ഇന്ത്യ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തറിനെ നേരിടുമ്പോൾ ഖത്തർ ടീമിൽ ഒരു മലയാളി ഉണ്ടാകും. 17കാരനായ കണ്ണൂർ സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദ്. ഖത്തർ പ്രഖ്യാപിച്ച ലോകകപ്പ് യോഗ്യത സ്ക്വാദിൽ അറ്റാക്കിംഗ് താരമായ തഹ്സിൻ ഇടം നേടി. നേരത്തെ തന്നെ ഖത്തർ ലീഗിൽ കളിച്ചും ഖത്തർ യുവ ദേശീയ ടീമുകൾക്കായി കളിച്ചും തഹ്സിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.
അഫ്ഗാനെയും ഇന്ത്യയെയും ആണ് ഖത്തർ അടുത്ത മാസം ആദ്യം നേരിടേണ്ടത്. ഖത്തർ ടീമിൽ തഹ്സിനൊപ്പം ബംഗ്ലാദേശ് സ്വദേശിയായ ഇരുപതുകാരനായ നബീൽ ഇർഫാനും ഇടം നേടിയിട്ടുണ്ട്.
തഹ്സിൻ മുഹമ്മദ് ജംഷിദ് നേരത്തെ ഖത്തർ ടോപ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി മാറിയിരുന്നു. കൗട്ടീഞ്ഞോ അടക്കം കളിക്കുന്ന അൽ ദുഹൈൽ എഫ് സിയുടെ താരമാണ് തഹ്സിൻ. ക്ലബ്ബിന്റെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ്. കണ്ണൂർ വളപട്ടണം ആണ് തഹ്സിന്റെ യഥാർത്ഥ സ്വദേശം. മുമ്പ് അണ്ടർ-17 എ.എഫ്.സി. കപ്പിലും ഖത്തറിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. ഖത്തറിലെ ആസ്പയർ അക്കാദമി ആണ് തഹ്സിനിലെ ടാലന്റ് കണ്ടെത്തുന്നത്.