സൂപ്പർ ലീഗ് കേരള; മലപ്പുറത്തിന്റെ കളിയിനി കണ്ണൂരിൻറെ മണ്ണിൽ

Newsroom

Picsart 25 11 18 11 42 46 266
Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറത്തിന്റെ കളിയിനി കണ്ണൂരിൻറെ മണ്ണിൽ

മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി മൂന്നാം എവേ മൽസരത്തിനിറങ്ങുന്നു. കണ്ണൂർ വാരിയേർസ് എഫ്സിയാണ് എതിരാളികൾ. 19ാം തിയ്യതി ബുധനാഴ്ച കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് കിക്കോഫ്. പയ്യനാട് സ്റ്റേഡിയത്തിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യപാദ മൽസരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. സെമി-ഫൈനൽ സാധ്യതകൾ നിലനിർത്തുന്നതിനായി ഒരു സമനിലക്കപ്പുറം എംഎഫ്സിക്ക് ഇത്തവണ കണ്ണൂരിനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. തിരിച്ച് കണ്ണൂരിനും അങ്ങനെ തന്നെ. അത്കൊണ്ട് ജയിക്കാനുറച്ച് തന്നെയായിരിക്കും കണ്ണൂരിൻറെ മണ്ണിലേക്ക് മലപ്പുറം പോകുന്നത്.

1000341493

നിലവിൽ രണ്ട് ടീമുകളും കഴിഞ്ഞ മത്സരം പരാജയപ്പെട്ടാണ് നിൽക്കുന്നത്. മലപ്പുറം എഫ്‌സി തൃശ്ശൂരിനോടും കണ്ണൂർ വാരിയേർസ് കൊമ്പൻസിനോടുമാണ് തോൽവി നേരിട്ടത്. കണ്ണൂരിന് തങ്ങളുടെ കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല, ആദ്യ മത്സരം തൃശ്ശൂരിനെതിരെ സമനിലയിലായപ്പോൾ രണ്ടാമത്തെ മത്സരം സ്വന്തം കാണികൾക്ക് മുന്നിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ 3-1 ന് തോൽക്കുകയും ചെയ്തിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി മലപ്പുറം എഫ്‌സി നിലവിൽ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇതേ പോയിന്റുള്ള കണ്ണൂർ വാരിയേർസ് തൊട്ട് പിന്നിൽ അഞ്ചാം സ്ഥാനത്താണുള്ളത്. നേടിയ ഗോളുകളുടെ വ്യത്യാസത്തിലാണ് മലപ്പുറം മുന്നിട്ട് നിൽക്കുന്നത്. ഇരു ടീമുകൾക്കും ജയം അനിവാര്യമായത് കൊണ്ട് തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ബുധനാഴ്ച കണ്ണൂരിൻറെ മണ്ണിൽ അരങ്ങേറാൻ പോകുന്നത്.

കണ്ണൂർ വാരിയേർസിനെതിരായ മൽസരത്തെ കുറിച്ച് മുഖ്യ പരിശീലകൻ മിഗ്വേൽ കോറലിൻറെ വാക്കുകൾ:- “തൃശൂരിനെതിരായ തോൽവിയിൽ ഞങ്ങൾ നിരാശരാണ്. ചില നല്ല അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ അവ ഗോളുകളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും കണ്ണൂർ വാരിയേഴ്സിനെതിരായ അടുത്ത മത്സരത്തിലാണ്. തീർച്ചയായും അവർ ശക്തരായ ഒരു ടീമാണ്, ഞങ്ങൾ ഞങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾകൊണ്ടിട്ടുണ്ട്. തിരിച്ചുവരാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ആരാധകർക്കായി ഞങ്ങൾ എല്ലാം നൽകും.”