മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഗംഭീര തുടക്കം കുറിച്ച് പയ്യനാട്ടെ മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഒഫീഷ്യൽ ലോഞ്ച്. മലപ്പുറം എഫ്സിയുടെ പുതിയ യുവ സ്പാനിഷ് പരിശീലകനെയും റോയ് കൃഷണയടക്കമുള്ള താരങ്ങളെയും നേരിൽ കാണാൻ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് 2500ഓളം ആരാധകരാണ്. ആരാധക്കർക്ക് മുന്നിലേക്കുള്ള റോയ് കൃഷ്ണയുടെ വരവ് ഏവർക്കും ആവേശം നൽകി. ടീം സ്റ്റാഫുകളെയും എല്ലാ ടീമംഗങ്ങളെയും ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി. പ്രായഭേദമന്യേ മുതിർന്നവരും കുട്ടികളുമടക്കം ഒരുപാട് പേരാണ് ചടങ്ങിന് എത്തിയത്. മലപ്പുറത്തെ ഫുട്ബോൾ ആരാധകരുടെ അഭിനിവേശം വ്യക്തമാക്കുന്നതായിരുന്നു അവരുടെ പങ്കാളിത്തം.

ചടങ്ങിൽ ഇന്ത്യൻ നെറ്റ്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും പ്രശസ്ത സിനിമാ നടിയുമായ പ്രാചി തെഹ്ലൻ മുഖ്യാതിഥിയായിരുന്നു. ക്ലബ്ബിന്റെ ഈ സീസണിലേക്കുള്ള പുതിയ ഔദ്യോഗിക ജേഴ്സികളുടെ പ്രകാശനം താരം നിർവ്വഹിച്ചു. എംഎഫ്സി യൂത്ത് പ്രൊമോട്ടർമാരായ അർഷഖും യൂസഫ് അജ്മലും ചേർന്ന് ജേഴ്സികൾ ഏറ്റുവാങ്ങി. ഹമ്മൽ ഇന്ത്യ ഹെഡ് അജിൽ ഡി അൽമെയ്ഡ, മലപ്പുറം എഫ്സി സ്‌കൗട്ടിംഗ് ഡയറക്ടർ അനസ് എടത്തൊടിക,കേരളാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് നവാസ് മീരാൻ,മലപ്പുറം എഫ്സിയുടെ ഡയറക്ടർമാരായ ഡോ: അൻവർ അമീൻ ചേലാട്ട്, ആഷിഖ് കൈനിക്കര, ഷംസുദ്ധീൻ എ.പി, അജ്മൽ വി.എ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ വയലിനിസ്റ്റും സംഗീതജ്ഞനുമായ സെഫിൻ ഫരീദും സംഘവും ആരാധകർക്കായി അവതരിപ്പിച്ച സംഗീത വിരുന്ന് ആഘോഷത്തിന്റെ മാറ്റുകൂട്ടി. എസ്എൽകെയുടെ ആദ്യ സീസണിൽ മലപ്പുറത്തെ ജനങ്ങൾ നൽകിയ പിന്തുണ വിലമതിക്കാനാവത്തതായിരുന്നു. ഈ വർഷവും അതേ പിന്തുണ ആരാധകരുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും 3തിയ്യതി ആദ്യ ഹോം മത്സരത്തിന് സ്റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീം ഡയറക്ട്ടർമാർ പറഞ്ഞു.
5 വിദേശ കളിക്കാരുൾപ്പെടെ 24 പേരാണ് നിലവിൽ സ്ക്വാഡിലുള്ളത്. യുവ സ്പാനിഷ് പരിശീലകനായ മിഗ്വേൽ കോറൽ ടൊറൈറയാണ് ടീമിന്റെ ഹെഡ് കോച്ച് . വെറും 34 വയസ്സ് പ്രായം മാത്രമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ സീസണിലും ടീമിന്റെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ക്ലിയോഫസ് അലക്സ് തന്നെയാണ് ഇത്തവണയും അസിസ്റ്റന്റ് കോച്ച്. ഐ-ലീഗ് രണ്ടാം ഡിവിഷനിൽ സാറ്റ് തിരൂരിനെ പരിശീലിപിച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ്.സി റിസർവ് ടീം മുഖ്യ പരിശീലകനും കൂടിയായിരുന്നു. ഗോൾകീപ്പർ കോച്ചായി മുൻ ഇന്ത്യൻ താരവും ഗോവൻ സ്വദേശിയുമായ ഫെലിക്സ് ഡിസൂസയുമുണ്ട്.
ഗോൾകീപ്പർമാർ-മുഹമ്മദ് അസ്ഹർ, അജ്മൽ പി.എ, മുഹമ്മദ് ജസീൻ
പ്രതിരോധ താരങ്ങൾ-ഹക്കു നെടിയോടത്ത്, നിതിൻ മധു, അഖിൽ പ്രവീൺ, സഞ്ജു ഗണേഷ്, ടോണി ആന്റണി, സബ്രിൻ ബുഷ്, ജിതിൻ പ്രകാശ്, സച്ചിൻ ദേവ്
മധ്യനിര താരങ്ങൾ- മുഹമ്മദ് ഇർഷാദ്, ഗനി നിഗം, അഭിജിത്ത് പിഎ, സയ്‌വിൻ എറിക്സൺ,
ഫക്കുണ്ടോ ബല്ലാർഡോ(അർജന്റീന), കൊമ്രോൺ തുർസുനോവ്(താജിക്കിസ്ഥാൻ), എയ്റ്റർ അൽദാലൂർ(സ്പെയിൻ),
മുന്നേറ്റനിര താരങ്ങൾ- ഫസ്‌ലു റഹ്മാൻ, അക്ബർ സിദ്ദിഖ്, റോയ് കൃഷ്ണ(ഫിജി), ജോൺ കെന്നഡി(ബ്രസീൽ), മുഹമ്മദ് റിസ്‌വാൻ, റിഷാദ് ഗഫൂർ