കോഴിക്കോട്: അമൂൽ സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിക്ക് ജയം. അഞ്ചാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ്സി,
തിരുവനന്തപുരം കൊമ്പൻസിനെ ഒരുഗോളിന് തോൽപ്പിച്ചു. ആദ്യപകുതിയിൽ
അലക്സിസ് സോസ നേടിയ ഗോളിനാണ് കാലിക്കറ്റ് എഫ്സി നിർണായക വിജയം നേടിയത്. അഞ്ച് കളികളിൽ ആറ് പോയന്റുള്ള കാലിക്കറ്റ് എഫ്സി പട്ടികയിൽ നാലാം സ്ഥാനത്താണ്. അഞ്ച് കളികളിൽ അഞ്ച് പോയന്റുള്ള കൊമ്പൻസ് അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യപകുതിയുടെ പതിമൂന്നാം മിനിറ്റിലാണ് കളിയുടെ വിധിയെഴുതിയ ഗോൾ പിറന്നത്. കാലിക്കറ്റ് ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് കൃത്യം ഹെഡ് ചെയ്ത് കൊമ്പൻസിന്റെ വലയിൽ എത്തിച്ചത് അർജന്റീനക്കാരൻ അലക്സിസ് സോസ 1-0. പിന്നീട് നിരന്തരം ആക്രമണങ്ങൾ കണ്ട ആദ്യപകുതിയിൽ പക്ഷെ, കൊമ്പൻസിന് ലക്ഷ്യബോധം ഇല്ലാതെ പോയി. മുപ്പത്തിയാറാം മിനിറ്റിൽ വീണ്ടും പ്രശാന്തിന്റെ കോർണറിൽ പരേരയുടെ ഹെഡർ ചെറിയ വ്യത്യാസത്തിൽ പുറത്തുപോയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ശരീഫ് ഖാൻ, റിനാൻ അർജാവോ എന്നിവരെ എത്തിച്ച കൊമ്പൻസ് ആക്രമണത്തിന് മൂർച്ചകൂട്ടി. പക്ഷെ ഗോൾ നേടാൻ കഴിഞ്ഞില്ല. 13083 കാണികൾ ഇന്നലെ മത്സരം കാണാൻ എത്തി.
അഞ്ചാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ചൊവ്വാഴ്ച (നവംബർ 4) ഫോഴ്‌സ കൊച്ചി എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. എറണാകുളം മഹാരാജസ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.














