കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ആക്രമണ നിരക്ക് കരുത്ത് പകരാന്‍ പുതിയ താരങ്ങളെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരം കീന്‍ ലൂയിസും കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി ബൂട്ടുകെട്ടിയ റോഷന്‍ ജിജിയും കണ്ണൂര്‍ വാരിയേഴ്‌സ് കുപ്പായം അണിയും.
വിങ്ങറായും മധ്യനിരതാരമായും കളിക്കാന്‍ സാധിക്കുന്ന താരമാണ് കീന്‍ ലൂയിസ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റി, ഡല്‍ഹി ഡൈനാമോസ്, ബംഗളൂരു എഫ്‌സി തുടങ്ങിയ ടീമുകള്‍ക്കും ഐ ലീഗില്‍ മോഹന്‍ ബഗാന്‍, സുദേവ ഡല്‍ഹി, റൗണ്ട്ഗ്ലാസ് പഞ്ചാബ്, മുഹമ്മദന്‍സ്, ശ്രീനിധി ഡക്കാന്‍ തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചു. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ ശ്രീനിധി ഡക്കാന് വേണ്ടി ഒമ്പത് മത്സരങ്ങള്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. 2018-19 സീസണില്‍ ബംഗളൂരു എഫ്‌സിക്കൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടവും നേടി.
2015 ല്‍ മെക്‌സിക്കോയിലെ ലീഗാ പ്രീമിയര്‍ ഡി മെക്‌സിക്കോ മൂന്നം ഡിവിഷന്‍ ലീഗില്‍ ഇന്റര്‍ അക്കാപുല്‍ക്കോക്ക് വേണ്ടിയും യു.എസ്.എയിലെ നാഷണല്‍ പ്രീമിയര്‍ സോക്കര്‍ ലീഗില്‍ ലാറെഡോ ഹീറ്റിനുവേണ്ടിയും ബൂട്ടുകെട്ടി.
പൂണെ അണ്ടര്‍ 18 യൂത്ത് വിഭാഗത്തില്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച റോഷന്‍. ഗോകുലം കേരള എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടി. കേരള ബ്ലാസ്റ്റേഴ്‌സില്‍ മൂന്ന് വര്‍ഷം കളിച്ച താരം റിസര്‍വ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. അതോടൊപ്പം ഡ്യൂറന്‍ഡ് കപ്പില്‍ സീനിയര്‍ ടീമിന് വേണ്ടിയും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി കളിച്ച താരം ചാമ്പ്യനുമായി. 2023-24 സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷനില്‍ സ്‌പോര്‍ട്ടിംങ് ക്ലബ് ബംഗളൂരുവിന് വേണ്ടി കളിച്ച് കരീടം സ്വന്തമാക്കി. അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യ ടീമില്‍ അംഗമായിരുന്ന റോഷന്‍ ജര്‍മ്മനിയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ കളിക്കുകയും ചെയ്തിരുന്നു. 2022 ല്‍ സന്തോഷ് ട്രോഫി ടീമിലും ഇടംനേടി.














