കേരള ഫുട്ബോളിൽ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഇന്ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ
ഗ്രാൻഡ് കിക്കോഫ്.
ഉദ്ഘാടനമത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിക്ക് രണ്ടാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചി എഫ്സിയാണ് എതിരാളികൾ. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്.

ഒക്ടോബർ 2 വൈകുന്നേരം 6 മണിക്ക് വേടൻ ഉൾപ്പടെയുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. സൂപ്പർ ലീഗ് കേരളം ക്ലബ് ഉടമകളും, സിനിമ താരങ്ങളും, മറ്റു രാഷ്ട്രീയ നേതാക്കളും, കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന മത്സരം രാത്രി 8 മണിക്ക് ആരംഭിക്കും.
പ്രഥമ സീസണിൽ കളിച്ച കണ്ണൂർ വാരിയേഴ്‌സ് എഫ്സി, കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി ടീമുകളാണ് ലീഗിന്റെ രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ തവണ നാല് വേദികളിലായാണ് മത്സരങ്ങൾ നടന്നിരുന്നത് എങ്കിൽ ഇത്തവണ അത് ആറായി ഉയർന്നിട്ടുണ്ട്. കണ്ണൂരിനും തൃശൂരിനും സ്വന്തം ഹോം ഗ്രൗണ്ടുകൾ ലഭിച്ചു. കണ്ണൂർ ജവഹർ സ്റ്റേഡിയവും തൃശൂർ കോർപറേഷൻ സ്റ്റേഡിയവുമാണ് യഥാക്രമം ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകൾ. കഴിഞ്ഞ സീസണിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിച്ച ഫോഴ്സ കൊച്ചി എഫ്സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങൾക്ക് ഇറങ്ങുക. പുതുതായി ഉൾപ്പെടുത്തിയ മൂന്ന് വേദികളും മികച്ച രീതിയിൽ മത്സരങ്ങൾക്കായി ഒരുക്കിയെടുത്തിട്ടുണ്ട്.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (ഹോം ടീം: കാലിക്കറ്റ് എഫ്സി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഹോം ടീം: മലപ്പുറം എഫ്സി), തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം (ഹോം ടീം: തിരുവനന്തപുരം കൊമ്പൻസ്) എന്നിവിടങ്ങളും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പോരാട്ടങ്ങൾക്ക് വേദിയാവും.
ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് സൂപ്പർ ലീഗ് കേരളയിലെ മത്സരങ്ങൾ. പോയന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും. തുടർന്ന് ഡിസംബർ 14ന് ഗ്രാൻഡ് ഫിനാലെ.
എല്ലാ മത്സരങ്ങളും സോണി സ്പോർട്സ്y നെറ്റ്‌വർക്ക് സംപ്രേഷണം ചെയ്യും. സ്പോർട്സ് ഡോട്ട് കോം ആണ് ലോകമെമ്പാടും സൗജന്യമായി ലൈവ് സ്ട്രീമിങ് നടത്തുന്നത്.
ഇന്ത്യക്കാർ – 150, വിദേശികൾ – 36, 100 ഓളം മലയാളികളും സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന്റെ ഭാഗമാകും
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ ബൂട്ടുകെട്ടുന്നത് 186 ഫുട്ബോൾ വീരന്മാർ. 150 ഇന്ത്യൻ താരങ്ങളാണ് ആറ് ടീമുകളിലായി കളിക്കുക. ഇതിൽ 100 പേരും മലയാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 50 പേരുമുണ്ട്. ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ നിന്നുൾപ്പടെ 36 വിദേശ താരങ്ങളും കരുത്തുകാണിക്കാൻ ഇറങ്ങും.
ലൂയിസ് എയിഞ്ചൽ റോഡ്രിഗസ് (ഫോഴ്‌സ കൊച്ചി), റോയ് കൃഷ്ണ, ജോൺ കെന്നഡി (മലപ്പുറം എഫ്സി), സെബാസ്റ്റ്യൻ ലുക്കാമി (കാലിക്കറ്റ് എഫ്സി), മെയിൽസൻ അൽവേസ് (തൃശൂർ എഫ്സി), അഡ്രിയാൻ സെർദിനെറോ (കണ്ണൂർ വാരിയേഴ്‌സ്), പാട്രിക് മോട്ട (തിരുവനന്തപുരം കൊമ്പൻസ്) തുടങ്ങിയവരെല്ലാം ലീഗിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മികവുള്ള വിദേശ താരങ്ങളാണ്.
സലാം രഞ്ജൻ സിംഗ് (തിരുവനന്തപുരം കൊമ്പൻസ്), മൈക്കൽ സൂസയ്‌രാജ് (ഫോഴ്‌സ കൊച്ചി), ഗനി അഹമ്മദ് നിഗം (മലപ്പുറം എഫ്സി), പ്രശാന്ത് കെ (കാലിക്കറ്റ് എഫ്സി), ലെനി റോഡ്രിഗസ് (തൃശൂർ മാജിക്ക് എഫ്സി) ഉൾപ്പടെ ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ നിരവധി കളിക്കാരും ഇത്തവണ സൂപ്പർ ലീഗ് കേരളയിൽ അങ്കത്തിനിറങ്ങും.
മലപ്പുറം എഫ്സിയുടെ സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറൽ ടൊറൈറ, തൃശൂർ മാജിക് എഫ്സിയുടെ റഷ്യൻ പരിശീലകൻ ആൻന്ദ്രേ ചെർണിഷോവ് തുടങ്ങിയ വമ്പൻ പരിശീലകർ തമ്മിലുള്ള പോരാട്ടത്തിനും ഇത്തവണ സൂപ്പർ ലീഗ് കേരള സാക്ഷ്യം വഹിക്കും.