കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയം സൂപ്പര്‍ ലീഗ് കേരളയുടെ ടെക്‌നിക്കല്‍ സംഘം പരിശോധന നടത്തി. മത്സരം ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ നിലവിലുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തികളും വിലയിരുത്താന്‍ വേണ്ടിയായിരുന്നു പരിശോധന.
ഗ്രൗണ്ടില്‍ നടക്കുന്ന പുല്ല് പരിപാലനത്തില്‍ തൃപ്തി അറിയിച്ച സംഘം മത്സരം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് പൂര്‍ണമായും മത്സരത്തിന് സംജ്ജമാക്കണമെന്ന് അറിയിച്ചു.
ഗ്രൗണ്ടില്‍ പുല്ല് വെച്ചു പിടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. മത്സരത്തിന് ആവശ്യമായ താല്‍ക്കാലിക ഡ്രസ്സിംങ് റൂം, ഫ്‌ളഡ്‌ലൈറ്റ്, മെഡിക്കല്‍ റൂം, ബ്രോഡ്കാസ്റ്റ് റൂം, മീഡിയ ബോക്‌സ്, വി.ഐ.പി., വി.വി.ഐ.പി. പവലിയന്‍ തുടങ്ങിയവ നിര്‍മിക്കേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ചു. ഗ്രൗണ്ടിലേക്കുള്ള താല്‍കാലിക ഫ്‌ളഡ് ലൈറ്റുകള്‍ ഉടന്‍ തന്നെ എത്തിക്കാന്‍ സാധിക്കുമെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി വ്യക്തമാക്കി. എസ്.എല്‍.കെ.യുടെ മേല്‍നോട്ടത്തിലാണ് ജവഹര്‍ സ്‌റ്റേഡിയത്തില്‍ താല്‍കാലിക ഫ്‌ളഡ്‌ലൈറ്റ് സംവിധാനം ഒരുക്കുന്നത്.
ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ മാറ്റാത്തതില്‍ അതൃപ്തി അറിയിച്ച സംഘം ഉടന്‍ മാറ്റണമെന്ന് നിര്‍ദേശം നല്‍ക്കി. തുടര്‍ന്ന് കളിക്കരുടെ താമസ സ്ഥലവും പരിശീലന ഗ്രൗണ്ടും സന്ദര്‍ശിച്ചു. സൂപ്പര്‍ ലീഗ് കേരള നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.