൽ പൂനെയ്ക്ക് വേണ്ടി കളിച്ചു എങ്കികും കാര്യമായി ചലനങ്ങൾ സൃഷ്ടിക്കാൻ ഹ്യൂമിനായില്ല.

കേരള ബ്ലാസ്റ്റേഴ്സിനെതിരായി മുമ്പ് അത്ലറ്റിക്കോ കൊൽക്കത്തയുടെ ജേഴ്സിയിലും ഹ്യൂം കളിച്ചിട്ടുണ്ട്. ഇനി എവിടെയാകും ഹ്യൂം കളിക്കുക എന്ന് നിശ്ചയമില്ല. ഐ എസ് എല്ലിൽ 69 മത്സരങ്ങൾ കളിച്ച ഹ്യൂം 29 ഗോളുകൾ നേടിയിട്ടുണ്ട്.

ഹാമസ് റോഡ്രിഗസിനെ റാഞ്ചാനൊരുങ്ങി നാപോളി

റയൽ മാഡ്രിഡ് സൂപ്പർ താരം ഹാമസ് റോഡ്രിഗസിനെ ടീമിലെത്തിക്കാൻ ഒരുങ്ങി ഇറ്റാലിയൻ ടീമായ നാപോളി. സീരി എയിൽ യുവന്റസിനോട് കിടപിടിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നാപോളി പ്രസിഡന്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഈ സീസണിനവസാനമാണ് റയൽ മാഡ്രിഡിൽ ഹാമസ് റോഡ്രിഗസ് തിരിച്ചെത്തിയത്.

നിലവിലെ നാപോളി പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയലിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് കൊളംബിയൻ സൂപ്പർതാരത്തെ എത്തിച്ചത്. ഏറെ വൈകാതെ ആഞ്ചലോട്ടിയെ ബയേണിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ നാപോളിയിൽ സ്ഥാനമേറ്റെടുത്ത ആഞ്ചലോട്ടി ഹാമസ് റോഡ്രിഗസിനെ നേപ്പിൾസിൽ എത്തിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഒരു സീസണിൽ റോഡ്രിഗസിനെ ടീമിലെത്തിക്കാൻ 10 മില്ല്യൺ യൂറോ എങ്കിലും നാപോളി മുടക്കേണ്ടതായി വരും. ഇപ്പോൾ കൊളംബിയക്കൊപ്പം കോപ അമേരിക്കയിൽ ഇറങ്ങിയീരിക്കുകയാണ് റോഡ്രിഗസ്.

അത്ലറ്റികോ താരത്തിനായി റെക്കോർഡ് ട്രാൻസ്ഫർ തുക മുടക്കാനൊരുങ്ങി സിറ്റി

അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിയെ സ്വന്തതമാക്കാനൊരുങ്ങി ലരീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി. താരത്തിന്റെ റിലീസ് ക്ളോസായ 70 മില്യൺ യൂറോ മുടക്കാൻ സിറ്റി തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.

മധ്യനിര താരമായ റോഡ്രിയെ ഫെർണാണ്ടിഞ്ഞോക്ക് പകരക്കാരനായിട്ടാണ് സിറ്റി ടീമിൽ എത്തിക്കുന്നത്. 34 വയസുകാരനായ ഫെർണാണ്ടിഞ്ഞോക്ക് പകരം 22 വയസുകാരനായ റോഡ്രി എത്തുന്നതോടെ ടീം കൂടുതൽ ശക്തമാകും എന്നാണ് ഗാർഡിയോളയുടെ പ്രതീക്ഷ. പക്ഷെ തരത്തിനായി ബയേണിന്റെ ശ്രമങ്ങളും നടക്കുന്നുണ്ട്. എങ്കിലും താരം സിറ്റി തിരഞ്ഞെടുകാനാണ് സാധ്യത.

സ്പാനിഷ് ദേശീയ ടീം അംഗമായ റോഡ്രി 2018 ലാണ് വിയ്യാ റയലിൽ നിന്നാണ് അത്ലറ്റികോ മാഡ്രിഡിൽ എത്തുന്നത്.

പോഗബയ്ക്ക് വേണ്ടി കാശ് വാരിയെറിയാൻ യുവന്റസും റയൽ മാഡ്രിഡും

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് പറഞ്ഞ പോൾ പോഗ്ബയെ റാഞ്ചാൻ വൻ മത്സരമാണ് ട്രാൻസ്ഫർ വിൻഡോയിൽ നടക്കുന്നത്. പോൾ പോഗ്ബയും മുൻ ക്ലബായ യുവന്റസും റയൽ മാഡ്രിഡുമാണ് പോഗ്ബയ്ക്മായി രംഗത്ത് ഉള്ളത്. കഴിഞ്ഞ ദിവസം പോൾ പോഗ്ബ മാഞ്ചസ്റ്റർ ക്ലബ് വിടാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനല്ലാത്ത പോഗ്ബയ്ക്മായി എത്ര കാശും മുടക്കാൻ ആണ് യുവന്റസിന്റെയും റയൽ മാഡ്രിഡിന്റെയും പദ്ധതി.

പോഗ്ബയെ മാഞ്ചസ്റ്ററിൽ തന്നെ നിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന യുണൈറ്റഡ് അഥവാ വിൽക്കുന്നു എങ്കിലും വൻ തുക ആവശ്യപ്പെട്ടേക്കും. മൂന്ന് വർഷം മുമ്പ് റെക്കോർഡ് തുകയ്ക്കാണ് പോഗ്ബ യുണൈറ്റഡ എത്തിയത്. അന്ന് യുവന്റസിൽ നിന്ന് 90 മില്യൺ തുകയ്ക്കായിരുന്നു യുണൈറ്റഡ് പോഗ്ബയെ സ്വന്തമാക്കിയത്. ഇപ്പോൾ യുണൈറ്റഡ് ആവശ്യപ്പെടുന്നത് 150മില്യണോളമാണ്. യുവന്റസാണ് പോഗ്ബയ്ക്കായി മുന്നിൽ ഉള്ളത് എങ്കിലും സിദാന്റെ സാന്നിദ്ധ്യം പോഗ്ബയെ റയലിലേക്ക് എത്തിക്കുമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നു.

കഴിഞ്ഞ സീസണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച ഗോൾ സ്കോററും കൂടുതൽ അസിസ്റ്റ് നൽകിയതും പോഗ്ബ ആയിരുന്നു. എന്നിട്ടും ഒരുപാട് വിമർശനങ്ങൾ പോഗ്ബ ഏറ്റുവാങ്ങി. ഇതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്.

പി എസ് ജിയുടെ റാബിയോ യുവന്റസിലേക്ക് അടുക്കുന്നു

പി എസ് ജി മിഡ്ഫീൽഡറായ റാബിയോ യുവന്റസിലേക്ക് അടുക്കുന്നു. റാബിയോയും യുവന്റസുമായി ഇതിനികം തന്നെ കരാർ ധാരണയായതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ ഏജന്റായ റാബിയോയുടെ പി എസ് ജിയുമായുള്ള കരാർ അവസാനിച്ചിരിക്കുകയാണ്. താരം ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് റാബിയോയെ കഴിഞ്ഞ ഡിസംബർ മുതൽ പി എസ് ജി കളിപ്പിച്ചിട്ടില്ല.

താരത്തിന് 7.5 മില്യൺ പ്രതിവർഷം വേതനം ലഭിക്കുന്ന തരത്തിലുള്ള കരാറാണ് യുവന്റസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫ്രീ ഏജന്റ്സിനെ ടീമിൽ എത്തിക്കുന്നതിൽ എന്നും മികവ് കാട്ടിയിട്ടുള്ള ക്ലബാണ് യുവന്റസ്. ഈ സീസണിൽ തന്നെ ആഴ്സണലിന്റെ റാംസിയെ യുവന്റസ് ഇതുപോലെ സ്വന്തമാക്കിയിരുന്നു. റാബിയോക്ക് പിറകിൽ സ്പാനിഷ് ക്ലബായ ബാഴ്സലോണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും ഉണ്ട്.

അയാക്സിലൂടെ വളർന്ന ഡച്ച് ഡിഫൻഡർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഒരു വൻ സൈനിംഗിന് അടുത്ത് എത്തിയിരിക്കുകയാണ്. ഡച്ച് ഡിഫൻഡറായ കായ് ഹീറിംഗ്സാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് എത്തിയിരിക്കുന്നത്. ഡച്ച് ഒന്നാം ഡിവിഷൻ ക്ലബായ ഫോർച്യൂണ സിറ്റാർഡിന്റെ താരമായിരുന്നു ഹീറിംഗ്സ്. ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജന്റായ താരത്തെ ഇന്ത്യയിൽ എത്തിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

29കാരനായ താരത്തിനു വേണ്ടി ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയും രംഗത്തുണ്ട്. മെൽബൺ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സുമായും ചർച്ച നടക്കുന്നതായി താരത്തിന്റെ ഏജന്റ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരമെത്താൻ ആണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു. 2017 മുതൽ ഫോർച്യൂൺ സിറ്റാർഡിലാണ് ഹീറിങ്സ് കളിക്കുന്നത്. ഇതിനു മുമ്പ് എഫ് സി ഹോംബോർഗിലായിരുന്നു.

സെന്റർ ബാക്കായും റൈറ്റ് ബാക്കായും ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുണ്ട്. അയാക്സിന്റെ യൂത്ത് താരമായി വളർന്ന ഹീറിംഗ്സിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിനെ കരുത്തുറ്റ സ്ക്വാഡാക്കി മാറ്റും.

എമ്പപ്പെയെ ആരു വന്നാലും നൽകില്ലെന്ന് പി എസ് ജി

പി എസ് ജിയുടെ സൂപ്പർ താരം ക്ലബിൽ തുടരുമെന്ന് ഉറപ്പ് പറഞ്ഞ് പി എസ് ജി. ക്ലബ് പ്രസിഡന്റ് നാസർ അൽ ഖിലാഫി ആണ് എമ്പപ്പെയുടെ കാര്യത്തിൽ ഉറപ്പു പറഞ്ഞത്. 200 ശതമാനം എമ്പപ്പെ ടീമിൽ തൂടരും എന്നാണ് നാസർ പറഞ്ഞു. ഇത്രയും മികച്ച താരത്തെ ആരു വന്നാലും വിട്ടു കൊടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നെയ്മറിനെ ആരും നിർബന്ധിച്ച് പി എസ് ജിയിൽ എത്തിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞു.

എമ്പപ്പെയെ സ്വന്തമാക്കാനായി റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ രംഗത്തുണ്ട്. വൻ ഓഫറുകൾ ആണ് എമ്പപ്പയ്ക്കായി റയൽ മാഡ്രിഡ് അണിയറയിൽ ഒരുക്കുന്നത്. പക്ഷെ അതൊന്നു കൊണ്ടും പി എസ് ജി താരത്തെ വിട്ടു തരില്ല. കഴിഞ്ഞ സീസണിൽ പി എസ് ജിയുടെയും ഫ്രഞ്ച് ലീഗിലെയും ടോപ്പ് സ്കോറർ ആയുരുന്നു എമ്പപ്പെ. ക്ലബ് വിടാൻ എമ്പപ്പെ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

“മാഞ്ചസ്റ്റർ വിടുന്നതാണ് ലുകാകുവിന് നല്ലത്”

ഇംഗ്ലീഷ് പ്രീമിയർ ലീഗായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നതാണ് ലുകാകുവിന് നല്ലത് എ‌ന്ന് ബെൽജിയൻ ദേശീയ ടീം പരിശീലകൻ റോബേർട്ടോ മാർടിനെസ്. അവസാന കുറേ കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഫോമിൽ ഇല്ലാത്ത ലുകാകു പക്ഷെ രാജ്യത്തിനായി മികച്ച ഫോമിലാണ്. ഇതാണ് ക്ലബ് വിടണമെന്ന് മാർടിനെസ് പറയാൻ കാരണം. ലുകാകുവിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ലുകാകു ക്ലബ് വിടുന്നതാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞു.

ലുകാകുവിന് മികച്ച ക്ലബുകൾ പെട്ടെൻ‌ കണ്ടെത്താൻ ആകും എന്നും മാർടിനെസ് പറഞ്ഞു. ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലേക്ക് ലുകാലു പോകും എന്ന് സൂചനകൾ ഉണ്ട്. താരം തന്നെ ഇത് സംബന്ധിച്ചുള്ള പ്രസ്ഥാവനകൾ ഇറക്കിയിരുന്നു. അവസാന രണ്ട് സീസണുകളായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് ലുകാകു. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം താരത്തെ യുണൈറ്റഡ് ആരാധകരിൽ നിന്ന് അകറ്റിയിരുന്നു. ഒലെയുടെ ശൈലിക്ക് പറ്റിയതല്ല എന്നതും ലുകാകു ക്ലബ് വിടാനുള്ള കാരണമാകും.

Exit mobile version