സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ നവംബര്‍ 7 മുതല്‍ കണ്ണൂര്‍ മുന്‍സിപ്പിള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. കണ്ണൂര് വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ സ്റ്റേഡിയത്തില്‍ ഫോഴ്‌സ കൊച്ചി, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ്‌സി , കാലിക്കറ്റ് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എന്നീ ടീമുകള്‍ക്കെതിരെ ഏറ്റുമുട്ടും. അഞ്ച് മത്സരങ്ങളായിരിക്കും കണ്ണൂരില്‍ നടക്കുക. വിവിധ ഗ്രൗണ്ടുകളിലായി ആകെ 30 ലീഗ് റൗണ്ട് മല്‍സരങ്ങളും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുമായിരിക്കും നടക്കുന്നത്. ജവഹര്‍ സ്റ്റേഡിയത്തില്‍ 15,000 ത്തോളം കാണിളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
കണ്ണൂരിലെ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 31 ന് 4 മണിക്ക് ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. ആലോചനാ യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് എം കെ നാസര്‍ അധ്യക്ഷനായി. കണ്ണൂര്‍ വാരിയേഴ്സ് ക്ലബ്ബ് ചെയര്‍മാന്‍ ഡോ. എംപി ഹസ്സന്‍ കുഞ്ഞി ഖത്തറില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുത്തു. വാരിയേഴ്സ് ക്ലബ്ബ് ഡയരക്ടര്‍ മുഹമ്മദ് സാലി, ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. പി കെ ജഗനാഥന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, പി കെ ബൈജു, ഷാഹിന്‍പള്ളിക്കണ്ടി, പികെ വേലായുധന്‍, സി സെയ്ദ്, പിടികെ റെയിസ് തുടങ്ങിയവര്‍ സംസാരിച്ചു.














