സൂപ്പർ ലീഗ് കേരള; തൃശൂരും തിരുവനന്തപുരവും സമനിലയിൽ

തൃശൂർ: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ തുടർച്ചയായ രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചു. എട്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ തൃശൂർ മാജിക് എഫ്സിയും തിരുവനന്തപുരം കൊമ്പൻസ് എഫ്സിയുമാണ് ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞത് (1-1). കൊമ്പൻസിന്റെ ഗോൾ
പൗളോ വിക്ടറും തൃശൂരിന്റെ ഗോൾ
ഫൈസൽ അലിയും നേടി. എട്ട് കളികളിൽ 14 പോയന്റുമായി തൃശൂർ പട്ടികയിൽ രണ്ടാംസ്ഥാനത്താണ്. 11പോയന്റുള്ള കൊമ്പൻസ് മൂന്നാമത്.

ആദ്യ ഇലവനിൽ അഞ്ച് മാറ്റങ്ങളുമായാണ് ആതിഥേയരായ തൃശൂർ എട്ടാം മത്സരത്തിന് കോർപറേഷൻ സ്റ്റേഡിയത്തിലിറങ്ങിയത്. അഞ്ചാം മിനിറ്റിൽ തന്നെ തിരുവനന്തപുരം ഗോളടിച്ചു. ഷാഫിയിൽ നിന്ന് വന്ന പന്ത് തൃശൂരിന്റെ മുഹമ്മദ്‌ ജിയാദിന് ക്ലിയർ ചെയ്യാൻ കഴിയാതിരുന്നതോടെഓടിപ്പിടിച്ച പൗളോ വിക്ടർ ഗോളാക്കി മാറ്റി (1-0). ലീഗിൽ ബ്രസീലുകാരൻ നേടുന്ന രണ്ടാമത്തെ ഗോൾ.

പതിനാറാം മിനിറ്റിൽ തൃശൂർ തിരിച്ചടിച്ചു. ഇവാൻ മാർക്കോവിച്ചിന്റെ പാസ് കെവിൻ ജാവിയർ നീക്കി നൽകിയപ്പോൾ ഫൈസൽ അലി ഫസ്റ്റ് ടൈം ടച്ചിൽ പന്ത് വലയിലാക്കി (1-1).

ഇരുപത്തിയാറാം മിനിറ്റിൽ എതിരാളികളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു മുന്നേറിയ കൊമ്പൻസിന്റെ റൊണാൾഡ് നടത്തിയ ശ്രമം ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ഇരുഭാഗത്ത് നിന്നും ആസൂത്രിതമായ നീക്കങ്ങളൊന്നും പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ്‌ ഷാഫിയെ പിൻവലിച്ച കൊമ്പൻസ് മുഹമ്മദ്‌ അസ്ഹറിനെ കൊണ്ടുവന്നു. കെവിൻ ജാവിയറിനെ കാൽവെച്ചുവീഴ്ത്തിയ കൊമ്പൻസിന്റെ ജാസിമിന് റഫറി മഞ്ഞക്കാർഡ് നൽകി. കളി അവസാന അരമണിക്കൂറിലേക്ക് കടന്നതോടെ കൊമ്പൻസ് യദു കൃഷ്ണ, ബിബിൻ ബോബൻ എന്നിവർക്കും തൃശൂർ നവീൻ കൃഷ്ണ, ഉമാശങ്കർ എന്നിവർക്കും അവസരം നൽകി.
എഴുപത്തിമൂന്നാം മിനിറ്റിൽ കെവിൻ ജാവിയർ എടുത്ത ഫ്രീകിക്ക് കൊമ്പൻസിന്റെ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ റൊണാൾഡ് പറത്തിയ ഷോട്ട് തൃശൂർ ഗോളി കമാലുദ്ധീൻ തട്ടിത്തെറിപ്പിച്ചു.
തിരുവനന്തപുരത്ത് നടന്ന ആദ്യപാദ മത്സരത്തിൽ തൃശൂർ ഒരു ഗോളിന് കൊമ്പൻസിനെ തോൽപ്പിച്ചിരുന്നു.

ഞായറാഴ്ച (നവംബർ 23) എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

മഴക്കളി; കണ്ണൂർ – മലപ്പുറം പോരാട്ടം സമനിലയിൽ

കണ്ണൂർ: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയും മലപ്പുറം എഫ്സിയും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കനത്ത മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ തടസപ്പെട്ട മത്സരത്തിൽ കണ്ണൂരിനായി മുഹമ്മദ്‌ സിനാൻ, നിദാൽ സയ്യിദ് എന്നിവരും മലപ്പുറത്തിനായി അബ്ദുൽ ഹക്കു, എയ്തോർ ആൽഡലിർ എന്നിവരും ഗോൾ നേടി. ഏഴ് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കണ്ണൂരിനും മലപ്പുറത്തിനും 10 പോയന്റ് വീതമാണുള്ളത്. ഗോൾശരാശരിയുടെ മികവിൽ മലപ്പുറം മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. കണ്ണൂർ അഞ്ചാമതാണ്.

ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഏഴാം മിനിറ്റിൽ മലപ്പുറത്തിനായി എൽഫോർസി എടുത്ത കോർണർ കിക്കിന് അബ്ദുൽ ഹക്കു തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇരുപത്തിനാലാം മിനിറ്റിൽ എൽഫോർസിയെ ഫൗൾ ചെയ്ത കണ്ണൂർ ക്യാപ്റ്റൻ ലവ്സാംബക്ക് റഫറി മഞ്ഞക്കാർഡ് നൽകി. തൊട്ടുപിന്നാലെ ലഭിച്ച സുവർണാവസരം മലപ്പുറത്തിന്റെ അണ്ടർ 23 താരം റിഷാദ് ഗഫൂർ പുറത്തേക്കടിച്ചു നഷ്ടമാക്കി.

മുപ്പത്തിരണ്ടാം മിനിറ്റിൽ കണ്ണൂരിന്റെ ഗോൾ. എസിയർ ഗോമസ് നൽകിയ പാസ് വലതു വിങിൽ നിന്ന് കരീം സാമ്പ് സെക്കന്റ് പോസ്റ്റിലേക്ക് ഉയർത്തിയിട്ടു. കുതിച്ചെത്തിയ യുവതാരം മുഹമ്മദ്‌ സിനാൻ ഡൈവിങ് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു (1-0).
ജോൺ കെന്നഡിയെ വലിച്ചുവീഴ്ത്തിയ കണ്ണൂരിന്റെ വികാസിനും മഞ്ഞക്കാർഡ് ലഭിച്ചു. നാൽപ്പത്തിരണ്ടാം മിനിറ്റിൽ മലപ്പുറം സമനില പിടിച്ചു. എൽഫോർസിയുടെ കോർണർ വലയിലെത്തിച്ചത് അബ്ദുൽ ഹക്കു (1-1). സീസണിൽ ഹക്കു നേടുന്ന രണ്ടാം ഗോൾ.

കനത്ത മഴയിലും കാറ്റിലുമാണ് രണ്ടാം പകുതി തുടങ്ങിയത്. മൂന്ന് മിനിറ്റിനകം മലപ്പുറം ഗോൾ നേടി. എൽഫോർസി ഉയർത്തിനൽകിയ പന്ത് ക്യാപ്റ്റൻ എയ്തോർ ആൽഡലിറാണ് ഹെഡ്ഡറിലൂടെ ഗോളാക്കിമാറ്റിയത് (1-2). തൊട്ടുപിന്നാലെ ശക്തമായ മഴയെ തുടർന്ന് ഗ്രൗണ്ടിൽ വെള്ളം കെട്ടിക്കിടന്നതോടെ റഫറി വെങ്കിടേശ് മത്സരം താൽക്കാലികമായി നിർത്തിവെച്ചു.

ഒരു മണിക്കൂറിലേറെ സമയം കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ പന്ത് നീക്കാൻ ഇരു ടീമുകളും പ്രയാസപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീട്. കളി പുനരാരംഭിച്ച ശേഷം
കരീം സാമ്പിന് മികച്ച രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മലപ്പുറം ഗോൾ കീപ്പർ അസ്ഹറിനെ മറികടക്കാൻ കഴിഞ്ഞില്ല. അറുപത്തിയേഴാം മിനിറ്റിൽ കണ്ണൂർ ഒപ്പമെത്തി. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ലവ്സാംബ ബാക്ക് ഹീൽ പാസ് നൽകിയത് പകരക്കാരനായി എത്തിയ നിദാൽ സയ്യിദ് ഗോളാക്കി മാറ്റി (2-2). 17899 കാണികൾ മത്സരം കാണാനെത്തി.

വെള്ളിയാഴ്ച (നവംബർ 21) എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പർ ലീഗ് കേരള; തൃശൂരിനെ തോൽപ്പിച്ച് കാലിക്കറ്റ്‌ എഫ്സി ഒന്നാമത്

തൃശൂർ: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ്‌ എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് തൃശൂർ മാജിക് എഫ്സിയെ തോൽപ്പിച്ചു. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഏഴാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഫെഡ്രിക്കോ ബുവാസോയാണ് നിർണായക ഗോൾ നേടിയത്. ഏഴ് കളികളിൽ 14 പോയന്റുമായി കാലിക്കറ്റ്‌ പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറി. 13 പോയന്റുള്ള
തൃശൂർ രണ്ടാമതാണ്.

പതിനഞ്ചാം മിനിറ്റിൽ കാലിക്കറ്റ്‌ ഗോളിന് അടുത്തെത്തി. ഫെഡ്രിക്കോ ബുവാസോയുടെ ത്രൂ ബോൾ മുഹമ്മദ്‌ റോഷൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും തൃശൂരിന്റെ പരിചയസമ്പന്നനായഗോൾകീപ്പർ ലക്ഷ്മികാന്ത്‌ കട്ടിമണി രക്ഷകനായി. തൊട്ടുപിന്നാലെ കാലിക്കറ്റിന്റെ അജ്സൽ പോസ്റ്റിന്റെ കോർണറിലേക്ക് പൊക്കിയിട്ട പന്തും
കട്ടിമണി കൈപ്പിടിയിലാക്കി. ആദ്യപകുതിയിൽ ആധിപത്യം പുലർത്താൻ കാലിക്കറ്റിന് കഴിഞ്ഞെങ്കിലും ഗോൾ പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജുനെ പിൻവലിച്ച കാലിക്കറ്റ്‌ ക്യാപ്റ്റൻ പ്രശാന്തിനെ കൊണ്ടുവന്നു. പിന്നാലെ ഫൈസൽ അലി, ഫ്രാൻസിസ് അഡോ എന്നിവരെ തൃശൂരും ആഷിഖ്, അരുൺ എന്നിവരെ കാലിക്കറ്റും കളത്തിലിറക്കി. അറുപത്തിയൊൻപതാം മിനിറ്റിൽ ബുവാസോയുടെ പാസ് സ്വീകരിച്ച് അജ്സൽ എടുത്ത ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ബിബിൻ അജയനെ ഫൗൾ ചെയ്ത കാലിക്കറ്റിന്റെ ആഷിഖിന് റഫറി മഞ്ഞക്കാർഡ് നൽകി. എൺപത്തിയാറാം മിനിറ്റിൽ കളിയുടെ വിധിയെഴുതിയ ഗോൾ വന്നു. പകരക്കാരൻ ഷഹബാസ് അഹമ്മദ്‌ വലതു വിങിൽ നിന്ന് നൽകിയ ക്രോസ്സ് അർജന്റീനക്കാരൻ ഫെഡ്രിക്കോ ബുവാസോ ഹെഡ്ഡ് ചെയ്തു വലയിലെത്തിച്ചു (1-0).
ആദ്യ പാദത്തിൽ കോഴിക്കോട് ഏറ്റുമുട്ടിയപ്പോൾ തൃശൂർ ഒരു ഗോളിന് കാലിക്കറ്റിനെ തോൽപ്പിച്ചിരുന്നു. 10580 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

ബുധനാഴ്ച (നവംബർ 19) ഏഴാം റൗണ്ടിലെ അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പർ ലീഗ് കേരള; മലപ്പുറത്തിന്റെ കളിയിനി കണ്ണൂരിൻറെ മണ്ണിൽ

മലപ്പുറത്തിന്റെ കളിയിനി കണ്ണൂരിൻറെ മണ്ണിൽ

മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി മൂന്നാം എവേ മൽസരത്തിനിറങ്ങുന്നു. കണ്ണൂർ വാരിയേർസ് എഫ്സിയാണ് എതിരാളികൾ. 19ാം തിയ്യതി ബുധനാഴ്ച കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് കിക്കോഫ്. പയ്യനാട് സ്റ്റേഡിയത്തിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യപാദ മൽസരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. സെമി-ഫൈനൽ സാധ്യതകൾ നിലനിർത്തുന്നതിനായി ഒരു സമനിലക്കപ്പുറം എംഎഫ്സിക്ക് ഇത്തവണ കണ്ണൂരിനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. തിരിച്ച് കണ്ണൂരിനും അങ്ങനെ തന്നെ. അത്കൊണ്ട് ജയിക്കാനുറച്ച് തന്നെയായിരിക്കും കണ്ണൂരിൻറെ മണ്ണിലേക്ക് മലപ്പുറം പോകുന്നത്.

നിലവിൽ രണ്ട് ടീമുകളും കഴിഞ്ഞ മത്സരം പരാജയപ്പെട്ടാണ് നിൽക്കുന്നത്. മലപ്പുറം എഫ്‌സി തൃശ്ശൂരിനോടും കണ്ണൂർ വാരിയേർസ് കൊമ്പൻസിനോടുമാണ് തോൽവി നേരിട്ടത്. കണ്ണൂരിന് തങ്ങളുടെ കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല, ആദ്യ മത്സരം തൃശ്ശൂരിനെതിരെ സമനിലയിലായപ്പോൾ രണ്ടാമത്തെ മത്സരം സ്വന്തം കാണികൾക്ക് മുന്നിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ 3-1 ന് തോൽക്കുകയും ചെയ്തിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി മലപ്പുറം എഫ്‌സി നിലവിൽ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇതേ പോയിന്റുള്ള കണ്ണൂർ വാരിയേർസ് തൊട്ട് പിന്നിൽ അഞ്ചാം സ്ഥാനത്താണുള്ളത്. നേടിയ ഗോളുകളുടെ വ്യത്യാസത്തിലാണ് മലപ്പുറം മുന്നിട്ട് നിൽക്കുന്നത്. ഇരു ടീമുകൾക്കും ജയം അനിവാര്യമായത് കൊണ്ട് തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ബുധനാഴ്ച കണ്ണൂരിൻറെ മണ്ണിൽ അരങ്ങേറാൻ പോകുന്നത്.

കണ്ണൂർ വാരിയേർസിനെതിരായ മൽസരത്തെ കുറിച്ച് മുഖ്യ പരിശീലകൻ മിഗ്വേൽ കോറലിൻറെ വാക്കുകൾ:- “തൃശൂരിനെതിരായ തോൽവിയിൽ ഞങ്ങൾ നിരാശരാണ്. ചില നല്ല അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ അവ ഗോളുകളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും കണ്ണൂർ വാരിയേഴ്സിനെതിരായ അടുത്ത മത്സരത്തിലാണ്. തീർച്ചയായും അവർ ശക്തരായ ഒരു ടീമാണ്, ഞങ്ങൾ ഞങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾകൊണ്ടിട്ടുണ്ട്. തിരിച്ചുവരാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ആരാധകർക്കായി ഞങ്ങൾ എല്ലാം നൽകും.”

ഐ.എസ്.എല്‍ താരം കീന്‍ ലൂയിസും റോഷന്‍ ജിജിയും കണ്ണൂർ വാരിയേഴ്സിൽ

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ആക്രമണ നിരക്ക് കരുത്ത് പകരാന്‍ പുതിയ താരങ്ങളെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരം കീന്‍ ലൂയിസും കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി ബൂട്ടുകെട്ടിയ റോഷന്‍ ജിജിയും കണ്ണൂര്‍ വാരിയേഴ്‌സ് കുപ്പായം അണിയും.


വിങ്ങറായും മധ്യനിരതാരമായും കളിക്കാന്‍ സാധിക്കുന്ന താരമാണ് കീന്‍ ലൂയിസ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റി, ഡല്‍ഹി ഡൈനാമോസ്, ബംഗളൂരു എഫ്‌സി തുടങ്ങിയ ടീമുകള്‍ക്കും ഐ ലീഗില്‍ മോഹന്‍ ബഗാന്‍, സുദേവ ഡല്‍ഹി, റൗണ്ട്ഗ്ലാസ് പഞ്ചാബ്, മുഹമ്മദന്‍സ്, ശ്രീനിധി ഡക്കാന്‍ തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചു. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ ശ്രീനിധി ഡക്കാന് വേണ്ടി ഒമ്പത് മത്സരങ്ങള്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. 2018-19 സീസണില്‍ ബംഗളൂരു എഫ്‌സിക്കൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടവും നേടി.

2015 ല്‍ മെക്‌സിക്കോയിലെ ലീഗാ പ്രീമിയര്‍ ഡി മെക്‌സിക്കോ മൂന്നം ഡിവിഷന്‍ ലീഗില്‍ ഇന്റര്‍ അക്കാപുല്‍ക്കോക്ക് വേണ്ടിയും യു.എസ്.എയിലെ നാഷണല്‍ പ്രീമിയര്‍ സോക്കര്‍ ലീഗില്‍ ലാറെഡോ ഹീറ്റിനുവേണ്ടിയും ബൂട്ടുകെട്ടി.


പൂണെ അണ്ടര്‍ 18 യൂത്ത് വിഭാഗത്തില്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച റോഷന്‍. ഗോകുലം കേരള എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടി. കേരള ബ്ലാസ്റ്റേഴ്‌സില്‍ മൂന്ന് വര്‍ഷം കളിച്ച താരം റിസര്‍വ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. അതോടൊപ്പം ഡ്യൂറന്‍ഡ് കപ്പില്‍ സീനിയര്‍ ടീമിന് വേണ്ടിയും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി കളിച്ച താരം ചാമ്പ്യനുമായി. 2023-24 സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷനില്‍ സ്‌പോര്‍ട്ടിംങ് ക്ലബ് ബംഗളൂരുവിന് വേണ്ടി കളിച്ച് കരീടം സ്വന്തമാക്കി. അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യ ടീമില്‍ അംഗമായിരുന്ന റോഷന്‍ ജര്‍മ്മനിയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ കളിക്കുകയും ചെയ്തിരുന്നു. 2022 ല്‍ സന്തോഷ് ട്രോഫി ടീമിലും ഇടംനേടി.

സൂപ്പർ ലീഗ് കേരള; കൊച്ചിക്ക് ഏഴാം തോൽവി

കൊച്ചി: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി എഫ്സിക്ക് ഏഴാം തോൽവി. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‍സിയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഖാലിദ് റോഷൻ നേടിയ ഗോളിലാണ് തിരുവനന്തപുരത്തിന്റെ വിജയം. കൊച്ചിയുടെ റിജോൺ ജോസ്, തിരുവനന്തപുരത്തിന്റെ
ശരീഫ് ഖാൻ എന്നിവർക്ക് മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചു. ഏഴ് കളികളിൽ 10 പോയന്റുള്ള തിരുവനന്തപുരം ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. കളിച്ച ഏഴ് കളികളും പരാജയപ്പെട്ട കൊച്ചി സെമി ഫൈനൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട് പോയന്റ് ഒന്നുമില്ലാതെ അവസാന പടിയിൽ നിൽക്കുന്നു.

എട്ടാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ തിരുവനന്തപുരത്തിന്റെ ഓട്ടിമർ ബിസ്‌പോക്ക് ഗോളടിക്കാൻ അവസരമൊത്തു. എന്നാൽ ബ്രസീൽ താരത്തിന്റെ ഫിനിഷിങ് ശ്രമം ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പതിനേഴാം മിനിറ്റിൽ തിരുവനന്തപുരം ഗോൾ നേടി. അബ്ദുൽ ബാദിഷ് നീക്കി നൽകിയ പന്തിൽ ഖാലിദ് റോഷന്റെ മനോഹര ഫിനിഷിങ് (1-0). ആദ്യപകുതിയിൽ തന്നെ ഖാലിദ് റോഷൻ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് മുഹമ്മദ്‌ ഷാഫി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അമോസ് കിരിയയെ പിൻവലിച്ച കൊച്ചി മാർക്ക് വർഗാസിനെ കളത്തിലിറക്കി. അറുപത്തിയൊന്നാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ പൗലോ വിക്റ്ററിന് ഗോളി മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അറുപത്തിയാറാം മിനിറ്റിൽ ബോക്സിന് പുറത്ത് പൗലോ വിക്റ്ററിനെ ഫൗൾ ചെയ്തു വീഴ്ത്തിയ കൊച്ചിയുടെ റിജോൺ ജോസിന് റഫറി ചുവപ്പ് കാർഡ് നൽകി. റൊമാരിയോ ജെസുരാജിന് പകരം നിജോ ഗിൽബർട്ടിനെ കൊണ്ടുവന്ന കൊച്ചിയുടെ ഗോൾശ്രമങ്ങൾ ഒന്നും ഫലം കാണാതെ പോയി. എൺപതാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ ശരീഫ് ഖാനും രണ്ടാം മഞ്ഞക്കാർഡിന് പിന്നാലെ ചുവപ്പുകാർഡ് വാങ്ങി കളം വിട്ടു.

ചൊവ്വാഴ്ച (നവംബർ 18) ഏഴാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, കാലിക്കറ്റ്‌ എഫ്സിയെ നേരിടും. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പർ ലീഗ് കേരള; മലപ്പുറത്തെ തോൽപ്പിച്ച് തൃശൂർ ഒന്നാം സ്ഥാനത്ത്

തൃശൂർ: മലപ്പുറം എഫ്സിക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച തൃശൂർ മാജിക് എഫ്സി അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയുടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ 2-1 നാണ് തൃശൂരിന്റെ വിജയം. ഇവാൻ മാർക്കോവിച്ച്, എസ് കെ ഫയാസ് എന്നിവർ തൃശൂരിനായും ജോൺ കെന്നഡി മലപ്പുറത്തിനായും സ്കോർ ചെയ്തു. മൂന്ന് ഗോളുകളും പിറന്നത് ഒന്നാം പകുതിയിൽ. ആറ് റൗണ്ട് മത്സരം പൂർത്തിയാവുമ്പോൾ 13 പോയന്റുമായി തൃശൂർ ഒന്നാം സ്ഥാനത്താണ്. ഒൻപത് പോയന്റുള്ള മലപ്പുറം മൂന്നാമത്.

ആറ് മിനിറ്റിനിടെ അടിയും തിരിച്ചടിയും കണ്ടാണ് മത്സരത്തിന് ചൂടുപിടിച്ചത്. നാലാം മിനിറ്റിൽ തൃശൂർ ലീഡ് നേടുന്നു. ബിബിൻ അജയന്റെ പാസിൽ സ്കോർ ചെയ്തത് ഇവാൻ മാർക്കോവിച്ച് (1-0). ആറാം മിനിറ്റിൽ തന്നെ മലപ്പുറം തിരിച്ചടിച്ചു. റോയ് കൃഷ്ണയുടെ ഒത്താശയിൽ ജോൺ കെന്നഡിയുടെ ഗോൾ (1-1). ലീഗിൽ ബ്രസീലുകാരന്റെ അഞ്ചാം ഗോളാണിത്. ഇരുപത്തിയേഴാം മിനിറ്റിൽ വീണ്ടും തൃശൂരിന്റെ ഗോൾ. ബിബിൻ അജയന്റെ വലതു വിങിൽ നിന്നുള്ള ക്രോസ് ഹെഡ്ഡ് ചെയ്ത് മലപ്പുറത്തിന്റെ വലകുലുക്കിയത് എസ് കെ ഫയാസ് (2-1). ആദ്യപകുതി അവസാനിക്കാനിരിക്കെ തൃശൂർ നായകൻ ലെനി റോഡ്രിഗസിനെ ഫൗൾ ചെയ്ത മലപ്പുറത്തിന്റെ ഇർഷാദിന് മഞ്ഞക്കാർഡ് ലഭിച്ചു. തൊട്ടുപിന്നാലെ തൃശൂരിന് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി.

മൂന്ന് മാറ്റങ്ങളുമായാണ് മലപ്പുറം രണ്ടാം പകുതി തുടങ്ങിയത്. അഖിൽ പ്രവീൺ, ഇഷാൻ പണ്ഡിത, അബ്ദുൽ ഹക്കു എന്നിവർ കളത്തിലിറങ്ങി. അറുപതാം മിനിറ്റിൽ മലപ്പുറം ക്യാപ്റ്റൻ എയ്റ്റർ ആൽഡലിർ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് സ്പാനിഷ് താരം ഫക്കുണ്ടോ ബല്ലാർഡോ. കോർണർ ബോളിൽ ഹക്കുവിന്റെ ഹെഡ്ഡർ തൃശൂർ ഗോൾകീപ്പർ കട്ടിമണി തടുത്തിട്ടതിന് പിന്നാലെ
ആതിഥേയർക്കായി ഫ്രാൻസിസ് അഡോ പകരക്കാരനായി വന്നു. രണ്ടാം പകുതിയിൽ ആധിപത്യം നേടാൻ മലപ്പുറത്തിന് കഴിഞ്ഞെങ്കിലും സമനില ഗോൾ നേടാൻ കഴിഞ്ഞില്ല. സീസണിലെ ആദ്യ മത്സരത്തിൽ മലപ്പുറത്തോനോട് നേരിട്ട തോൽവിക്ക് തൃശൂർ സ്വന്തം ഗ്രൗണ്ടിൽ പകരം വീട്ടുന്നത് കാണാൻ 6219 കാണികൾ
കോർപറേഷൻ സ്റ്റേഡിയത്തിലെത്തി.

ശനിയാഴ്ച (നവംബർ 15) ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തിൽ
ഫോഴ്‌സ കൊച്ചി എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ
കിക്കോഫ് രാത്രി 7.30 ന്. കളിച്ച ആറ് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചിക്ക് സെമി ഫൈനൽ കളിക്കാനുള്ള വിദൂര സാധ്യതയെങ്കിലും നിലനിർത്താൻ തിരുവനന്തപുരത്തിനെതിരെ വൻമാർജിനിൽ വിജയിക്കണം.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

മലപ്പുറം എഫ് സി നാളെ തൃശൂർ മാജികിനെതിരെ

മലപ്പുറം: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മലപ്പുറത്തിൻറെ അടുത്ത എവേ പോരാട്ടം പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ. 14-ാം തീയ്യതി വെള്ളിയായ്ച തൃശ്ശൂർ മാജിക് എഫ്സിയുടെ തട്ടകമായ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് ആണ് മത്സരം. എസ്എൽകെയിൽ ഇതാദ്യമായാണ് തൃശ്ശൂർ മാജിക് തങ്ങളുടെ സ്വന്തം കാണികൾക്ക് മുമ്പിൽ പന്ത് തട്ടാനൊരുങ്ങുന്നത്.

എംഎഫ്സിയുടെ രണ്ടാം എവേ മത്സരമാണ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സീസണിലെ ആദ്യ ഹോം മത്സരത്തിൽ ഒരു ഗോളിന് മലപ്പുറം തൃശ്ശൂരിനെ പരാജയപ്പടുത്തിയിരുന്നു. റോയ് കൃഷ്ണയാണ് അന്ന് പെനാൽട്ടിയിലൂടെ മലപ്പുറത്തിന് വേണ്ടി വിജയഗോൾ നേടിയത്.നിലവിൽ ലീഗിൽ തോൽവിയറിയാത്ത ഏക ടീമാണ് മലപ്പുറം എഫ്സി.

അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി തൃശൂർ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. മലപ്പുറമാണെങ്കിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 9 പോയിൻറോടെ തൊട്ട് പിന്നിൽ മൂന്നാം സ്ഥാനത്ത് തന്നെയുണ്ട്. ആറ് മത്സരങ്ങളിൽ നിന്നും 11 പോയിൻറുള്ള കാലിക്കറ്റ് എഫ്സിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ കളി ജയിച്ച് ടേബിളിൽ വീണ്ടും ഒന്നാമതെത്തുകയാണ് മലപ്പുറത്തിന്റെ ലക്ഷ്യം.

കണ്ണൂർ വാരിയേഴ്സിന്റെ മൂന്നാം ഹോം മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും

സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ മൂന്നാം ഹോം മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന നാളെ (14-11-2025) ആരംഭിക്കും. നവംബര്‍ 19 ന് ബുധനാഴ്ച രാത്രി 7.30 ന് മലപ്പുറം എഫ്സികെതിരെയാണ് മത്സരം.
ആദ്യ മത്സരത്തില്‍ അനുഭവപ്പെട്ട അനിയന്ത്രിത തിരക്കിനെ തുടര്‍ന്ന് അധികാരികള്‍ സൗജന്യമായി ആളുകളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ സുരക്ഷ മുന്‍നിര്‍ത്തി കണ്ണൂര്‍ വാരിയേഴ്‌സ് മാനേജ്‌മെന്റ് സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുമുള്ള സൗജന്യം പ്രവേശനം നിര്‍ത്തലാക്കുന്നതായി അറിയിച്ചു.

ഇനിയുള്ള മത്സരങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശനം. അതിനാല്‍ ആളുകള്‍ക്ക് കുറഞ്ഞ ചലവില്‍ ടിക്കറ്റ് എടുക്കുന്നതിന് 199, 149 എന്നീ പ്രീമിയം, ഡിലക്സ് ടിക്കറ്റുകള്‍ നിര്‍ത്തലാക്കി. അതിന് പകരം ഗ്യാലറിയിലെ എല്ലാ ടിക്കറ്റുകള്‍ക്കും 100 രൂപയാക്കി കുറച്ചു. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രണ്ട് വിഭാഗങ്ങളില്‍ മാത്രമായിരിക്കും ടിക്കറ്റുകള്‍. 100 രൂപയുടെ ഗ്യാലറി 500 രൂപയുടെ വി.ഐ.പി. ടിക്കറ്റുകളായിരിക്കും വരും മത്സരങ്ങള്‍ക്ക് ഉണ്ടായിരിക്കുക.


ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റുകളുടെ വില്‍പന ഇന്ന് (14-11-2025) ആരംഭിക്കും. www.ticketgenie.in എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാവുന്നതാണ്. ഓഫ് ലൈന്‍ ടിക്കറ്റുകളുടെ വില്‍പന ഷോപ്രിക്സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ താഴെചൊവ്വ, പയ്യന്നൂര്‍, തളിപ്പറമ്പ്, പുതിയെരു എന്നീ ഔട്ട് ലെറ്റുകളില്‍ നവംബര്‍ 15 മുതല്‍ ആരംഭിക്കും. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസ് ടിക്കറ്റ് വില്‍പന 15 തുടങ്ങും.

ഫോർസ കൊച്ചി എഫ്‌സി പരിശീലകൻ മിഗ്വൽ യ്യാഡോയെ പുറത്താക്കി


കൊച്ചി: കളിച്ച ആറ് മത്സരങ്ങളിലും വിജയം നേടാൻ കഴിയാതെ വന്നതിനെ തുടർന്ന് പ്രതിസന്ധിയിലായ ഫോർസ കൊച്ചി ഫുട്ബോൾ ക്ലബ്ബും മുഖ്യ പരിശീലകൻ മിഗ്വൽ യ്യാഡോയും പരസ്പര ധാരണയോടെ വേർപിരിഞ്ഞു. ഈ സീസൺ തുടക്കത്തിൽ ക്ലബ്ബിൽ ചേർന്ന യ്യാഡോയുടെ അർപ്പണബോധത്തിനും പരിശ്രമങ്ങൾക്കും ക്ലബ്ബ് നന്ദി രേഖപ്പെടുത്തി.

സൂപ്പർ ലീഗ് കേരള സീസണിൽ മെച്ചപ്പെടാൻ ശ്രമിക്കുന്ന ഫോർസ കൊച്ചി പുതിയ പരിശീലകനെ അന്വേഷിക്കാൻ തീരുമാനിക്കുക ആയിരുന്നു. ആറിൽ ആറ് മത്സരങ്ങളും തോറ്റ് ലീഗ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഫോർസ കൊച്ചി ഇപ്പോൾ ഉള്ളത്.

കണ്ണൂര്‍ വാരിയേഴ്‌സിനെ തോല്‍പ്പിച്ച് തിരുവനന്തപുരം കൊമ്പന്‍സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ തോല്‍പ്പിച്ച് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. തിരുവനന്തപുരം കൊമ്പന്‍സിന് വേണ്ടി ബിസ്‌പോ രണ്ടും മുഹമ്മദ് ജാസിം ഒരു ഗോളും നേടി. കണ്ണൂരിന് വേണ്ടി അസിയര്‍ ഗോമസ് ആശ്വാസ ഗോള്‍ നേടി. നാല് ഗോളും നേടിയത് രണ്ടാം പകുതിയിലായിരുന്നു.

സീസണിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ ഹോം സ്‌റ്റേഡിയത്തില്‍ തോല്‍പ്പിച്ച കണ്ണൂര്‍ വാരിയേഴ്‌സിനെതിരെ ഇത് മധുര പ്രതികാരമായിരുന്നു. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കണ്ണൂര്‍ രണ്ടാം പകുതിയില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ നിന്ന് ഇരട്ടമാറ്റങ്ങളുമായി 3-4-3 എന്ന ഫോര്‍മേഷനിലേക്ക് മാറുകയായിരുന്നു. സീസണിലെ കണ്ണൂരിന്റെ ആദ്യ തോല്‍വിയാണിത്. അതോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനത്ത് തുടരും. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റ് നേടി കൊമ്പന്‍സ് അഞ്ചാമതാണ്.

വിജയത്തോടെ തിരുവനന്തപുരം കൊമ്പന്‍സ് സെമി സാധ്യത നിലനിര്‍ത്തി.
തൃശൂര്‍ മാജിക് എഫിസിക്കെതിരെ ഇറങ്ങിയ 3-4-3 എന്ന ഫോര്‍മേഷനില്‍ നിന്ന് 4-3-3 എന്ന ഫോര്‍മേഷനിലേക്ക് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മാറി. അഞ്ച് മാറ്റങ്ങളാണ് കണ്ണൂര്‍ വരുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ മുഹമ്മദ് സിനാന്‍, അവസരം ഒരുക്കിയ അഡ്രിയാന്‍ സര്‍ഡിനേറോ, അസിയര്‍ ഗോമസ്, സന്ദീപ്, ഷിബിന്‍ ഷാദ് എന്നിവര്‍ക്ക് പകരമായി സൈദ് മുഹമ്മദ് നിദാല്‍, സച്ചിന്‍ സുനില്‍, ആസിഫ് ഒ.എം, ഷിജിന്‍ ടി, അബ്ദുല്‍ കരീം സാംബ എന്നിവരെത്തി.

തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും മാറ്റങ്ങളുമായി ആണ് എത്തിയത്. 4-3-3 എന്ന ഫോര്‍മേഷനില്‍ ഏഴ് മാറ്റങ്ങളാണ് ഇലവനില്‍ വരുത്തിയത്. ഗോള്‍കീപ്പര്‍ ആര്യന്‍ ആഞ്ജനേയ, പ്രതിരോധ താരങ്ങളായ ഷാനിദ് വാളന്‍, കര്‍വാലോ ലിമ, മധ്യനിരതാരങ്ങളായ റോഹന്‍ സിംങ്, അറ്റാക്കിംങ് താരങ്ങളായ മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഷാഫി, പൗലോ വിക്ടര്‍ എന്നിവര്‍ക്ക് പകരമായി ഗോള്‍ കീപ്പര്‍ സത്യജിത്ത്, പ്രതിരോധ താരങ്ങളായ റോച്ച ഡി അറുജോ, അബ്ദുല്‍ ബാജിഷ്, മുഹമ്മദ് ഷരിഫ് ഖാന്‍ മധ്യനിരതാരങ്ങളായ രാഘവ് ഗുപ്ത, മുഹമ്മദ് ജാസിം, അറ്റാക്കിംങ് താരങ്ങളായ ഖാലിദ് റോഷന്‍, ഔറ്റമര്‍ ബിസ്‌പോ എന്നിവര്‍ ഇറങ്ങി.


മത്സരം ആരംഭിച്ച് മിനുട്ടുകള്‍ക്ക് അകം കണ്ണൂര്‍ വാരിയേഴ്‌സിന് അലസരം ലഭിച്ചു. .. മിനുട്ടില്‍ എബിന്‍ എടുത്ത കോര്‍ണര്‍ സെറ്റ് പീസ് മനോജിന് നല്‍കി. മനോജ് ഇടത് കാലുകൊണ്ട് ബോക്‌സിലേക്ക് കൃത്യമായി നല്‍കി. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ലാവ്‌സാംബ ചാടി ഹെഡ് ചെയ്‌തെങ്കിലും പോസിറ്റിനെ ചാരി പുറത്തേക്ക്. 5 ാം മിനുട്ടില്‍ അടുത്ത അവസരം.

തിരുവനന്തപുരം കൊമ്പന്‍സ് മധ്യനിരയില്‍ നിന്ന് തട്ടി എടുത്ത പന്ത് നിദാല്‍ ബോക്‌സിലേക്ക് കരീമിന് നല്‍കി. കരീം സ്വീകരിച്ച് പോസ്റ്റിലേക്ക് അടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 10 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന് ആദ്യ അവസരം. ഷരീഫ് എറിഞ്ഞ ലോങ് ത്രോ കണ്ണൂര്‍ ബോക്‌സില്‍ കൂട്ടപൊരിച്ചില്‍ നടന്നെങ്കിലും പന്ത് ക്ലിയര്‍ ചെയ്തു. 13 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന് ബോക്‌സിന് തൊട്ട് മുന്നില്‍ വെച്ച് ഫ്രീകിക്ക് ലഭിച്ചു. ബിസ്‌പോ അടിച്ചെങ്കിലും ബ്ലോക്കിന്റെ ദേഹത്ത് തട്ടി പുറത്തേക്ക്. 15 ാം മിനുട്ടില്‍ കണ്ണൂരിന് സുവര്‍ണാവസരം. മനോജ് ബോക്‌സിലേക്ക് നല്‍കിയ ലോ ക്രോസ് ഷിജിന്‍ ഇടത് കാലുകൊണ്ട് പോസ്്റ്റിലേക്ക് അടിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. അതോ മിനുട്ടില്‍ എബിന്‍ ദാസിന്റെ വക ബോക്‌സിന് പുറത്ത് നിന്ന് ഒരു ഉഗ്രന്‍ ലോങ് റൈഞ്ചര്‍. തിരുവനന്തപുരം കീപ്പര്‍ സത്യജിത്തിന്റെ ഉഗ്രന്‍ സേവ്. 35 ാം മിനുട്ടില്‍ റൊണാള്‍ഡിനെ ഫൗള്‍ ചെയ്തതിന് കണ്ണൂര്‍ വാരിയേഴ്‌സിന്റെ മനോജിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 41 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സ് കൗണ്ടര്‍ അറ്റാക്കിംങിലൂടെ ലഭിച്ച അവസരം മനോജ് ഇടത് വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ക്രോസ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം ഗോള്‍കീപ്പര്‍ വേഗത്തില്‍ കിക്ക് എടുക്കവേ ഫൗള്‍ ചെയ്തതിന് കണ്ണൂരിന്റെ നിദാലിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 45 ാം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച് കണ്ണൂരിന്റെ ആസിഫ് എതിര്‍മുഖത്തേക്ക് ഓടി കയറി ബോക്‌സിന് പുറത്ത് നിന്ന് ഒരു ലോങ് റൈഞ്ച് ഷോട്ട് അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. അധിക സമയത്തിന്റെ 48 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന്റെ ബിസ്‌പോയെ ഫൗള്‍ ചെയ്തതിന് കണ്ണൂരിന്റെ ലവ്‌സാംബക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.


രണ്ടാം പകുതിയില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍ നടത്തി. സച്ചിനും ഷിജിനും പകരം മുഹമ്മദ് സിനാനും ഷിബിന്‍ ഷാദുമെത്തി. 4-3-3 എന്ന ഫോര്‍മേഷനില്‍ നിന്ന് കണ്ണൂര്‍ 3-4-3 യിലേക്ക് മാറി. 47 ാം മിനുട്ടില്‍ തിരുവനന്തപുരം ലീഡ് നേടി. ബോക്‌സിലേക്ക് ഓടി കയറിയ ബിസ്‌പോ ആദ്യ അടിച്ച പന്ത് കണ്ണൂര്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്‌തെങ്കിലും റിട്ടേര്‍ണ്‍ പന്ത് മുഹമ്മദ് ജാസിം ഗോളാക്കി മാറ്റി. 52 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന്റെ മുഹമ്മദ് ജാസിം കോര്‍ണറില്‍ നിന്ന് വീണു കിട്ടിയ അവസരം ഉഗ്രന്‍ ഒരു ലോങ് റൈഞ്ചറിന് ശ്രമിച്ചു. കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദ് കൃത്യമായി തടഞ്ഞിട്ടു. 57 ാം മിനുട്ടില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍കൂടെ നടത്തി. അബ്ദു കരീമിനും നിദാലിനും പകരമായി അസിയര്‍ ഗോമസും അഡ്രിയാന്‍ സര്‍ഡിനേറോയും എത്തി. 62 ാം മിനുട്ടില്‍ എബിന്‍ ദാസ് ബോക്‌സിന് അകത്തേക്ക് നല്‍കിയ പന്ത് അഡ്രിയാന്‍ എടുക്കവേ തിരുവനന്തപുരം ഗോള്‍കീപ്പറിന്റെ ശരീരത്തില്‍ തട്ടി അഡ്രിയാന്‍ ബോക്‌സില്‍ വീണെങ്കിലും റഫറി ഫൗള്‍ വിളിച്ചില്ല. 66 ാം മിനുട്ടില്‍ തിരുവനന്തപുരം രണ്ട് മാറ്റങ്ങള്‍ നടത്തി. ഗോള്‍ നേടിയ മുഹമ്മദ് ജാസിമിനും ഖാലിദിനും പകരമായി അഷ്ഹറും മുഹമ്മദ് ഷാഫിയും എത്തി. 69 ാം മിനുട്ടില്‍ തിരുവനന്തപുരം രണ്ടാം ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കിലൂടെ ബോക്‌സിലേക്ക് സോളോ റണ്‍ നടത്തിയ റോണാള്‍ഡ് പോസ്റ്റിലേക്ക് ഷോട്ട് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്തു. തുടര്‍ന്ന് ലഭിച്ച അവസരം ഔട്ടമാര്‍ ബിസ്‌പോ ഗോളാക്കി മാറ്റി. 74 ാം മിനുട്ടില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ മുഹമ്മദ് ഷാഫിക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു. കണ്ണൂരിന്റെ മുഹമ്മദ് സിനാനെ ഫൗള്‍ ചെയ്തതിനാണ് കാര്‍ഡ് ലഭിച്ചത്. 77 ാം മിനുട്ടില്‍ കണ്ണൂരിന് ഗോളെന്ന് ഉറച്ച രണ്ട് അവസരം ലഭിച്ചു. അസിയര്‍ എടുത്ത് ഫ്രീകിക്ക് അഡ്രിയാന്‍ പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ് ചെയ്‌തെങ്കിലും കൊമ്പന്‍സ് കീപ്പര്‍ മനോഹരമായി തട്ടി അകറ്റി. തുടര്‍ന്ന് സാംബ് ബോക്‌സിലേക്ക് നല്‍കിയ പന്ത് അഡ്രിയാന്‍ ചെസ്റ്റില്‍ ഇറക്കി പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. തിരുവനന്തപുരം വിക്ടറിനെയും റോഹന്‍ സിംങിനേയും പകരക്കാരനായി ഇറക്കി. സമയം നഷ്ടപ്പെടുത്തിയതിന് തിരുവനന്തപുരത്തിന്റെ ബാദിഷിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 83 ാം മിനുട്ടില്‍ കൊമ്പന്‍സ് ബാദിഷിനെ പിന്‍വലിച്ച് ഷാനിദ് വാളനെ ഇറക്കി. 85 ാം മിനുട്ടില്‍ ബിസ്‌പോയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടത് വിങ്ങില്‍ നിന്ന് മുഹമ്മദ് ഷാഫി നല്‍കിയ പന്ത് സെകന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന ബിസ്‌പോ അനായാസം ഗോളാക്കി മാറ്റി.

ബിസ്‌പോയുടെ രണ്ടാം ഗോള്‍. 86 ാം മിനുട്ടില്‍ കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. കൊമ്പന്‍സ് താരങ്ങളുമായുള്ള വാക്ക് തര്‍ക്കത്തിനാണ് ചുവപ്പ് കാര്‍ഡ്. 98 ാം മിനുട്ടില്‍ അസിയര്‍ ഗോമസ് കണ്ണൂരിന് ആശ്വാസ ഗോള്‍ നേടി. ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.

നാടിന് മാതൃകയായി കണ്ണൂർ വാരിയേഴ്സ് ആരാധകരായ റെഡ് മറൈനേഴ്‌സ്

സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാതൃകയായിരിക്കുകയാണ്. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരത്തില്‍ ടീമിന് ആരാധക കൂട്ടായ്മ ഗ്രൗണ്ടില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. കണ്ണൂര്‍ വാരിയേഴ്‌സിന്റെ കൊടികളും ജേഴ്‌സികളും അണിഞ്ഞാണ് ആരാധകര്‍ എത്തിയത്. മത്സരത്തിന് ശേഷം എല്ലാവരും ആഘോഷങ്ങളുമായി സ്റ്റേഡിയം വിട്ടപ്പോള്‍ റെഡ് മറൈനേഴ്‌സ് സ്‌റ്റേഡിയത്തിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അവശേഷിച്ച മാലിന്യം നീക്കിയ ശേഷമാണ് അവര്‍ സ്‌റ്റേഡിയം വിട്ടത്. ആരാധകര്‍ ഇരിപ്പിടത്തിന് സമീപം അവശേഷിപ്പിച്ച കുപ്പികള്‍ ആഹരങ്ങളുടെ അവശിഷ്ടവും ഉള്‍പ്പെടെയുള്ളവയാണ് അവര്‍ നീക്കം ചെയ്തത്.


തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെയുള്ള ആദ്യ മത്സരത്തിലും സ്റ്റേഡിയത്തിലെ ഗാലറികള്‍ വൃത്തിയാക്കിയിരുന്നു. കുപ്പികളും പ്ലാസ്റ്റിക്കുമുള്‍പ്പെടെയുള്ളവായാണ് റെഡ് മറൈനേഴ്‌സ് ശേഖരിച്ചത്. സ്റ്റേഡിയത്തിലെ മാലിന്യങ്ങളെല്ലാം ശേഖരിച്ച് കവറിലാക്കി നിശ്ചിതസ്ഥലത്ത് നിക്ഷേപിച്ചാണ് അവര്‍ മടങ്ങിയത്. ഇത് മറ്റു ആരാധക കൂട്ടായ്മകള്‍ക്ക് മാതൃകയാണ്.
വളരെ കാലത്തിന് ശേഷം കണ്ണൂരിലേക്ക് മടങ്ങിയെത്തിയ ഫുട്‌ബോളിനെ നിലനിര്‍ത്തേണ്ട ആവശ്യം നമ്മുക്കാണ്. ഏറെ കാലത്തിന് ശേഷമാണ് ഈ സ്‌റ്റേഡിയം ദേശീയ മത്സരത്തിന് അനുയോജ്യമായ രീതിയിലേക്ക് എത്തിച്ചത്. വരുന്ന തലമുറക്കും ഈ സ്‌റ്റേഡിയവും സൗകര്യങ്ങളും ഉപയോഗിക്കാന്‍ സാധിക്കണം ഇതെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് റെഡ് മറൈനേഴ്‌സ് പറഞ്ഞു.

കണ്ണൂരിന് കിംസിന്റെ സമ്മാനം

വാരിയേഴ്‌സ് ഫോര്‍ വെല്‍നെസ്സ് എന്ന മുദ്യാവാക്യം ഉയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുമായി സഹകരിച്ചു കൊണ്ട് കണ്ണൂരിലെ സ്ത്രീകള്‍ക്ക് സൗജ്യമായി ബ്രസ്റ്റ് സ്‌ക്രീനിംങ് നല്‍ക്കുന്നു. നവംബര്‍ അഞ്ച് മുതല്‍ 31 വരെ കണ്ണൂര്‍ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ വാരിയേഴസ് വുമണ്‍ എന്ന കൂപ്പണ്‍ കോഡുമായി എത്തിയാല്‍ സൗജന്യമായി സ്‌ക്രീനിംങ് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747128137്

Exit mobile version