ടോം ക്ലെവർലി തന്റെ 33-ാം വയസ്സിൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്ലെവർലി പരിക്ക് കാരണം ആണ് ഇത്ര പെട്ടെന്ന് വിരമിക്കുന്നത്. അവസാന ആറ് വർഷമായി ക്ലെവർലി വാറ്റ്ഫോർഡിനൊപ്പം ഉണ്ടായിരുന്നു. ക്ലബിന്റെ ക്യാപ്റ്റനുമായിരുന്നു. 22-ാം വയസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്ലെവർലി അരങ്ങേറ്റം കുറിച്ചിരുന്നു. ഇംഗ്ലണ്ടിനായി അദ്ദേഹം ആകെ 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
2015 ൽ എവർട്ടണിലേക്ക് പുറപ്പെടുന്നതിന് മുമ്പ് 15 വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്ലെവർലി ഉണ്ടായിരുന്നു.
‘ഇന്ന് ഞാൻ ഒരു കളിക്കാരനെന്ന നിലയിൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ലെസ്റ്റർ, വിഗാൻ, ആസ്റ്റൺ വില്ല, എവർട്ടൺ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ജീവനക്കാർക്കും ടീമംഗങ്ങൾക്കും ആരാധകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ക്ലെവർലി പറഞ്ഞു.
‘മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രത്യേകം പരാമർശിക്കണം. പ്രത്യേകിച്ച് പോൾ മക്ഗിനസ്, സർ അലക്സ് ഫെർഗൂസൺ എന്നിവർക്ക്,” അദ്ദേഹം കൂട്ടിച്ചേർത്തു.
”ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് അടിത്തറ പാകിയ ആളുകളും ക്ലബ്ബും ഒപ്പം എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച ക്ലബ്ബും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ” ടോം ക്ലെവർലി യുണൈറ്റഡിനായി ആകെ 79 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനൊപ്പം ലീഗ് കിരീടവും നേടി.