എമ്പപ്പെ ഉടൻ റയലിലേക്ക് വരുമെന്ന് വിനീഷ്യസ് ജൂനിയർ

ഫ്രഞ്ച് താരം എമ്പപ്പെയെ സമീപഭാവിയിൽ തന്നെ റയൽ മാഡ്രിഡ് ജേഴ്സിയിൽ കാണാൻ ആകുമെന്ന് റയലിന്റെ യുവതാരം വിനീഷ്യസ് ജൂനിയർ. എമ്പപ്പയുടെ കൂടെ കളിക്കുന്ന എന്നത് വലിയ ആഗ്രഹമാണ് എന്നും ഉടൻ തന്നെ അത് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിനീഷ്യസ് പറഞ്ഞു. താൻ മാത്രമല്ല എല്ലാ റയൽ മാഡ്രിഡ് ആരാധകരും എമ്പപ്പെ വരാൻ ആഗ്രഹിക്കുന്നുണ്ട് വിനീഷ്യ പറഞ്ഞു.

എമ്പപ്പയുമായി നേരിട്ട് ഇതുവർവ് സംസാരിച്ചിട്ടില്ല. എന്നാൽ ഇൻസ്റ്റാഗ്രാമിൽ പരസ്പരം മെസേജുകൾ അയക്കാറുണ്ട്. എമ്പപ്പെ സമീപ ഭാവിയിൽ തന്നെ റയൽ മാഡ്രിഡിൽ എത്തുമെന്ന് തനിക്ക് ഉറപ്പാണ്‌. ആർക്കും അത് തടയാൻ കഴിയില്ല വിനീഷ്യസ് പറഞ്ഞു. ലോകത്തുള്ള എല്ലാ ക്ലബുകളും എമ്പപ്പെ അവർക്കായി കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നും വിനീഷ്യസ് പറഞ്ഞു.

പോഗ്ബയെ ഏറ്റവും കൂടുതൽ കാശ് നൽകുന്നവർക്ക് വിൽക്കാൻ നിർദേശം

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് പറഞ്ഞ പോൾ പോഗ്ബയെ വിൽക്കാൻ പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ സമ്മതം മൂളിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബ ആണ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം എന്നായിരുന്നു ഇതുവരെ സോൾഷ്യാർ പറഞ്ഞിരുന്നത്. ആര് കൂടുതൽ കാശ് നൽകുന്നോ അവർക്ക് പോഗ്ബയെ വിൽക്കാൻ ആണ് പരിശീലകന്റെ നിർദേശം. പോഗ്ബയെ വിറ്റു കിട്ടുന്ന കാശ് പുതിയ താരങ്ങളെ എത്തിക്കാൻ ഉപയോഗിക്കാമെന്ന് സോൾഷ്യാർ കരുതുന്നു.

പോൾ പോഗ്ബയ്ക്കായി മുൻ ക്ലബായ യുവന്റസും റയൽ മാഡ്രിഡുമാണ് പ്രധാനമായി രംഗത്ത് ഉള്ളത്. പോൾ പോഗ്ബ മാഞ്ചസ്റ്റർ ക്ലബ് വിടാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കിയത് മുതൽ ഇരു ക്ലബുകളും താരത്തിനു പിന്നാലെ ഉണ്ട്. മൂന്ന് വർഷം മുമ്പ് റെക്കോർഡ് തുകയ്ക്കാണ് പോഗ്ബ യുണൈറ്റഡ് എത്തിയത്. അന്ന് യുവന്റസിൽ നിന്ന് 90 മില്യൺ തുകയ്ക്കായിരുന്നു യുണൈറ്റഡ് പോഗ്ബയെ സ്വന്തമാക്കിയത്. ഇപ്പോൾ യുണൈറ്റഡ് ആവശ്യപ്പെടുന്നത് 150മില്യണോളമാണ്.

നാപോളിയിലേക്ക് അടുത്ത് ഹാമസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന്റെ കൊളംബിയൻ താരം ഹാമസ് റോഡ്രിഗസ് അവസാനം റയൽ മാഡ്രിഡ് വിടുന്നു. അവസാന രണ്ടു വർഷം ലോണിൽ ബയേൺ മ്യൂണിക്കിനായി കളിച്ച താരം ഈ മാസത്തോടെ ലോൺ കഴിഞ്ഞ് തിരികെ റയൽ മാഡ്രിഡിൽ എത്തിയിരുന്നു. ഇറ്റാലിയൻ ക്ലബായ നാപോളി ആണ് ഹാമസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. അടുത്ത് ദിവസങ്ങളിൽ തന്നെ ഹാമസ് നാപോളിയിൽ എത്തിയേക്കും.

ഏകദേശം 40 മില്യണോളമാണ് ഹാമസിനു വേണ്ടി നാപോളി റയൽ മാഡ്രിഡിന് വാഗ്ദാനം ചെയ്യുന്നത്. ഇതിലും വലിയ തുക റയൽ നേരത്തെ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇപ്പോൾ നാപോളിക്ക് താരത്തെ കൈമാറാൻ തന്നെയാണ് റയലിന്റെയും തീരുമാനം. ആദ്യ വർഷം 5മില്യണ് താരത്തെ ലോണിൽ എടുത്ത ശേഷം അടുത്ത വർഷം 35 മില്യൺ നൽകി സ്വന്തമാക്കാൻ ആണ് നാപോളിയുടെ പദ്ധതി. റയലിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല എങ്കിലും ബയേണി അവസാന രണ്ട് വർഷം മെച്ചപ്പെട്ട പ്രകടനമായിരുന്നു ഹാമസ് കാഴ്ചവെച്ചിരുന്നത്.

ഡി ലിറ്റ് യുവന്റസിലേക്ക്, കരാർ ധാരണയായി

അയാക്സിന്റെ ക്യാപ്റ്റനായ ഡി ലിറ്റ് യുവന്റസിലേക്ക് അടുക്കുന്നു. താരവും യുവന്റസുമായി കരാർ ധാരണയായതായി ഇറ്റാലിയ മാധ്യമമായ സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു. നീണ്ട കാലത്തെ ചർച്ചകൾക്ക് ശേഷമാണ് ഡി ലിറ്റ് യുവന്റസിലേക്ക് പോകാൻ ഒരുങ്ങുന്നത്‌. ബാഴ്സലോണ ആയിരുന്നു ഇതുവരെ താരത്തിനായി മുന്നിൽ ഉണ്ടായിരുന്നത്.

കളിക്കാൻ അവസരം കിട്ടും എന്ന് ഉറപ്പില്ലാത്തതിനാൽ ആണ് ബാഴ്സലോണയുടെ ഓഫർ ഡി ലിറ്റ് നിരസിച്ചത്. ബാഴ്സലോണ പിറകിലായതോടെ ചർച്ച സജീവമാക്കിയ യുവന്റസ് താരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡിലിറ്റിനെ യുവന്റസിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ക്ഷണം നിരസിച്ചു എങ്കിലും അവസാനം യുവന്റസിലേക്ക് തന്നെ എത്തുകയാണ് ഡി ലിറ്റ്.

19കാരൻ മാത്രമായ ഡി ലിറ്റ് അവസാന സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ വൻ പ്രകടനമായിരുന്നു നടത്തിയത്. കഴിഞ്ഞ സീസണിൽ യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയതിലും ഡി ലിറ്റിന് വലിയ പങ്കുണ്ടായിരുന്നു.

ബാഴ്സലോണയിലേക്ക് തിരിച്ചെടുക്കണമെങ്കിൽ നെയ്മർ ചിലതു ചെയ്യണം

പി എസ് ജി വിടുമെന്ന് സൂചനകൾ നൽകിയ ബ്രസീലിയൻ ഫോർവേഡ് നെയ്മർ ബാഴ്സലോണയിലേക്ക് അടുക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയ്ക്ക് നെയ്മറിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ട് എങ്കിലും നെയ്മർ ചില ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ തിരിച്ചുവരവ് പരിഗണിക്കുകയുള്ളൂ എന്ന നിലപാടിലാണ് ബാഴ്സയുള്ളത്.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ബാഴ്സലോണ നെയ്മറിനോട് ആവശ്യപ്പെടുന്നത്. ഒന്ന് നെയ്മറിന്റെ തുക 100 മില്യണായെങ്കിലും കുറയണം എന്നതാണ്. പിന്നെ ബാഴ്സലോണക്ക് എതിരായി നെയ്മർ നടത്തുന്ന നിയമനടപടികൾ പിൻവലിക്കണം, നെയ്മർ പൊതുവേദിയിലോ മാധ്യമങ്ങൾക്ക് മുന്നിലോ താൻ ബാഴ്സലോണയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്നത് വ്യക്തമാക്കണം, എന്നീ ഉപാധികൾ ആണ് ബാഴ്സലോണ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഈ നിർദേശങ്ങളെല്ലാം നെയ്മർ അംഗീകരിച്ചതായും മാറ്റങ്ങൾ തുടങ്ങിയതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കില്ല

യുവ മലയാളി താരമായ അർജുൻ ജയരാജിനെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് സൂചന. അർജുനുമായുള്ള കരാർ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ക്ലബ്. താരവും താരത്തിന്റെ ക്ലബായ ഗോകുലവുമായി കരാറിന്റെ കാര്യത്തിൽ ഒരു ധാരണയിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല.

ട്രാൻസ്ഫർ തുകയുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയുമായുള്ള ധാരണയുണ്ടാക്കാൻ ആയില്ല.ഗോകുലം കേരള എഫ് സിയിൽ ഒരു വർഷത്തെ കരാർ കൂടെ അർജുന് ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഗോകുലം കേരള എഫ് സിക്ക് ട്രാൻസ്ഫർ തുക നൽകി മാത്രമേ അർജുനെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിയുകയുള്ളൂ. 21 ലക്ഷമാണ് കേരള ബ്ലാസ്റ്റേഴ്സ് അർജുൻ ജയരാജിനായി വാഗ്ദാനം ചെയ്ത ട്രാൻസ്ഫർ തുക. ആ തുകയും രണ്ട് തവണകളായി മാത്രമേ നൽകാൻ കഴിയൂ എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിലപാട്. എന്നാൽ ഇത് ഗോകുലം അംഗീകരിച്ചിട്ടില്ല.

മധ്യനിര താരമായ അർജുൻ ജയരാജ് അവസാന രണ്ട് ഐലീഗ് സീസണുകളിലും ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു. ഗോളുകൾ നേടാനും ഗോൾ അവസരം സൃഷ്ടിക്കാനും കഴിവുള്ള താരമാണ് അർജുൻ. ഇപ്പോൾ ചർച്ചകളിൽ തിരിച്ചടി നേരിട്ടു എങ്കിലും മഞ്ഞ ജേഴ്സിയിലേക്ക് താരത്തെ കൊണ്ടുവരാൻ ആകും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതീക്ഷ വെക്കുന്നത്.

ഹിഗ്വയിൻ യുവന്റസിൽ തുടരും എന്ന സൂചന നൽകി സാരി

കഴിഞ്ഞ സീസണിൽ യുവന്റസ് തഴഞ്ഞ ഹിഗ്വയിൻ ഇത്തവണ യുവന്റസിൽ ഉണ്ടാകുമെന്ന സൂചന നൽകി യുവന്റസിന്റെ പുതിയ പരിശീലകൻ സാർ. ഇപ്പോൾ ഹിഗ്വയിൻ വെക്കേഷനിൽ ആണെന്നും അതു കഴിഞ്ഞ് താരവുമായി സംസാരിക്കും എന്ന് സാരി പറഞ്ഞു. ആരുടെ കൂടെയും ഏതു സിസ്റ്റത്തിലും കളിക്കാൻ കഴിവുള്ള താരമാണ് ഹിഗ്വയിൻ. ഫിറ്റ്നെസ് ഉണ്ടെങ്കിൽ മൂന്ന് നാലു വർഷം കൂടെ ഹിഗ്വയിന് മികച്ച കളിക്കാരനായി തുടരാം എന്നും സാരി പറഞ്ഞു.

കഴിഞ്ഞ സീസണിൽ റൊണാൾഡോ വന്നതിനാൽ മിലാനിലും ചെൽസിയിലുമായി ലോണടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ഹിഗ്വയിൻ. ലോൺ കഴിഞ്ഞ് തിരികെ യുവന്റസിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ഹിഗ്വയിൻ.

ഹിഗ്വയിൻ ഇറ്റലിയിൽ യുവന്റസിനല്ലാതെ ഒരു ക്ലബിനും ഇനി കളിക്കില്ല എന്ന് ഏജന്റ് നേരത്തെ അറിയിച്ചിരുന്നു. യുവന്റസിൽ ഇനിയും രണ്ട് വർഷം കരാർ ഹിഗ്വയിനുണ്ട്. സാരിക്കൊപ്പം മുമ്പ് നാപോളിയിൽ ഗോളടിച്ചു കൂട്ടിയ ചരിത്രം ഹിഗ്വയിനുണ്ട്.

വാൻ ബിസാകയ്ക്ക് വേണ്ടി 55 മില്യൺ നൽകാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലണ്ടിന്റെ യുവ റൈറ്റ് ബാക്ക് വാൻ ബിസാകയെ സ്വന്തമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആഴ്ചകളോളം നീണ്ട ചർച്ചകൾക്ക് ഒടുവിൽ 55 മില്യൺ നൽകി താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് യുണൈറ്റഡ്. ഇത് സംബന്ധിച്ച് ധാരണയായതായി ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നു. ക്രിസ്റ്റൽ പാലസ് താരമായ ബിസാക കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്‌.

റൈറ്റ് ബാക്കിൽ നല്ല താരമില്ലാത്തത് ഏറെ കാലമായി യുണൈറ്റഡിനെ ബുദ്ധിമുട്ടിക്കുന്ന ഒരു ഘടകമാണ്. അതിന് ബിസാകയുടെ വരവോടെ അവസാനമായേക്കും. ഇപ്പോൾ ആശ്ലി യങ്ങും ഡിയാഗോ ഡാലോട്ടുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൈറ്റ് ബാക്കായി ഉള്ളത്. താരത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹമുള്ളതായാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിനൊപ്പമാണ് ബിസാകയുള്ളത്. ബിസാകയെ ഈ ആഴ്ച തന്നെ സൈൻ ചെയ്യാൻ ആണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

ഡി ലിറ്റ് ബാഴ്സലോണയിലേക്ക് ഇല്ല, സാധ്യതകൾ മങ്ങുന്നു

അയാക്സിന്റെ ക്യാപ്റ്റനായ ഡി ലിറ്റിനെ സ്വന്തമാക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾക്ക് തിരിച്ചടി ലഭിക്കുന്നു. കളിക്കാൻ അവസരം കിട്ടും എന്ന് ഉറപ്പില്ലാത്തതിനാൽ ബാഴ്സലോണയുടെ ഓഫർ ഡി ലിറ്റ് നിരസിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവ സെന്റർ ബാക്കിനായി വളരെക്കാലമായി ശ്രമിക്കുന്ന ക്ലബാണ് ബാഴ്സലോണ. എന്നാൽ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പ് നൽകാത്തത് ആണ് ഡിലിറ്റ് ബാഴ്സലോണയുടെ ഓഫറുകൾ സ്വീകരിക്കാതിരിക്കാൻ കാരണം.

ബാഴ്സലോണ പിറകിലായതോടെ യുവന്റസ്, പി എസ് ജി, ബയേൺ എന്നീ ക്ലബുകൾക്ക് പ്രതീക്ഷയായി. ഈ മൂന്ന് ക്ലബുകളാണ് ഡി ലിറ്റിനായി രംഗത്തുള്ളത്. പി എസ് ജിയാണ് ഇവരിൽ ഏറ്റവു വലിയ ഓഫർ മുന്നിൽ വെക്കുന്നത്. പി എസ് ജിയുടെ ഡിഫൻസ് മോശമായതിനാൽ ഡി ലിറ്റ് നേരെ ആദ്യ ഇലവനിൽ എത്തുകയും ചെയ്യും.

മുൻ ബ്ലാസ്റ്റേഴ്സ് താരം സുഭാഷിഷ് റോയ് നോർത്ത് ഈസ്റ്റിലേക്ക്

കേരള ബ്ലാസ്റ്റേഴ്സിനായി മുമ്പ് കളിച്ചിട്ടുള്ള ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗദരിയെ സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റ് ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ് സിയുടെ താരമായിരുന്ന സുഭാഷിഷിന് അവിടെ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. സുബ്രതാ പോളായിരുന്നു ജംഷദ്പൂരിന്റെ സ്ഥിരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ആകെ മൂന്ന് കളികളിലാണ് സുഭാഷിഷിന് ഇറങ്ങാനായാത്.

ടി പി രെഹ്നേഷ് ടീം വിട്ടതോടെ ഒരു കീപ്പറെ തേടുകയാണ് നോർത്ത് ഈസ്റ്റ് ഇപ്പോൾ. രെഹ്നേഷ് പോയതോടെ കളിക്കാൻ അവസരം ലഭിക്കും എന്ന പ്രതീക്ഷ ആണ് സുഭാഷിഷിനെ നോർത്ത് ഈസ്റ്റിലേക്ക് അടുപ്പിക്കുന്നത്. ഒരു സീസൺ മുമ്പ് വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഭാഗമായിരുന്നു സുഭാഷിഷ്. ഐ എസ് എല്ലിൽ എഫ് സി ഗോവ, ഡെൽഹി ഡൈനാമോസ്, വേണ്ടിയും അത്ലറ്റിക്കോ കൊൽക്കത്ത എന്നിവർക്കൊക്കെ വേണ്ടിയും ഇതിനു മുമ്പ് ഇദ്ദേഹം കളിച്ചിട്ടുണ്ട്. ബംഗാളുകാരനായ സുഭാഷിഷ് റോയ് ഈസ്റ്റ് ബംഗാളിന്റെ വലയും കാത്തിട്ടുണ്ട്.

പി എസ് ജി വിടാൻ താല്പര്യം പ്രകടിപ്പിച്ച് നെയ്മർ, ലക്ഷ്യം ബാഴ്സലോണ

പി എസ് ജി വിടാൻ താല്പര്യം പ്രകടിപ്പിച്ച് ബ്രസീലിയൻ താരം നെയ്മാർ. അവസാന സീസണിൽ ഉൾപ്പെടെ തനിക്ക് നിരാശ മാത്രമാണ് പി എസ് ജിയിൽ ഉണ്ടായിട്ടുള്ളൂ എന്നതാണ് നെയ്മറിനെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. പി എസ് ജിയുടെ ഉടമസ്ഥനോട് നേരിട്ട് ക്ലബ് വിടാനുള്ള താല്പര്യം നെയ്മർ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നെയ്മർ ക്ലബ് വിടുകയാണെങ്കിൽ തടയില്ല എന്ന രീതിയിൽ പി എസ് ജി ഉടമ അൽ ഖെലേഫി പ്രസ്ഥാവന നടത്തിയിരുന്നു. നെയ്മറിനെ ആരും നിർബന്ധിച്ച് പി എസ് ജിയിൽ എത്തിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ലബ് വിടുകയാണെങ്കിൽ നെയ്മറിനെ സ്വന്തമാക്കാൻ ബാഴ്സലോണ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ ബാഴ്സലോണ വിറ്റതിനേക്കാൽ വലിയ തുക നെയ്മറിനെ സ്വന്തമാക്കാൻ നൽകേണ്ടി വരും. ബാഴ്സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരല്ലാതെ വേറെ ആരും ഇത്രയും തുക മുടക്കി നെയ്മറിനെ ഇപ്പോൾ സ്വന്തമാക്കാം സാധ്യതയില്ല.

ഗോളടിക്കാരൻ മാർക്കസ് ഗോകുലത്തിൽ തുടരും

കഴിഞ്ഞ സീസണിൽ ഗോകുലം മുഴുവൻ നിരാശ നൽകിയപ്പോഴും മികച്ചു നിന്ന സ്ട്രൈക്കർ മാർക്കസ് ജോസഫ് ഗോകുലം കേരള എഫ് സിയിൽ തന്നെ തുടരും. താരം ഗോകുലവുമായി ഒരു വർഷത്തേക്കുള്ള പുതിയ കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ പകുതിക്ക് വെച്ച് ഗോകുലത്തിന് ഒപ്പം എത്തിയ മാർക്കസ് 9 മത്സരങ്ങളിലാണ് ഗോകുലത്തിനായി കളിച്ചത്. അതിൽ 7 ഗോളുകളും ഒരു അസിറ്റും അദ്ദേഹം സ്വന്തമാക്കി.

29കാരനായ മാർക്കസ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ സ്വദേശിയാണ്. താരത്തിന്റെ ഇന്ത്യയിലെ ആദ്യ ക്ലബായിരുന്നു ഗോകുലം. കൊൽക്കത്ത ക്ലബുകളുൾപ്പെടെ മാർക്കസിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും താരം ഗോകുലം കേരള എഫ് സിയിൽ തന്നെ നിൽക്കുകയായിരുന്നു. ഇതിനു മുമ്പ് ട്രിനിഡാഡ് ക്ലബായ ഡബ്ല്യു കണക്ഷൻ എഫ് സിയിൽ ആയിരുന്നു മാർക്കസ് കളിച്ചിരുന്നത്.

Exit mobile version