മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ ഒന്നാം സ്ഥാനത്തിനായി ഇന്ന് (ഒക്ടോബർ 31)
നോർത്ത് മലബാർ ഡെർബി. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വരിയേഴ്‌സ് എഫ്സി, കാലിക്കറ്റ് എഫ്സിയുമായി മാറ്റുരയ്ക്കും. കിക്കോഫ് വൈകീട്ട് 7.30 ന്. വിജയികൾ ടേബിൾ ടോപ്പേഴ്സ് എന്ന പകിട്ടോടെ സെമി ഫൈനലിലേക്ക് കയറും.
സമനിലയാണ് ഫലമെങ്കിൽ ഗോൾ ശരാശരിയിൽ ഏറെ മുൻപിലുള്ള കാലിക്കറ്റ് എഫ്സി ഒന്നാമതെത്തും. ഒൻപത് കളികൾ അവസാനിച്ചപ്പോൾ കണ്ണൂർ, കാലിക്കറ്റ് ടീമുകൾക്ക് 16 പോയന്റ് വീതമുണ്ട്. ഗോൾ ശരാശരിയിൽ കാലിക്കറ്റ് (+7) മുകളിൽ നിൽക്കുന്നു. കണ്ണൂരിന്റെ ഗോൾ ശരാശരി +3.
പോയന്റ് നിലയിൽ ഒപ്പം നിൽക്കുന്നുവെന്നതിനൊപ്പം ഇരുടീമുകളും ലീഗിൽ ഓരോ തോൽവി മാത്രമേ വഴങ്ങിയിട്ടുള്ളുവെന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ ഒൻപത് കളികളിൽ 15 ഗോൾ വീതം എതിർ പോസ്റ്റിൽ എത്തിച്ച കണക്കിലും കണ്ണൂരും കാലിക്കറ്റും തുല്ല്യർ.
ഗോൾ വഴങ്ങിയ ചീട്ടിൽ മാത്രം അന്തരമുണ്ട്. കണ്ണൂരിന്റെ പോസ്റ്റിൽ 12 ഉം കാലിക്കറ്റിന്റെ പോസ്റ്റിൽ എട്ടും ഗോൾ കയറി. അഞ്ച് ഗോൾ നേടിയ ഫോഴ്‌സ കൊച്ചിയുടെ ഡോറിയൽട്ടന് പിന്നിലായി ടോപ് സ്‌കോറർ സ്ഥാനത്തേക്ക് മത്സരിക്കാനും കണ്ണൂർ, കാലിക്കറ്റ് താരങ്ങളുണ്ട്. നാല് ഗോൾ വീതം നേടിയ അഡ്രിയാൻ സെർഡിനേറോ (കണ്ണൂർ ), ബെൽഫോർട്ട് (കാലിക്കറ്റ്) എന്നിവർ.
കളിയിലും കണക്കിലും ഒപ്പം നിൽക്കുന്ന രണ്ടു ടീമുകൾ ചരിത്രമുറങ്ങുന്ന കോഴിക്കോട് സ്റ്റേഡിയത്തിൽ ഇന്ന് (ഒക്ടോബർ 31) മുഖാമുഖം നിൽക്കുമ്പോൾ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ വാശിപ്പോരിനാവും ഫുട്ബോൾ പ്രേമികൾ സാക്ഷിയാവുക.
‘സെമി ഫൈനലിന് മുൻപ് ഞങ്ങൾ വളരെ പ്രാധാന്യത്തോടെ കാണുന്ന മത്സരമാണ് കണ്ണൂരിനെതിരെയുള്ളത്. ജയിക്കുക എന്നത് തന്നെയാണ് പ്രധാനം. ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം’
കാലിക്കറ്റ് എഫ്സി സഹ പരിശീലകൻ ബിബി തോമസ്
ലീഗ് തലത്തിലെ അവസാന മത്സരമാണ് കാലിക്കറ്റുമായുള്ളത്. ജയിച്ച് , ഒന്നാം സ്ഥാനക്കാരായി സെമി ഫൈനൽ കളിക്കണം. നിർണായക പോരാട്ടത്തിൽ മലപ്പുറത്തെ തോൽപ്പിച്ച വീര്യം ഞങ്ങൾക്ക് നൽകിയ ഊർജ്ജം ചെറുതല്ല. സന്തുലിതമായി കളിക്കുന്ന സംഘമാണ് കാലിക്കറ്റ് എഫ്സി, അവരെ തോൽപ്പിച്ച് ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിന് യോഗ്യത നേടുകയാണ് ലക്ഷ്യം
കണ്ണൂർ വരിയേഴ്‌സ് ഹെഡ് കോച്ച് മാനുവൽ സാഞ്ചസ് .
_
ലൈവ്
മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ഗൾഫ് മേഖലയിൽ ഉള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് കാണാം.