മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഇന്ന് (ഒക്ടോബർ 18) ജീവൻ മരണ പോരാട്ടം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലാണ് ഡു ഓർ ഡൈ മാച്ച്. കിക്കോഫ് വൈകീട്ട് 7.30 ന്. സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യം. ഏഴ് റൗണ്ട് മത്സരം അവസാനിച്ചപ്പോൾ മലപ്പുറം ആറ് പോയൻ്റുമായി അഞ്ചാമതാണ്. രണ്ട് പോയൻ്റ് മാത്രമായി തൃശൂർ അവസാന (ആറാം) സ്ഥാനത്തും നിൽക്കുന്നു. ഇന്ന് തോൽവി നേരിട്ടാൽ സെമി ഫൈനൽ കാണാതെ പുറത്താകുന്ന ആദ്യ ടീമായി തൃശൂർ മാറും.
നായകൻ അനസ് എടത്തൊടികയടക്കം പ്രമുഖരായ ഏഴ് താരങ്ങൾ പരിക്കിൻ്റെ പിടിയിലകപ്പെട്ട മലപ്പുറത്തെ കോച്ച് ജോൺ ഗ്രിഗറി എങ്ങനെ വിന്യസിക്കും എന്നാണ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. പരിക്ക് മാറി ആരൊക്കെ മത്സരത്തിന് ലഭ്യമാവും എന്ന് ഇന്ന് രാവിലെയെ തീരുമാനമാവൂ. പകരക്കാരൻ നായകൻ ആൽഡലിർ, സ്പാനിഷ് താരം അലക്സിസ് സാഞ്ചസ്, ഫസലുറഹ്മാൻ തുടങ്ങിയവർ മികച്ചു കളിക്കുന്നത് ടീമിന് ആശ്വാസമാണ്. ബ്രസീലുകാരൻ ബാർബോസ ഉറൂഗ്വെക്കാരൻ പെഡ്രോ മാൻസി എന്നിവരെ കീ പൊസിഷനുകളുടെ ചുമതല നൽകിയാവും മലപ്പുറത്തിൻ്റെ തന്ത്രങ്ങൾ. സ്വന്തം ഗ്രൗണ്ടിൽ ആദ്യ വിജയം എന്ന വലിയ സ്വപ്നവും മലപ്പുറത്തിന് ബാക്കി കിടക്കുന്നുണ്ട്.
ലീഗിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ കഴിയാത്ത തൃശൂരിന് ലീഗിൽ ജീവൻ നിലനിർത്താൻ വിജയമല്ലാതെ മറ്റൊരു മാർഗവും ഇല്ല. നായകൻ സി കെ വിനീത് ഉൾപ്പടെ തൃശൂരിൻ്റെ ഏതാനും കളിക്കാരും പരിക്ക് റൂമിലാണ്. മലയാളി യുവതാരങ്ങളായ അർജുൻ, സഫ്നാദ്, സഫ്നീദ് ഉൾപ്പടെയുള്ളവർ മികവ് പുലർത്തുന്നത് തൃശൂരിൻ്റെ ഇറ്റാലിയൻ കോച്ച് ജിയോവനി സാനുവിന് പ്രതീക്ഷ നൽകുന്നു.
മലപ്പുറം, തൃശൂർ ടീമുകളുടെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയം ലീഗിൽ കാണികൾ ഇടിച്ചുകയറിയ വേദിയാണ്. അതിനിർണായക മത്സരത്തിന് ഇന്ന് ഇവിടെ ഇരു സംഘങ്ങളും ബൂട്ട് മുറുക്കുമ്പോൾ ഗ്യാലറിയിൽ ആവേശപ്പൂരം ഉയരുമെന്ന് ഉറപ്പ്.
ലൈവ്
മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും(ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ലഭിക്കും. ഗൾഫ് മേഖലയിൽ ഉള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിംഗ് കാണാം.