കോഴിക്കോട് , സെപ്റ്റംബർ 18, 2024:- സൂപ്പർ ലീഗ് കേരളയുടെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾക്ക് കാലിക്കറ്റ് എഫ്സി ഫോഴ്സ കൊച്ചി എഫ്സി തമ്മിലുള്ള മത്സരത്തോടെ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭമായി. പോയ വാരം മലപ്പുറത്തിനെതിരെ മഞ്ചേരിയിൽ നേടിയ വിജയത്തിൽ കാലിക്കറ്റ് എഫ്സിക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും കൂടുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കാനും കഴിഞ്ഞു. നാലു പോയിന്റുകൾ നേടി പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്താണെങ്കിലും തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആദ്യവിജയം നേടുക എന്നതായിരുന്നു കാലിക്കറ്റ് എഫ്സിയുടെ പ്രഥമ ലക്ഷ്യം.
മറുപുറത്ത് പോർച്ചുഗീസ് തന്ത്രജ്ഞൻ മാരിയോ ലിമോസിന് തന്റെ ക്ലബ്ബിന്റെ തിരിച്ചുവരവ് അനിവാര്യമായിരുന്നു. നിലവിൽ ഒരു പോയിന്റ് മാത്രം നേടി പോയിന്റ് ടേബിൾ അഞ്ചാം സ്ഥാനത്തായിരുന്നു ഫോഴ്സ കൊച്ചി എഫ്സി. ആദ്യ മത്സരത്തിനുശേഷം ടീമിൽ രണ്ടു വിദേശ താരങ്ങളെ കൂടെ ഉൾപ്പെടുത്തിയെങ്കിലും കൊച്ചിക്ക് ലീഗിലെ ആദ്യ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. നിറഞ്ഞുനിന്ന കാലിക്കറ്റ് എഫ്സി ആരാധകരുടെ നടുവിലേക്ക് കൊച്ചിയുടെ സ്വന്തം ആരാധകരും കൊച്ചിയിൽ നിന്ന് എത്തി ഇഎംഎസ് സ്റ്റേഡിയത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
മാച്ച് റിപ്പോർട്ട്
ലീഗിലേക്ക് തങ്ങളുടെ തിരിച്ചുവരവിന് ആവശ്യകത മനസ്സിലാക്കിയായിരുന്നു ഫോഴ്സ കൊച്ചിയുടെ ആദ്യ നിമിഷത്തെ മുന്നേറ്റങ്ങൾ. കാലിക്കറ്റ് എഫ്സിയുടെ താരങ്ങളെ വിശ്രമിക്കാൻ അനുവദിക്കാതെ തുടക്കത്തിൽ തന്നെ കൊച്ചി ആക്രമിക്കാൻ തുടങ്ങിയെങ്കിലും. കോഴിക്കോടിന്റെ ആരാധകരുടെ പിൻബലത്തിൽ കാലിക്കറ്റ് എഫ്സി തങ്ങൾക്ക് ലഭിച്ച അവസരങ്ങളിൽ കൊച്ചിയുടെ ബോക്സിലേക്ക് ഭീതി പടർത്തി കൊണ്ടിരുന്നു. എങ്കിലും ലിമോസും സംഖ്യവും മൂന്ന് പോയിന്റ് നേടുക എന്ന ലക്ഷ്യത്തിൽ ഉറച്ചുനിന്നു, ആദ്യപകുതിയുടെ അധികസമയവും പന്ത് കൈവശം വെച്ച് കാലിക്കറ്റ് എഫ്സിയെ സമ്മർദ്ദത്തിലാക്കിയവർ. എന്നാൽ 42 മിനിറ്റിൽ കാലിക്കറ്റ് എഫ്സിയുടെ സ്വന്തം ഗാനി അഹമ്മദ് പോസ്റ്റിലേക്ക് പായിച്ച പന്ത് കൊച്ചിയുടെ പ്രതിരോധ താരത്തിന്റെ കാലുകളിൽ തട്ടി പോസ്റ്റിലേക്ക് വളഞ്ഞിറങ്ങി. കാലിക്കറ്റ് എഫ്സിയുടെ ഗോളോടെ വാശിയേറിയ മത്സരത്തിന്റെ ആദ്യപകുതിക്ക് വിരാമം കുറിച്ചു.
ആദ്യ പകുതിയിൽ നേടിയ ഗോളിന് പിൻബലത്തിൽ രണ്ടാം പകുതിയിൽ കാലിക്കറ്റ് എഫ്സി കൊച്ചിക്കെതിരെ ആക്രമണം തുടർന്നു. എന്നാൽ പുതിയ തന്ത്രങ്ങൾ മെനയാൻ കൊച്ചി പരിശീലകൻ ലിമോസ് തയ്യാറായിരുന്നു. രണ്ടാം പകുതിയിലെ രണ്ടു മാറ്റങ്ങൾ കൊച്ചിക്ക് തുടർന്നുള്ള നിമിഷങ്ങളിൽ ഊർജമായി. മിഡ്ഫീൽഡർ കമൽ പ്രീത് സിംഗിനെയും , സൗത്ത് ആഫ്രിക്കൻ മുന്നേറ്റതാരം സിയാണ്ടെയെയുമാണ് കൊച്ചി പരിശീലകൻ തന്റെ തന്ത്രങ്ങളുമായി കളത്തിൽ ഇറക്കിയത്. കളത്തിൽ ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സിയാണ്ട സൂപ്പർ ലീഗ് കേരളയിൽ ആദ്യ ഗോൾ നേടി തന്റെ വരവറിയിച്ചു. വിജയത്തിനായി വീണ്ടും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കാലിക്കറ്റ് എക്സി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തോൽവി വഴങ്ങാൻ തയ്യാറായിരുന്നില്ല. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം ഫോഴ്സ കൊച്ചി എഫ് സി യുടെ തുടർച്ചയുള്ള രണ്ടാം സമനിലക്കും വേദിയാക്കി.
Player of the Match :- Ngubo Siyanda- Forca Kochi