ബ്രസീൽ പരിശീലകനായ ടിറ്റെ ഇന്നത്തെ പെറുവിന് എതിരായ മത്സരത്തോടെ ബ്രസീൽ പരിശീലകൻ എന്ന നിലയിൽ 50 മത്സരങ്ങൾ പൂർത്തിയാക്കി. 4-2ന്റെ വിജയത്തോടെയാണ് ബ്രസീൽ പരിശീലകൻ 50ആം മത്സരം ആഘോഷിച്ചത്. 2016ൽ ആയിരുന്നു ടിറ്റെയെ ബ്രസീൽ പരിശീലകനായി എത്തിച്ചത്. അതിനു ശേഷം മികച്ച പ്രകടനങ്ങൾ ബ്രസീലിൽ നിന്ന് കാണാൻ ആയി. ലോകകപ്പിൽ ബെൽജിയത്തിന് മുന്നിൽ വീണു എങ്കിലും ടിറ്റെയിൽ ഉള്ള വിശ്വാസം ബ്രസീൽ ഫുട്ബോളിന് നഷ്ടപ്പെട്ടില്ല.
ആ ബെൽജിയത്തിന് എതിരായ പരാജയം മാത്രമാണ് ടിറ്റെയ്ക്ക് കീഴിൽ ബ്രസീൽ പരാജായപ്പെട്ട ഏക കോമ്പിറ്റിറ്റീവ് മത്സരം. 50 മത്സരങ്ങളിൽ 36 വിജയവും 10 സമനിലയും 4 പരാജയവും ആണ് ടിറ്റെയുടെ കീഴിലെ ബ്രസീലിന്റെ റെക്കോർഡ്. ഈ സമയത്ത് ടീം 109 ഗോളുകൾ അടിച്ചപ്പോൾ വഴങ്ങിയത് വെറും 19 ഗോളുകൾ മാത്രം. ഇതിനൊക്കെ പുറമെ കോപ അമേരിക്ക കിരീടവും ടിറ്റെയ്ക്ക് കീഴിൽ ബ്രസീൽ നേടി. ഇനി അടുത്ത വർഷം നടക്കുന്ന ലോകകപ്പ് കിരീടമാകും ടിറ്റെയുടെ ലക്ഷ്യം. അത് നേടാൻ ആയില്ല എങ്കിൽ ടിറ്റെ ബ്രസീൽ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും.