സൂപ്പർ ലീഗ് കേരള; തൃശൂരിന് തോൽവിയോടെ മടക്കം

Newsroom

Picsart 24 10 29 22 26 18 264
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക്ക് എഫ്സിക്ക് തോൽവിയോടെ മടക്കം. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ തൃശൂർ ലീഗിലെ അവസാന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയോട് ഒരു ഗോളിന് പരാജയപ്പെട്ടു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡോറിയൽട്ടനാണ് കൊച്ചിയുടെ വിജയഗോൾ നേടിയത്.

1000711974

പത്ത് കളികളിൽ ഒരു ജയം, രണ്ട് സമനില, ഏഴ് തോൽവി എന്നിങ്ങനെയാണ് തൃശൂരിന്റെ പ്രകടനം. പത്ത് കളികളിൽ 16 പോയന്റ് സ്വന്തമാക്കിയ ഫോഴ്‌സ കൊച്ചി സെമി ഫൈനൽ ഉറപ്പിച്ച ടീമാണ്.

ആദ്യപകുതിയുടെ തുടക്കത്തിൽ
ഷംനാദ് – അനുരാഗ് – അലക്സ് ത്രയത്തിന്റെ മികവിൽ തൃശൂർ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല. ഇരുപത്തിമൂന്നാം മിനിറ്റിൽ കൊച്ചി നായകൻ അർജുൻ ജയരാജിന് റിബൗണ്ട് ബോളിൽ മികച്ചൊരു അവസരം ലഭിച്ചു. എന്നാൽ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ഇരുപത്തിയാറാം മിനിറ്റിൽ പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം സിയാണ്ടക്ക് പകരം കൊച്ചി രാഹുൽ കെ പിയെ കളത്തിലിറക്കി.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ തൃശൂരിന്റെ ലൂക്കാസ്, ഹഖ്, കൊച്ചിയുടെ കമൽപ്രീത് എന്നിവർക്ക് റഫറി മഞ്ഞക്കാർഡ് നൽകി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊച്ചിക്ക് ഗോളവസരം. ഡോറിയൽട്ടൻ – രാഹുൽ സഖ്യത്തിന്റെ ധാരണപ്പിശക് വിനയായി. അൻപത്തിയഞ്ചാം മിനിറ്റിൽ തൃശൂരിന്റെ അനുരാഗ് പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് അർജുൻ എം എം.

അറുപത്തിയേഴാം മിനിറ്റിൽ അഭിജിത് സർക്കാർ നടത്തിയ ശ്രമം കൊച്ചി ഗോൾ കീപ്പർ ഹജ്മൽ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.

എൻപത്തിരണ്ടാം മിനിറ്റിൽ ഡോറിയൽട്ടൻ കൊച്ചിക്കായി ഗോൾ നേടി. പകരക്കാരനായി വന്ന ആസിഫിന്റെ മുന്നേറ്റത്തിനൊടുവിലായിരുന്നു സ്കോറിങ്. ലീഗിൽ
ഡോറിയൽട്ടന്റെ അഞ്ചാം ഗോൾ. നിലവിൽ ടോപ് സ്കോറർ സ്ഥാനത്താണ് ബ്രസീലുകാരൻ. ഇഞ്ചുറി സമയത്ത് കൊച്ചിയുടെ ആസിഫിന് ചുവപ്പ് കാർഡ് ലഭിച്ചു. മഞ്ചേരിയിൽ നടന്ന ആദ്യ ലഗ്ഗിൽ കൊച്ചി ഒരു ഗോളിന് തൃശൂരിനെ തോൽപ്പിച്ചിരുന്നു.

ഒക്ടോബർ 31ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ് കാലിക്കറ്റ് എഫ്സിയെ നേരിടും. കിക്കോഫ് വൈകീട്ട് 7.30 ന്. ഈ മത്സരത്തിൽ ജയിക്കുന്ന ടീം ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാവും. സമനിലയാണ് ഫലമെങ്കിൽ ഗോൾ ശരാശരിയിൽ കാലിക്കറ്റ് ഒന്നാമതെത്തും.