എറിക് ടെൻ ഹാഗ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തി. ബുണ്ടസ് ലീഗ ക്ലബ്ബായ ബയേർ ലെവർകുസന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തു. ക്ലബ്ബ് തിങ്കളാഴ്ച ഇത് സ്ഥിരീകരിച്ചു. 55 കാരനായ ഡച്ച് പരിശീലകൻ സാബി അലോൺസോയ്ക്ക് പകരക്കാരനായാണ് എത്തുന്നത്. അലോൺസോ ലെവർകുസൻ വിട്ട് റയൽ മാഡ്രിഡിൽ ചേർന്നിരുന്നു.
2024 ഒക്ടോബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ പുറത്താക്കിയതിന് ശേഷം ടെൻ ഹാഗ് വേറെ ചുമതല ഏറ്റിരുന്നില്ല.
2018 നും 2022 നും ഇടയിൽ അയാക്സിൽ അദ്ദേഹം നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് ടെൻ ഹാഗ് കൂടുതൽ അറിയപ്പെടുന്നത്. അവിടെ മൂന്ന് എറെഡിവിസി കിരീടങ്ങൾ നേടിയ അദ്ദേഹം 2019 ൽ അയാക്സിനെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തിച്ചു.
ഈ സീസണിൽ ബയേൺ മ്യൂണിക്കിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലെവർകുസനെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് ടെൻ ഹാഗിന് മുന്നിലുള്ളത്.