മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ മലപ്പുറം എഫ്സിയുടെ ഇടക്കാല മുഖ്യ പരിശീലകനായി ക്ലിയോഫാസ് അലക്‌സിനെ ക്ലബ് മാനേജ്മെന്റ് ചുമതലപെടുത്തി. നിലവിൽ എംഎഫ്സിയുടെ സഹ പരിശീലകൻ കൂടിയാണ് അദ്ദേഹം. ഹെഡ് കോച്ച് മിഗ്വേൽ കോറൽ ടൊറൈറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടർന്നാണ് ക്ലബ് ക്ലിയോഫാസ് അലക്സിനെ താൽക്കാലിക മുഖ്യ പരിശീലകനായി നിയമിച്ചത്.
ആദ്യ സീസണിലും അസിസ്റ്റന്റ് കോച്ചായി മലപ്പുറത്തിനൊപ്പമുണ്ടായിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് ടീമിന്റെ ഘടനയെ കുറിച്ച് വ്യക്തമായ പ്ലാനുകളുണ്ടാവും. തിരുവനന്തപുരം സ്വദേശിയായ ക്ലിയോഫസ് അലക്സ് ഐ-ലീഗ് രണ്ടാം ഡിവിഷനിൽ സാറ്റ് തിരൂരിനെ പരിശീലിപിച്ചിട്ടുണ്ട്. ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്.സിയുടെ ടെക്നികൽ ഡയറക്ടറും റിസർവ് ടീമിന്റെ മുഖ്യ പരിശീലകനും കൂടിയായിരുന്നു.














