മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ വരുന്ന രണ്ടാം സീസണിൽ മുഹമ്മദ് റിസ്‌വാൻ മലപ്പുറത്തിന് വേണ്ടി ബൂട്ട് കെട്ടും. ഗോകുലം കേരളയിൽ നിന്നാണ് ഈ യുവ മുന്നേറ്റ താരത്തെ മലപ്പുറം എഫ്സി റാഞ്ചിയത്. 20 വയസ്സ് പ്രായം മാത്രമാണ് താരത്തിനുള്ളത്. കോഴിക്കോട് മുക്കം സ്വദേശിയാണ്. ഇരു വിംഗുകളിലും ഒരുപോലെ കളിക്കാൻ കഴിയുന്ന താരമാണ് റിസ്‌വാൻ. ഗോൾ അടിക്കുന്നതിലും മികച്ച പാസ്സുകൾ നൽകുന്നതിലും താരം മുന്നിട്ട് നിൽക്കുന്നു.

എഫ്സി അരീക്കോടിന്റെ യൂത്ത് ടീമിലൂടെയാണ് റിസ്‌വാൻ കരിയർ തുടങ്ങുന്നത്. പിന്നീട് അരിക്കോടിന് വേണ്ടി 2022-23 സീസൺ റിലയൻസ് ഡെവലപ്മെൻറ് ലീഗിലും 2023-24 സീസണിലെ കേരളാ പ്രീമിയർ ലീഗിലും താരം പന്ത് തട്ടി. 5 ഗോളുകളും നേടിയിട്ടുണ്ട്. ഇരു ലീഗുകളിലും നടത്തിയ മികച്ച പ്രകടനം കണ്ട് റിസ്‌വാനെയന്ന് ഗോകുലം കേരള സ്വന്തമാക്കുകയായിരുന്നു. ഗോകുലത്തിന് വേണ്ടി 2024-25 സീസണിലെ ഡെവലപ്മെൻറ് ലീഗിലും കേരളാ പ്രീമിയർ ലീഗിലും താരം കളിച്ചു.4 ഗോളുകളും നേടി.
കൂടാതെ ഗോവൻ ഫസ്റ്റ് ഡിവിഷൻ ടീമായ സ്പോർട്ടിംഗ് ക്ലബ് ക്യാൻഡോലിമിനും ബൂട്ടണിഞിട്ടുണ്ട്. 2023ൽ നടന്ന അണ്ടർ-20 യൂത്ത് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീമംഗം കുടിയായിരുന്നു. സംസ്ഥാന സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് വേണ്ടിയും ഈ താരം കളിച്ചിട്ടുണ്ട്. സ്കൗട്ടിംഗ് ഡയറക്ട്ടർ അനസ് എടത്തൊടികയുടെ നേതൃത്വത്തിൽ ഇത്തവണ മികച്ച സ്ക്വാഡിനെ തന്നെയാണ് മലപ്പുറം ഒരുക്കുന്നത്.