സൂപ്പർ ലീഗ് കേരള; ഇന്ന് ഫോഴ്സ കൊച്ചി vs തൃശ്ശൂർ മാജിക്

Newsroom

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഇന്ന് (ഒക്ടോബർ 29) ഫോഴ്‌സ കൊച്ചി എഫ്സി – തൃശൂർ മാജിക് എഫ്സി മത്സരം. അവസാന (പത്താം) റൗണ്ടിലെ ആദ്യ മത്സരത്തിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് വേദി. കിക്കോഫ് വൈകീട്ട് 7.30 ന്.

1000711451

ഒൻപത് കളികളിൽ 13 പോയന്റ് നേടിയ
കൊച്ചി ഇതിനോടകം സെമി ഫൈനൽ ഉറപ്പാക്കിയ ടീമാണ്. എങ്കിലും മികച്ച മാർജിനിൽ ജയിച്ച് ടേബിളിൽ ഉയർന്ന സ്ഥാനം നേടുകയാവും ആതിഥേയരുടെ ലക്ഷ്യം.

സെമി കാണാതെ പുറത്തായ തൃശൂർ വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. എട്ട് കളികളിൽ ഒരു ജയം പോലും നേടാൻ കഴിയാതിരുന്ന പൂരത്തിന്റെ നാട്ടുകാർ ഒൻപതാം റൗണ്ടിൽ തോൽവിയറിയാതെ വന്ന കാലിക്കറ്റ് എഫ്സിയെ അട്ടിമറിച്ചിരുന്നു.

കാലിക്കറ്റ് എഫ്സി, കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചി ടീമുകൾ പ്രഥമ സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട്. നവംബർ ഒന്നിന് നടക്കുന്ന മലപ്പുറം എഫ്സി – തിരുവനന്തപുരം കൊമ്പൻസ് മത്സരത്തോടെ സെമി ഫൈനൽ പോരാട്ടങ്ങളുടെ അന്തിമചിത്രം തെളിയും. കൊമ്പൻസിന് സെമിയിൽ കയറാൻ സമനില മതിയെങ്കിൽ മലപ്പുറത്തിന് വിജയം നിർബന്ധം.

ഒക്ടോബർ 31ന് പോയന്റ് നിലയിലെ ഒന്നാം സ്ഥാനത്തിനായി കണ്ണൂർ വാരിയേഴ്‌സ് കാലിക്കറ്റ് എഫ്സിയുമായി പോരാടും. മത്സരം കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ.

ലൈവ്

മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ഗൾഫ് മേഖലയിൽ ഉള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് കാണാം.