മലപ്പുറം: സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) തിരുവനന്തപുരത്തിന്റെ യുവതാരം സച്ചിൻ ദേവിനെ സൈൻ ചെയ്ത് മലപ്പുറം എഫ്സി. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയാണ് ഈ കൗമാരതാരം. ആദ്യമായി സൂപ്പർ ലീഗ് കേരളയിൽ പന്ത് തട്ടാനൊരുങ്ങുന്നതിൻറെ ആവേശത്തിലും സന്തോഷത്തിലുമാണ് സച്ചിൻ. വെറും 19 വയസ്സ് പ്രായം മാത്രമെ താരത്തിനൊള്ളു. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നന്നായി കഠിനാധ്വാനം ചെയ്യുന്ന കളിക്കാരൻ കൂടിയാണ് സച്ചിൻ.

നടുവണ്ണൂർ സ്കോർലൈൻ സ്പോർട്സ് അക്കാദമിയിലൂടെയാണ് സച്ചിൻ കളിച്ചു വളർന്നത്. പിന്നീട് ട്രയൽസിലൂടെ സായിയിൽ സെലക്ഷൻ നേടി. സായിക്കു വേണ്ടി സ്വാമി വിവേകാനന്ദ അണ്ടർ-20 നാഷണൽ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. ടീം സായ് അന്ന് മൂന്നാം സ്ഥാനം നേടുകയും ചെയ്തു. തുടർന്ന് സച്ചിന് ഇന്ത്യയുടെ അണ്ടർ – 20 ക്യാംപിൽ സെലക്ഷൻ കിട്ടി. കൂടാതെ 2023 സീസൺ കേരള പ്രീമിയർ ലീഗിലും 2023-24 സീസൺ ഡെവലപ്മെന്റ് ലീഗിലും താരം സായിക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
2022ൽ നടന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലക്ക് വേണ്ടിയും കഴിഞ്ഞ വർഷം നടന്ന ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. കോഴിക്കോടന്ന് മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഇത്തവണ സൂപ്പർ ലീഗ് കേരളയിൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മലപ്പുറം ഒരുപിടി മികച്ച യുവതാരങ്ങളെയാണ് ടീമിലെത്തിച്ചിട്ടുള്ളത്. നിലവിൽ ടീമിന്റെ ശരാശരി പ്രായം വെറും 27 ആണ്.