പ്രതിരോധം കാക്കാൻ പുതിയ വിദേശതാരം-സീകർ ഒസെരിൻജോറെഗിയെ സൈൻ ചെയ്ത് മലപ്പുറം എഫ്സി

Newsroom

Picsart 25 10 31 09 17 10 464

മലപ്പുറം: സുപ്പർ ലീഗ് കേരളയിലെ ഇനി വരാൻ പോകുന്ന മത്സരങ്ങൾക്ക് മുന്നോടിയായി പ്രതിരോധം കൂടുതൽ ശക്തമാക്കി മലപ്പുറം ഫുട്ബോൾ ക്ലബ്.സ്പാനിഷ് സെന്റർ ബാക്ക് താരം സീകർ ഒസെരിൻജോറെഗിയെയാണ് പുതിയതായി എംഎഫ്സി ടീമിലെത്തിച്ചിരിക്കുന്നത്. 28 വയസ്സു പ്രായമുള്ള ഈ പ്രതിരോധ താരം സ്പെയിനിലെ നിരവധി ക്ലബുകൾക്കായി പന്ത് തട്ടിയിട്ടുണ്ട്. സ്പാനിഷ് ലീഗുകളിൽ പ്രതിരോധ നിരയിലെ തന്റെ മികച്ച പ്രകടനങ്ങളും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തുമുള്ള സീകർ കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന മലപ്പുറത്തിനൊരു മുതൽക്കൂട്ടാകും.

സീകർ ഒരു മുൻ സ്പാനിഷ് യൂത്ത് ഇന്റർനാഷണൽ കൂടിയാണ്.അണ്ടർ-16 മുതൽ അണ്ടർ-19 വരെയുള്ള എല്ലാ തലങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.2015ൽ പോർച്ചുഗൽ, കോസ്റ്റാറിക്ക, കാനറി ദ്വീപ്‌സ് എന്നിവയെ പരാജയപ്പെടുത്തി അറ്റ്ലാന്റിക് കപ്പ് നേടിയ സ്പെയിൻ അണ്ടർ-18 ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം.സ്പെയിന് പുറത്ത് വേറൊരു ലീഗിൽ ഇതാദ്യമായാണ് സീകർ കളിക്കാൻ എത്തുന്നത്. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബായ സോം മാരെസ്മെ എഫ്‌സിയിൽ നിന്നാണ് താരം മലപ്പുറം എഫ്സിയിലേക്കെത്തുന്നത്. 41-ഓളം മത്സരങ്ങളിൽ സോം മാരെസ്മെക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.

2007ൽ അത്‌ലറ്റിക് ബിൽബാവോയുടെ അക്കാദമിയിലുടെയാണ് സീകർ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. പിന്നീട് ബിൽബാവോയുടെ തന്നെ യൂത്ത്, റിസർവ് ടീമുകളിലൂടെ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിലെക്കെത്തി. തുടർന്ന് സെഗുണ്ട ഡിവിഷൻ ബി ക്ലബ്ബുകളായ ടോളിഡോ, പെന സ്പോർട്, റയൽ സോസിഡാഡ്, കോർണെല്ല, റയൽ ബെറ്റിസ്, സബാഡെൽ, എബ്രോ, ലോഗ്രോണസ് ,അമോറെബിയേറ്റ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായും താരം കളിച്ചിട്ടുണ്ട്. മലപ്പുറം എഫ്സിയുടേത് ഒരു സ്പാനിഷ് പരിശീലകനായത് കൊണ്ട് തന്നെ സീകറിന് ടീമിന്റെ തന്ത്രങ്ങളുമായി പെട്ടന്ന് ഇണങ്ങാൻ കഴിയും.